|    Jan 19 Thu, 2017 10:36 pm
FLASH NEWS

ആസിഫ് അലിയുടെ വീടിനു നേരെയുള്ള ആക്രമണം ആസൂത്രിതം

Published : 23rd February 2016 | Posted By: swapna en

സ്വന്തംപ്രതിനിധി

തൊടുപുഴ: സിനിമാതാരം ആസിഫ് അലിയുടെ പിതാവും സിപിഎം നേതാവുമായ എം പി ഷൗക്കത്തലിയുടെ വീടിനു നേരെ നടന്ന ആക്രമണം ആസൂത്രിതമെന്ന് തെളിയുന്നു.ഡിവൈഎഫ്‌ഐ മേഖലാ നേതാക്കള്‍ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു ഇതെന്നു പോലിസ് പറഞ്ഞു. ഇക്കഴിഞ്ഞ ദിവസം മുട്ട വ്യാപാരിയുടെ 4.32 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ സിപിഎം അനുഭാവികള്‍ പിടിയിലായതോടെയാണ് സിപിഎം പ്രാദേശിക നേതാക്കളുടെ ഒത്താശയോടെ നടപ്പിലാക്കിയ അക്രമണക്കഥയുടെ പിന്നാമ്പുറം വെളിപ്പെടുന്നത്. ഒടുവില്‍ വീടാക്രമണക്കേസില്‍ നാലു സിപിഎമ്മുകാര്‍ അറസ്റ്റിലുമായി.ഉണ്ടപ്ലാവ് കളത്തിങ്കല്‍ അജാദ് എന്നു വിളിക്കുന്ന നിഷാദ്(26), ഉണ്ടപ്ലാവ് ആറ്റുപുറത്ത് ജലീല്‍ മൊയ്തീന്‍(22),ഡിവൈഎഫ്‌ഐ യൂനിറ്റ് പ്രസിഡന്റ് കാരിക്കോട് ഉള്ളാടന്‍പറമ്പില്‍ മജിഷ് (22),സിപിഎം അനുഭാവി കാരിക്കോട് താഴെത്തൊട്ടിയില്‍ വടിവാള്‍ വിഷ്ണു(20) എന്നിവരാണ് പിടിയിലായത്.ഇവരെ രാത്രി വൈകി കോടതിയില്‍ ഹാജരാക്കി.കഴിഞ്ഞ ജനുവരി മൂന്നിനാണ് നഗരസഭ 16ാം വാര്‍ഡ് സഭാ യോഗത്തില്‍ മുസ്‌ലിംലീഗ് വാര്‍ഡ് കൗണ്‍സിലറായ ടി കെ അനില്‍കുമാറിനെ സിപിഎം -ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉടുതുണി ഉരിഞ്ഞു മര്‍ദ്ദിച്ചത്. പട്ടികജാതി വിഭാഗം അംഗമായ ഈ കൗണ്‍സിലറെ മര്‍ദ്ദിച്ചത് വാര്‍ത്തയും  വിവാദവുമായി. ഈ സംഭവത്തിന്റെ തുടര്‍ച്ചയായാണ് എം പി ഷൗക്കത്തലിയുടെ ഉണ്ടപ്ലാവിലെ വീടിന് നേരെ രാത്രിയില്‍ കല്ലേറുണ്ടയത്. ഇതിനു പിന്നില്‍ മുസ്‌ലിംലീഗാണെന്നു സിപിഎം അരോപിച്ചതോടെ പ്രശ്‌നം സങ്കീര്‍ണമായി. കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള ഉന്നത നേതാക്കള്‍ ആസിഫ് അലിയുടെ വീട് സന്ദര്‍ശിച്ചിരുന്നു.എന്നാല്‍ കൗണ്‍സിലറുടെ മുണ്ടുരിഞ്ഞ പ്രശ്‌നം പാര്‍ട്ടി പ്രതിഛായയെ മോശമായി ബാധിച്ചതിനെ തുടര്‍ന്ന് ഡിവൈഎഫ്‌ഐ  ഉണ്ടപ്ലാവ് ജോയിന്റ് സെക്രട്ടറിയും കൗണ്‍സിലറുടെ മുണ്ടുരിയല്‍ കേസില്‍ രണ്ടാം പ്രതിയുമായ നിഷാദിന്റെ നേതൃത്വത്തില്‍ നടത്തിയ ഗുഢാലോചനയായിരുന്നു ഷൗക്കത്തലിയുടെ വീടാക്രമണം.സിപിഎം അനുഭാവികളുമായ വിഷ്ണു, ജലില്‍, മജിഷ് എന്നിവരുടെ നേതൃത്വത്തില്‍ ബൈക്കിലെത്തിയ സംഘം ആദ്യം ഷൗക്കത്തലിയുടെ വീടിന്റെ പുറത്ത് നിന്നു കല്ലെറിഞ്ഞു. ജനലില്‍ കൊള്ളാഞ്ഞതിനെ തുടര്‍ന്ന് വീടിന്റെ കോംപൗണ്ടില്‍ കയറി വീണ്ടും എറിഞ്ഞു. ചില്ല് തകര്‍ത്ത ശേഷം സംഘം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.ഈ കുറ്റം  ലീഗിന്റെ തലയില്‍ കെട്ടിവെച്ച് മുണ്ടുരിയല്‍-കല്ലേറു കേസുകള്‍ ഒത്തുതീര്‍ക്കാന്‍ വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്.സംഭവത്തില്‍ പരാതിക്കാരനായ സിപിഎം നേതാവ്  എം പി ഷൗക്കത്തലിയെ തൊടുപുഴ പോലിസ് സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ഉണ്ടായ സംഗതികള്‍ ധരിപ്പിച്ചു. കുറ്റവാളികള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നായിരുന്നു ഷൗക്കത്തലിയുടെ നിലപാടെന്ന് പോലിസ് പറഞ്ഞു. കോഴിമുട്ട വ്യാപാരിയുടെ പണം കവര്‍ന്ന കേസില്‍ നടന്ന അന്വേഷണമാണ് വിവാദ വീടാക്രമണക്കേസിലെ പ്രതികളെ കുടുക്കാന്‍ സഹായിച്ചത്.തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ പോലിസ്,തൊടുപുഴ എഎസ്‌ഐ വി എം ജോസ്,സിവില്‍ പോലിസ് ഓഫിസര്‍ ഷാനവാസ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഷൗക്കത്തലിയുടെ വീടിനു നേരെ നടന്ന ആക്രമണം സിപിഎം നേതൃത്വം അറിഞ്ഞിരുന്നതായി പോലിസിനു നേരത്തേ സൂചന ലഭിച്ചിരുന്നു.സംഭവ ദിവസം ആസിഫ് അലിയുടെ സഹോദരന്‍ അസ്ഗര്‍ അലിയും ഒരു സുഹൃത്തും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ ചികില്‍സയിലുള്ള ഭാര്യ മോളിക്കൊപ്പമായിരുന്നു ഈ സമയം ഷൗക്കത്തലി. ഈ ദിവസങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ ആരെക്കെ തമ്മില്‍ ആശയവിനിമയം നടത്തിയിട്ടുണ്ടെന്നു സൈബര്‍ പോലിസ് അന്വേഷണം നടത്തി വരികയാണ്. പിടിയിലായവരുടെ ഫോണ്‍ കോളുകളും സൈബര്‍ സെല്‍ പരിശോധനയക്ക് വിധേയമാക്കുമെന്നും പോലിസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 157 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക