|    Oct 23 Mon, 2017 2:54 am
Home   >  Todays Paper  >  page 7  >  

ആസാദി മുദ്രാവാക്യം: ആംനസ്റ്റി ഇന്ത്യക്കെതിരേ രാജ്യദ്രോഹക്കുറ്റം

Published : 17th August 2016 | Posted By: SMR

ബംഗളൂരു: രാജ്യദ്രോഹമുള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി ഇന്ത്യന്‍ ആംനസ്റ്റി ഇന്ത്യക്കെതിരേ ബംഗളൂരു പോലിസ് കേസെടുത്തു. സംഘടന ശനിയാഴ്ച ബംഗളൂരു തിയോളജിക്കല്‍ കോളജില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കശ്മീരിനനുകൂലമായി ‘ആസാദി’ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനത്തിനിരയായവര്‍ക്കു നീതി തേടിയുള്ള പ്രചാരണത്തിന്റെ ഭാഗമായാണ് സംഘടന ചര്‍ച്ചായോഗം സംഘടിപ്പിച്ചത്.
ചര്‍ച്ചയില്‍ പങ്കെടുത്ത കശ്മീരി പണ്ഡിറ്റ് നേതാവ് സൈന്യത്തിനനുകൂലമായി വാദിച്ചത് യുവാക്കളുടെയും വിദ്യാര്‍ഥികളുടെയും കടുത്ത പ്രതിഷേധത്തിനിടയാക്കിയിരുന്നു. ചടങ്ങ് ദേശവിരുദ്ധമാണെന്നാരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ ഞായറാഴ്ച ധര്‍ണ നടത്തുകയും ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വീഡിയോ സിഡി സഹിതം പോലിസില്‍ പരാതി നല്‍കുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവരുടെ പശ്ചാത്തലവും ഉദ്ദേശ്യങ്ങളും അന്വേഷിക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി പരമേശ്വര കഴിഞ്ഞ ദിവസം പറഞ്ഞു. എന്നാല്‍, സംഘടനയിലെ ജീവനക്കാരാരും മുദ്രാവാക്യം വിൡച്ചിട്ടില്ലെന്നും ചടങ്ങിന്റെ അവസാനം പങ്കെടുത്തവരാണ് മുദ്രാവാക്യം വിളിച്ചതെന്നും ആംനസ്റ്റി ഇന്റര്‍നാഷനല്‍ അധികൃതര്‍ പറഞ്ഞു.
സംഘടനയ്‌ക്കെതിരായ പരാതി വസ്തുതകള്‍ക്കു നിരക്കാത്തതാണെന്നും അവര്‍ ആരോപിച്ചു. കശ്മീരില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ചും അതിനിരയാവുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും നീതി നിഷേധിക്കുന്നതിനെക്കുറിച്ചുമാണ് സംഘടന ചര്‍ച്ച നടത്തിയത്. മാധ്യമങ്ങള്‍ പൊതുവായി ചര്‍ച്ചചെയ്യുന്ന വിഷയമാണിത്. പാര്‍ലമെന്റംഗങ്ങളും രാഷ്ട്രീയ നേതാക്കളും ജഡ്ജിമാരും പൊതുജനങ്ങളും ഇതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ജമ്മുകശ്മീരില്‍ സുരക്ഷാസേന നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് സംഘടന 2015ല്‍ പ്രസിദ്ധീകരിച്ച റിപോര്‍ട്ടിനെ അടിസ്ഥാനമാക്കിയാണ് ചര്‍ച്ച നടന്നതെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അവകാശങ്ങളില്‍ സമാധാനപരമായ രാഷ്ട്രീയ പരിഹാരം നിര്‍ദേശിക്കുന്നതും ഉള്‍പ്പെടുമെന്നാണ് സംഘടന കരുതുന്നതെന്നും സുരക്ഷയെ മുന്‍നിര്‍ത്തി ചടങ്ങില്‍ സംബന്ധിക്കാന്‍ ബംഗളൂരു പോലിസിനെ ക്ഷണിച്ചിരുന്നെന്നും പ്രസ്താവനയിലുണ്ട്.
സംഘടനയുടെ ജീവനക്കാരനായ സിന്ധുജ അയ്യങ്കാരും മറ്റു രണ്ടുപേരുമാണ് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചതെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. എന്നാല്‍, ചടങ്ങില്‍ അയ്യങ്കാര്‍ സംബന്ധിച്ചിട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. ചടങ്ങിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിഡി സംഘടന പോലിസിനു കൈമാറിയിട്ടുണ്ട്.
ഇതിനിടെ, ആംനസ്റ്റി ഇന്റര്‍നാഷനല്‍ സംഘടിപ്പിച്ച ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചവരെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് എബിവിപി പ്രവര്‍ത്തകര്‍ ബംഗളൂരുവില്‍ ധര്‍ണ നടത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക