|    May 26 Sat, 2018 12:28 am

ആസിഡ് ഒഴിച്ച് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സംഭവം; അന്വേഷണ സംഘം ചോദ്യം ചെയ്തത് 150 പേരെ

Published : 30th April 2018 | Posted By: kasim kzm

മലപ്പുറം: മുണ്ടുപറമ്പിലെ വാടക വീട്ടിലെ താമസക്കാരനായിരുന്ന മലബാര്‍ ലൈറ്റ് ആന്റ് സൗണ്ട്‌സ് ഉടമയും ഉമ്മത്തൂര്‍ സ്വദേശിയുമായ പോത്തഞ്ചേരി ബഷീറി (52) നെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ചുരുളഴിക്കാന്‍ അന്വേഷണ സംഘം ചോദ്യം ചെയ്തത് 150 ലേറെ പേരെ. പ്രതിയായ ഭാര്യ ചാപ്പനങ്ങാടി സ്വദേശിനി സുബൈദയ്ക്ക് ആസിഡ് തരപ്പെടുത്താന്‍ വാഹനമോടിച്ച ഡ്രൈവര്‍ മുതല്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ച പൂജാരി വരെ ഇവരില്‍ ഉള്‍പ്പെടും. കഴിഞ്ഞ 20ന് രാത്രിയാണ് ബഷീറിനെ പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്.
ചികില്‍സയ്ക്കിടെ 50 ശതമാനത്തോളം പൊള്ളലേറ്റ ബഷീര്‍ മരണപ്പെടുകയായിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പോലിസ് ചോദ്യംചെയ്‌തെങ്കിലും അന്വേഷണം വഴിതിരിച്ച് വിടാനായി അവര്‍ പോലിസിന് മുമ്പാകെ വിവിധ കഥകളാണ് മെനഞ്ഞുണ്ടാക്കിയത്. ഒരാഴ്ച നീണ്ട അന്വേഷണത്തില്‍ ശാസ്്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഭാര്യയെ പോലിസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കുടുംബ ജീവിതത്തില്‍ വന്ന ചില പൊരുത്തക്കേടുകളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു. മഞ്ചേരിയിലെ കടയില്‍ നിന്നാണ് ഒരു ലിറ്ററോളം ആസിഡ് ഇവര്‍ ശേഖരിച്ചത്.
സംഭവ ദിവസം രാത്രി 11നാണ് ഭര്‍ത്താവിനു മേല്‍ ആസിഡൊഴിച്ചത്. രണ്ട്്് ദിവസം മുന്‍പ് വീട്ടിലെത്തിച്ച ആസിഡ് ബക്കറ്റിലാക്കി കട്ടിലില്‍ കിടക്കുകയായിരുന്ന ഭര്‍ത്താവിനെ നേരെ ഒഴിക്കുകയായിരുന്നു. പിന്നീട് മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ഭര്‍ത്താവിനെ പൊള്ളലേറ്റ നിലയില്‍ പ്രവേശിപ്പിച്ച ശേഷം ഇവര്‍ കൃത്യത്തിനായി ഉപയോഗിച്ച വസ്തുക്കള്‍ ആശുപത്രി പരിസരത്ത് ഉപേക്ഷിച്ചു.
സംഭവത്തെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍നിന്നു ഇറക്കിവിട്ട സുബൈദയെ അന്വേഷണംസംഘം പൂക്കോട്ടൂരിലെ സ്‌നേഹിത അഗതിമന്ദിരത്തിലാണ് താമസിപ്പിച്ചിരുന്നത്.  തെളിവെടുപ്പില്‍ കൃത്യത്തിന് ഉപയോഗിച്ച വസ്തുക്കളെല്ലാം പോലിസ് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകത്തിനായി ഇവര്‍ ദിവസങ്ങള്‍ക്ക് മുമ്പെ ആസൂത്രണം ചെയ്തിരുന്നതായും അന്വേഷണ സംഘം പറഞ്ഞു.
കണ്ടെടുത്ത ആസിഡുകള്‍ കെമിക്കല്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയ സ്ഥലങ്ങളിലെല്ലാം വന്‍ ജനാവലിയാണുണ്ടായത്. ഇതുകാരണം കനത്ത സുരക്ഷയിലാണ് പോലിസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയത്. സുബൈദയുടെ പുരുഷ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നു കേസന്വേഷിക്കുന്ന മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്ത് പറഞ്ഞു.
സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. മലപ്പുറം ജില്ലാ പോലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശ പ്രകാരം മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തില്‍, മലപ്പുറം പോലിസ് ഇന്‍സ്‌പെക്ടര്‍ എ പ്രേംജിത്ത്, എസ്‌ഐ ബിഎസ് ബിനു, എസ്‌ഐ അബ്ദുള്‍ റഷീദ്, എഎസ്‌ഐമാരായ രാമചന്ദ്രന്‍, സുനീഷ്‌കുമാര്‍, സാബുലാല്‍, ശാക്കിര്‍ സ്രാമ്പിക്കല്‍, വനിതാ പോലിസുകാരായ ഷര്‍മിള, അസ്മാറാണി, ബിന്ദു, കവിത, നിഖില എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss