|    Jun 21 Thu, 2018 6:34 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആസൂത്രണവും കാര്യക്ഷമതയും ഇല്ലാത്തതിനാല്‍ പദ്ധതികള്‍ വൈകുന്നു ; പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ വിമര്‍ശനം

Published : 1st October 2017 | Posted By: fsq

 

തിരുവനന്തപുരം: പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്റെ രൂക്ഷവിമര്‍ശനം. ആസൂത്രണവും കാര്യക്ഷമതയും ഇല്ലാത്തതാണ് പദ്ധതികള്‍ വൈകാന്‍ കാരണമെന്ന് അദ്ദേഹം വിമര്‍ശിച്ചു. രണ്ടാം എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ് കേരള യൂനിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.മരാമത്ത് ജോലികള്‍ തുടങ്ങുന്നതിനു മുമ്പ് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണം. ഇപ്പോള്‍ അക്കാര്യത്തില്‍ പോരായ്മയുണ്ട്. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാതെ പണം വാങ്ങി നഷ്ടമാക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ചുള്ള നിര്‍മാണത്തിനു പണം വന്നാലും തയ്യാറെടുപ്പ് തുടങ്ങില്ല. ഇത് ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിനെ സേവിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ ശമ്പളം കിട്ടുന്നുണ്ടെങ്കിലും ചിലര്‍ തൃപ്തരല്ല. ചില ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക ആര്‍ത്തിയാണ്. കേരളത്തില്‍ മേലേത്തട്ടില്‍ അഴിമതി കുറഞ്ഞിട്ടുണ്ട്. റോഡ് തകരുന്നതിനു മഴയെ മാത്രം കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. അറ്റകുറ്റപ്പണിയും നിര്‍മാണം നടത്തിയ കരാറുകാരുടെ ബാധ്യതയാക്കണം.അഴിമതിമുക്തവും കാര്യക്ഷമവുമായിരിക്കണം വകുപ്പുകളുടെ പ്രവര്‍ത്തനമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. തെറ്റായ ശീലങ്ങളില്‍ അടിപ്പെട്ടവര്‍ സര്‍വീസിലുണ്ട് എന്നതു പരസ്യമായ രഹസ്യമാണ്. ഒരു ഉദ്യോഗസ്ഥനും അഴിമതി നടത്തി രക്ഷപ്പെടാമെന്നു കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കാര്യക്ഷമതയുള്ള വലിയവിഭാഗം സാങ്കേതിക വിദഗ്ധരുള്ള വകുപ്പാണ് പൊതുമരാമത്ത്. എന്നാല്‍, കാര്യക്ഷമത പ്രയോഗത്തില്‍ വരുത്തുന്നതില്‍ ചില കുറവുകള്‍ വന്നതിന്റെ ഭാഗമായി വളരെയധികം പഴികേട്ടിരുന്നു. ഇപ്പോള്‍ അതിനു മാറ്റം വന്നുകൊണ്ടിരിക്കുന്നുവെന്നത് ശുഭകരമായ കാര്യമാണ്.എന്നാല്‍, നിര്‍മാണക്കാലാവധിക്കു മുമ്പുതന്നെ പൂര്‍ത്തീകരിച്ച ഏനാത്ത് പാലം, പന്തളം പാലം എന്നിവ വകുപ്പിലെ ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയുടെ പ്രതീകമാണ്. എന്നാല്‍, നബാര്‍ഡ് ഉള്‍പ്പെടെ സര്‍ക്കാരിനു പുറത്തുനിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് ഏറ്റെടുക്കുന്ന പ്രവൃത്തികളില്‍ പലതും സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നില്ലെന്നത് വസ്തുതാപരമായി വിലയിരുത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു.  കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ ബെസ്റ്റ് എന്‍ജിനീയര്‍ അവാര്‍ഡും പ്രത്യേക അവാര്‍ഡുകളും ഉള്‍പ്പെടെ 18 എന്‍ജിനീയര്‍മാര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. അതേസമയം, ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സമയോചിത നടപടി സ്വീകരിക്കാന്‍ എന്‍ജിനീയര്‍മാര്‍ തയ്യാറാവണമെന്നു മന്ത്രി ജി സുധാകരന്‍. രണ്ടാം എന്‍ജിനീയേഴ്‌സ് കോണ്‍ഗ്രസ്സില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളുടെ അസുഖമെന്ന പേരില്‍ തെറ്റായ രീതിയില്‍ സ്ഥലംമാറ്റത്തിന് അപേക്ഷ നല്‍കുന്നതു പ്രോല്‍സാഹിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിരഹിതമായ സര്‍വീസ് സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നു യോഗത്തില്‍ മുഖ്യാതിഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. സുബ്രതോ ബിശ്വാസ്, കെഎസ്ടിപി പ്രൊജക്ട് ഡയറക്ടര്‍ അജിത് പാട്ടീല്‍, നിരത്തുകളും പാലങ്ങളും ചീഫ് എന്‍ജിനീയര്‍ എം എന്‍ ജീവരാജ് സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss