|    Jul 25 Tue, 2017 10:24 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആസൂത്രണബോര്‍ഡ് പുനസ്സംഘടിപ്പിച്ചു: മുഖ്യമന്ത്രി ചെയര്‍മാന്‍; ഡോ. വി കെ രാമചന്ദ്രന്‍ വൈസ് ചെയര്‍മാന്‍

Published : 11th August 2016 | Posted By: SMR

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയര്‍മാനായി സംസ്ഥാന ആസൂത്രണബോര്‍ഡ് പുനസ്സംഘടിപ്പിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഡോ. വി കെ രാമചന്ദ്രനാണ് വൈസ് ചെയര്‍മാന്‍. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ടി എം തോമസ് ഐസക് എന്നിവര്‍ അംഗങ്ങളായിരിക്കും.
അനൗദ്യോഗിക അംഗങ്ങളായി മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ ഡോ. ടി ജയരാമന്‍, പ്രഫ. ആര്‍ രാമകുമാര്‍, ഡല്‍ഹി ഐഐടിയിലെ ഡോ. ജയന്‍ ജോസ് തോമസ്, തിരുവനന്തപുരം സിഡിഎസിലെ കെ എന്‍ ഹരിലാല്‍, കേരള സര്‍വകലാശാലാ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ബി ഇഖ്ബാല്‍, ഡല്‍ഹി നെഹ്‌റു മെമ്മോറിയല്‍ നാഷനല്‍ മ്യൂസിയം സീനിയര്‍ ഫെലോ ഡോ. കെ രവിരാമന്‍, സിഡിഎസ് ഓണററി ഫെലോ ഡോ. മൃദുല്‍ ഈപ്പന്‍ എന്നിവരെ നിയമിച്ചു. ആസൂത്രണബോര്‍ഡ് വൈസ് ചെയര്‍മാനായി ഡോ. വി കെ രാമചന്ദ്രനെ നേരത്തെ നിയമിച്ചിരുന്നു. ചീഫ് സെക്രട്ടറിയും ധനകാര്യ അഡീഷനല്‍ ചീഫ് സെക്രട്ടറിയും സ്ഥിരം ക്ഷണിതാക്കളാണ്. ആസൂത്രണ സെക്രട്ടറി മെംബര്‍ സെക്രട്ടറിയാവും. മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണു തീരുമാനം അറിയിച്ചത്.
ഡോ. കെ എന്‍ ഹരിലാലും ഡോ. മൃദുല്‍ ഈപ്പനും വിഎസ് സര്‍ക്കാരിന്റെ കാലത്തും ഡോ. ബി ഇഖ്ബാല്‍ 1996ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്തും ആസൂത്രണ ബോര്‍ഡില്‍ അംഗങ്ങളായിരുന്നു. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ പ്രഫസറായ ഹരിലാല്‍  സാമ്പത്തികവിദഗ്ധനും പ്ലാനിങ് കണ്‍സള്‍ട്ടന്റുമാണ്. ഇവിടെ ഓണററി ഫെലോ ആയ ഡോ. മൃദുല്‍ ഈപ്പന്‍ മുന്‍ കേന്ദ്ര ആസൂത്രണ കമ്മീഷന്‍ നിയോഗിച്ച വര്‍ക്കിങ് ഗ്രൂപ്പ് ഒാഫ് ഫെമിനിസ്റ്റ്‌സ് എക്കണോമിസ്റ്റ്‌സില്‍ അംഗമാണ്. സെന്റര്‍ ഫോര്‍ ക്ലൈമറ്റ് ചേഞ്ച് ആന്റ് സസ്‌റ്റെയ്‌നബിലിറ്റി സ്റ്റഡീസ് ചെയര്‍പേഴ്‌സനാണ്  ഡോ. ജയരാമന്‍.
പ്രഫ. രാമകുമാര്‍ സ്‌കൂള്‍ ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ ഡീനാണ്.  ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയില്‍ അസി.പ്രഫസറാണ്  ഡോ. ജയന്‍ ജോസ് തോമസ്. പൊതുജനാരോഗ്യപ്രവര്‍ത്തകനും ന്യൂറോ സര്‍ജനുമായ ഡോ. ബി ഇഖ്ബാല്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തില്‍ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക