|    Apr 30 Sun, 2017 10:08 pm
FLASH NEWS

ആസുര കാലത്തെ യാദവ കലാപം

Published : 25th October 2016 | Posted By: G.A.G

imthihan-SMALL
കുരുവംശത്തിന്റെ സമ്പൂര്‍ണനാശത്തിനിടയാക്കിയ ഭാരതയുദ്ധത്തിന് തിരശ്ശീല വീണപ്പോള്‍ യുദ്ധത്തിന് യഥാര്‍ത്ഥ കാരണക്കാരനായ കൃഷ്ണനെ ധൃതരാഷ്ട്രപത്‌നിയും ദുര്യോധനമാതാവുമായ ഗാന്ധാരി ശപിച്ചു. യദുകുലജാതനായ കൃഷ്ണനും സമാനമായ അനുഭവമുണ്ടാകട്ടെ എന്ന ഗാന്ധാരീ ശാപമാണ് യാദവവംശത്തിന്റെ നാശത്തിനും കൃഷ്ണന്റെ തന്നെ നിര്‍വാണത്തിനും കാരണമായതെന്നാണ് ഐതിഹ്യം. കൃഷ്ണനുപോലും തടുക്കാനാവാതിരുന്ന മഹാപതിവ്രതയായ ഗാന്ധാരിയുടെ ശാപം യാദവന്‍മാരുടെ പിന്‍തലമുറകളേയും വേട്ടയാടിക്കൊണ്ടിരിക്കുകയാണോ എന്ന് സംശയിക്കത്തക്ക വിധത്തിലാണ് ഉത്തരപ്രദേശത്തുനിന്നുളള വാര്‍ത്തകള്‍.
രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശ് നിയമസഭാതിരഞ്ഞെടുപ്പിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന നിര്‍ണായക വേളയില്‍ ഭരണകക്ഷിയായ സമാജ്‌വാദി പാര്‍ട്ടി(എസ് പി) രൂക്ഷമായ ആഭ്യന്തര കലഹം കൊണ്ട് നട്ടം തിരിയുകയാണ്. ദീര്‍ഘകാലമായി സംസ്ഥാന ഭരണത്തില്‍ നിന്ന് അകറ്റപ്പെട്ട ബിജെപി കേന്ദ്രഭരണത്തിന്റെ അനുകൂല സാഹചര്യമുപയോഗപ്പെടുത്തി ഏതുവിധേനയും അധികാരം തിരിച്ചുപിടിക്കാന്‍ കിണഞ്ഞുപരിശ്രമിച്ചു കൊണ്ടിരിക്കുമ്പോഴാണ് മതേതരചേരിയെ കടുത്ത ആശങ്കയിലാക്കികൊണ്ട് യാദവന്‍മാരുടെ മൂപ്പിളമതര്‍ക്കം.

രാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ ഇന്ദിരാവിരുദ്ധ വികാരം ഇന്ധനമാക്കികൊണ്ട് വളര്‍ന്നുവന്ന ജനതാപരിവാര്‍ ഒരു ഘട്ടം പിന്നിട്ടപ്പോള്‍ വ്യക്തി താല്‍പര്യങ്ങളിലും മൂപ്പിളമ തര്‍ക്കങ്ങളിലും പെട്ട് വ്യക്തി/കുടുംബ കേന്ദ്രീകൃത പാര്‍ട്ടികളായി പിളര്‍ന്നു പിളര്‍ന്നു രൂപാന്തരം സംഭവിക്കുന്നതിനിടെ രൂപം കൊണ്ട വിവിധ പാര്‍ട്ടികളിലൊന്നാണ് മുലായം സിങ് യാദവ് നേതൃത്വം നല്‍കുന്ന സമാജ്‌വാദിപാര്‍ട്ടി. രാമജന്മഭൂമി പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് സംഘ്പരിവാര്‍ കടുത്ത വര്‍ഗീയധ്രുവീകരണവും വര്‍ഗീയ കലാപങ്ങളും അഴിച്ചുവിട്ടുകൊണ്ടിരുന്ന വേളയില്‍ മതേതരനിലപാട് ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ മനസുകളില്‍ ഇടം നേടിയ മുലായം ജാതികാര്‍ഡുകള്‍ കൂടി ഫലപ്രദമായി ഉപയോഗപ്പെടുത്തിയതോടെ ചുരുങ്ങിയ കാലയളവിനുളളില്‍ ഉത്തര ദേശത്തെ ശക്തമായ രാഷ്ട്രീയ കേന്ദ്രമായി മാറി.
ഉത്തര്‍ പ്രദേശിലെ  തന്റെ സ്വാധീനം നിലനിര്‍ത്തികൊണ്ട് തന്നെ ദേശീയരാഷ്ട്രീയത്തില്‍ കൂടി ഒരു സ്വാധീനമുറപ്പിക്കാനാണ് മകനെ സംസ്ഥാനത്ത് പിന്‍ഗാമിയാക്കി വാഴിക്കുന്നത്. എന്നാല്‍ രാജ്യത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് സ്ഥാനമേറ്റ് അധികം കഴിയുന്നതിനു മുമ്പുതന്നെ  യുവത്വത്തിന്റെ ചുറുചുറുക്കും ആധുനിക വിദ്യാഭ്യാസത്തിന്റെയും സാങ്കേതികവിദ്യയുടെയും കാര്യക്ഷമതയും സമം ചേര്‍ത്ത്  ജനമനസ്സുകള്‍ കീഴടക്കാന്‍ തുടങ്ങിയതോടെ  മുലായത്തിനെ പെരുന്തച്ചന്‍ കോംപ്ലക്‌സ് പിടികൂടിയെന്നു പറഞ്ഞാല്‍ മതിയല്ലോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് കരുത്തുറ്റ മതേതരബദല്‍ മുന്നണി രൂപീകരിക്കുന്നതിന് മുലായത്തിന്റെയും നിതീഷ്‌കുമാറിന്റെയുമൊക്കെ പ്രധാനമന്ത്രിമോഹങ്ങള്‍ തടസ്സമായതിനാല്‍ മോഡി പ്രഭാവത്തില്‍ പെട്ട് മതേതര പാര്‍ട്ടികള്‍  അമ്പേ പരാജയപ്പെടുക കൂടി ചെയ്തതോടെ ഇന്ദ്രപ്രസ്ഥത്തില്‍ കാര്യമായ ഏര്‍പ്പാടുകളൊന്നുമില്ലാത്ത  മുലായത്തിന്റെ പൂര്‍ണശ്രദ്ധയും സംസ്ഥാനരാഷ്ട്രീയത്തിലേക്കു തന്നെ തിരിച്ചുവന്നെങ്കിലും പാര്‍ട്ടിയില്‍ തന്നോളം വളര്‍ന്ന മകന്‍ പിതാവിന്റെ അഭീഷ്ടങ്ങള്‍ക്ക് പൂര്‍ണമായും വഴങ്ങാത്തത് പാര്‍ട്ടിയിലെ അരമനകലാപമായി വളരാന്‍ അധികസമയം വേണ്ടിവന്നില്ല.
അതിനിടെ ഹിന്ദുത്വ വര്‍ഗീയ ശക്തികള്‍ അഴിഞ്ഞാടിയ മുസഫര്‍നഗര്‍ കലാപത്തോട് മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകള്‍ സമാജവാദിപാര്‍ട്ടിയുടെ എക്കാലത്തേയും പിന്‍ബലമായിരുന്ന മുസലിം ന്യൂനപക്ഷത്തെ പാര്‍ട്ടിയില്‍ നിന്നകറ്റുകയും ചെയ്തു.സംഭവം  മുഖ്യമന്ത്രിയുടെ പ്രതിഛായക്ക് കാര്യമായ മങ്ങലേല്‍പിച്ചത് മുലായത്തിന്കൂടുതല്‍ സൗകര്യമാവുമായി.
അഖിലേഷ് യാദവിന്റെ കണ്ണിലെകരടായ അമര്‍സിങിനെ മുലായം പാര്‍ട്ടിയുടെ ദേശീയജനറല്‍സെക്രട്ടറി ആയി തിരഞ്ഞെടുത്തതോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിക്കുന്നത്.
കഴിഞ്ഞ മാസം പാര്‍ട്ടി എം പിയും   അഖിലേഷ് യാദവിന്റെ ഉറ്റ അനുയായിയുമായ രാം ഗോപാല്‍ യാദവിനെ ദേശീയ അധ്യക്ഷന്‍ മുലായം സിംഗ് പുറത്താക്കിയപ്പോള്‍ മുലായത്തിന്റെ സഹോദരനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ ശിവ്പാല്‍ യാദവ് ഉള്‍പ്പെടെ മുലായം അനുകൂലികളായ നാലു മന്ത്രിമാരെ തന്റെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയാണ് അഖിലേഷ് പകരം വീട്ടിയത്. ഇതോടെ  കലഹം അതിന്റെ മൂര്‍ധന്യതയിലെത്തിയിരിക്കുകയാണ്.അഖിലേഷ് യാദവ് സ്വന്തമായി പാര്‍ട്ടി രൂപീകരിക്കുമെന്നു കരുതുന്നവരും നിരവധിയാണ്.
സമാജ്‌വാദി പാര്‍ട്ടിയിലെ കലഹം സ്വാഭാവികമായും ബിജെപിയെതന്നെയായിരിക്കും കൂടുതല്‍ സന്തോഷിപ്പിക്കാന്‍ സാധ്യത. പാക്അധീന കാശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ മിന്നലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയവികാരവും പാക്‌വിരുദ്ധവികാരവും പരമാവധി ഉദ്ദീപിപ്പിച്ച് തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്ന ബിജെപിക്ക് ഭരണകക്ഷിയിലെ ആഭ്യന്തരകലഹം വീണുകിട്ടിയ നിധി തന്നെയാണ്. എന്നാല്‍ ഗുജറാത്തിലെ ഉനയില്‍ നിന്നു പൊട്ടിപ്പുറപ്പെട്ട് രാജ്യമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ബിജെപി വിരുദ്ധ ദലിത് വികാരം ബി എസ് പി ഒരു പ്രബല കക്ഷിയായ സംസ്ഥാനത്ത് ഈ അനുകൂല സാഹചര്യത്തിനു തടസ്സം നില്‍ക്കുന്നുണ്ട് എന്നതാണൊരാശ്വാസം. ബി ജെ പിയിലെ ഒരു വിഭാഗം മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയിരുന്ന മനേകാപുത്രന്‍ വരുണ്‍ ഗാന്ധി ‘തേനീച്ചക്കൂട്ടില്‍’ പെട്ടതും യുദ്ധവികാരം മുതലെടുക്കാന്‍ ശ്രമിക്കുന്ന ബി ജെപിക്ക് ക്ഷീണമാണ്. ബീഹാര്‍ തിരഞ്ഞെടുപ്പ് വേളയില്‍ ബിജെപിയെ തറപറ്റിക്കാന്‍ നിതീഷ്‌കുമാറിന്റെ നേതൃത്വത്തില്‍ മതേതരമുന്നണിയുണ്ടാക്കിയപ്പോള്‍ മുലായം വേറിട്ടു നിന്നത് മുതല്‍ മതേതരസംരക്ഷണത്തിന് മുലായത്തില്‍ നിന്നു വല്ലാതൊന്നും പ്രതീക്ഷിക്കേണ്ടെന്നു കരുതുന്നവരുമുണ്ട്. മുലായത്തിനെ കൈയ്യൊഴിഞ്ഞ് വരുന്ന അഖിലേഷില്‍ നിന്നും മായാവതി ഉള്‍പ്പെടെയുളളവരുമായി  അത്തരമൊരു സഹകരണം പ്രതീക്ഷിക്കുന്ന നിരീക്ഷകരും കുറവല്ല.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day