|    Oct 22 Mon, 2018 8:46 am
FLASH NEWS
Home   >  News now   >  

ആസിഫാ, നീ കൊടുങ്കാറ്റായി തിരിച്ചുവരും

Published : 14th April 2018 | Posted By: kasim kzm

പി സി  അബ്ദുല്ല
കോഴിക്കോട്: ആസിഫാ, നിന്റെ വേദനകളും ജീവത്യാഗവും വിഫലമാവില്ല. കുതിരയെ മേയ്ക്കാന്‍ പോയി ഹിന്ദുത്വരുടെ കുരുതിക്കൂട്ടിലകപ്പെട്ടുപോയ നീ അത്തരം അധമശക്തികള്‍ക്കെതിരേ കൊടുങ്കാറ്റായി തിരിച്ചുവരും. തിന്മയുടെ ഉപാസകര്‍ക്കെതിരായ രക്തസാക്ഷിത്വത്തിലൂടെ നീ മരണമില്ലാത്തവളായിരിക്കുന്നു. നിന്റെ നിലവിളികളുടെ നിലയ്ക്കാത്ത സ്മരണകളില്‍ നിന്ന് മതവെറിയുടെ പൈശാചികതയ്‌ക്കെതിരേ പോരാട്ടത്തിന്റെ ജ്വലിക്കുന്ന തീപ്പന്തങ്ങള്‍ ഉയരുക തന്നെ ചെയ്യും…
ഹിന്ദുത്വ ഭീകരതയ്‌ക്കെതിരേ രാജ്യം കണ്ട ഏറ്റവും ശക്തമായ പ്രതിഷേധ കൊടുങ്കാറ്റാവുകയാണ് കത്‌വയിലെ എട്ടുവയസ്സുകാരി ആസിഫയുടെ ദുര്‍വിധി. ആസിഫ, രാജ്യം നേരിടുന്ന വര്‍ഗീയ ഫാഷിസ്റ്റ് ഭീഷണിയുടെ ഒടുവിലത്തെ  ഇരയും പ്രതീകവും. ഹിന്ദുത്വ നേതാക്കള്‍ ഈ പൈശാചികതയെക്കുറിച്ച് ഇനിയും വാതുറന്നിട്ടില്ലെങ്കിലും, മനുഷ്യത്വത്തിന്റെ നെഞ്ചുപിളര്‍ന്ന പൈശാചികത സംഘപരിവാരത്തിനേല്‍പ്പിച്ച ആഘാതവും രാജ്യത്തിനേല്‍പിച്ച കളങ്കവും കനത്തതാണ്. മോദി പ്രഭാവത്തിനും ബിജെപി മുന്നേറ്റത്തിനും അനുദിനം മങ്ങലേല്‍ക്കുന്ന സമകാലിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വന്‍ പ്രഹരമാണ് ആസിഫയുടെ ദാരുണാന്ത്യം.

ജാതിമതഭേദമെന്യേ ഹിന്ദുത്വ നരാധമര്‍ പിച്ചിച്ചീന്തിയ ആസിഫയെ ഓര്‍ത്ത് വിലപിക്കുകയാണു രാജ്യം. രാഷ്ട്രീയ-സാമൂഹിക മണ്ഡലങ്ങളില്‍ സമാനതകളില്ലാത്ത പ്രതിഷേധാഗ്‌നിയാണ് സംഘപരിവാരത്തിനെതിരേ ഉയരുന്നത്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ ശിരസ്സ് താഴ്ന്നുപോയ സംഭവമായാണ് ദേശീയ മാധ്യമങ്ങളടക്കം ആസിഫ ദുരന്തത്തെ വിശേഷിപ്പിച്ചത്. താനെയിലും ഭാഗല്‍പൂരിലും ഭീവണ്ടിയിലും ഗുജറാത്തിലുമൊക്കെ മതവെറിയുടെ പേരില്‍ മുസ്‌ലിം സ്ത്രീകളുടെ മാനം കവര്‍ന്ന് കൊന്നൊടുക്കിയ ഹിന്ദുത്വം, മോദിയുടെ ഭരണത്തിന്‍ കീഴില്‍ കൂടുതല്‍ മൃഗീയത പൂണ്ടതിന്റെ തെളിവുകളാണ് കത്‌വ ജില്ലയിലെ ക്ഷേത്രത്തിനുള്ളില്‍ നിന്ന് ഇപ്പോള്‍ പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളെന്നും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിലയിരുത്തുന്നു.
സോഷ്യല്‍ മീഡിയയുടെ ഇടപെടലോടെയാണ് ആസിഫയെന്ന എട്ടുവയസ്സുകാരിയുടെ ചേതനയറ്റ ശരീരം ഹിന്ദുത്വ ഭീകരതയ്‌ക്കെതിരായ ജ്വലിക്കുന്ന തീപ്പന്തമായി മാറിയത്. സംഘപരിവാര പ്രീണനത്തിന്റെ ഭാഗമായി ആസിഫ നേരിട്ട കൊടുംക്രൂരത മൂടിവയ്ക്കാന്‍ ദേശീയ മാധ്യമങ്ങള്‍ തുടക്കത്തില്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ പ്രതിഷേധം കൊടുങ്കാറ്റായതോടെ വിഷയമേറ്റെടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങളും നിര്‍ബന്ധിതരായി.
അതേസമയം, കേരളത്തിലടക്കം സാമൂഹിക പ്രതികരണത്തില്‍ സജീവമായ പലരും ആസിഫ ദുരന്തത്തില്‍ മൗനം തുടരുന്നതും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി.
”ആസിഫാ, ദേശസ്‌നേഹം പഠിപ്പിക്കാന്‍ നിരന്തരം ബ്ലോഗ് എഴുതാറുള്ള കംപ്ലീറ്റ് ആക്റ്റര്‍ പേനയെടുത്തില്ല.. കുഞ്ഞുങ്ങളെ ചൊല്ലി ആര്‍ദ്രമാം കവിതകളെഴുതാറുള്ള ടീച്ചറമ്മ ഇതുവരെ ഒന്നും മൊഴിഞ്ഞില്ല. ചേലാകര്‍മത്തോളം വേദനയില്ലാത്തതുകൊണ്ടാവാം സൈബര്‍ സഖാക്കളും ഉണര്‍ന്നിട്ടില്ല.” എന്നിങ്ങനെ പോവുന്നു സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട വിമര്‍ശനങ്ങള്‍.
മുസ്‌ലിമായ ആസിഫ ബാനുവിന്റെ കുടുംബം അടക്കമുള്ളവര്‍ കത്‌വ പ്രദേശം ഒഴിഞ്ഞുപോവാന്‍ വേണ്ടിയായിരുന്നു ബലാല്‍സംഗമെന്ന് പ്രതികള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ബ്രാഹ്മണര്‍ക്ക് അവകാശപ്പെട്ട സ്ഥലമാണെന്ന അവകാശവാദമുന്നയിച്ചായിരുന്നു പ്രതികളുടെ ക്രൂരകൃത്യം. മുസ്‌ലിം കുടുംബങ്ങളെ കൂട്ടത്തോടെ ഇവിടെ നിന്നും ഓടിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.  കത്‌വയിലെ മുസ്‌ലിം സമുദായത്തെ ഭയപ്പെടുത്താനായിരുന്നു ബലാല്‍സംഗവും കൊലയും നടത്തിയതെന്ന് എഫ്‌ഐആറില്‍ പറയുന്നു.
അതേസമയം, ഇന്നലെ പള്ളികളില്‍ നടന്ന ഖുത്തുബ പ്രസംഗങ്ങളിലും ആസിഫ വിഷയം ചര്‍ച്ചചെയ്യപ്പെട്ടു. രാജ്യം നേരിടുന്ന ഫാഷിസ്റ്റ് ഭീകരതയുടെ ഇരയായ ആസിഫയ്ക്കു വേണ്ടി പ്രാര്‍ഥനകളും നടന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss