|    May 27 Sat, 2017 5:37 pm
FLASH NEWS

ആസാദി എക്‌സ്പ്രസ്, വിലക്കു ലംഘിച്ച് കാംപസ് ഫ്രണ്ട് ജാഥ; നേതാക്കള്‍ അറസ്റ്റില്‍

Published : 18th August 2016 | Posted By: mi.ptk

campus-front-of-india

കണ്ണൂര്‍: പോലിസ് അകാരണമായി ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച് കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആസാദി എക്‌സ്പ്രസ് കലാജാഥ നടത്തി. പോലിസ് അനുമതിയില്ലാതെ പരിപാടി നടത്തിയെന്നാരോപിച്ച് സംസ്ഥാന നേതാക്കളുള്‍പ്പെടെയുള്ളവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. അറസ്റ്റില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തി തിരിച്ചുപോവാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. യുദ്ധസന്നാഹത്തോടെയുള്ള പോലിസ് ഇടപെടല്‍ കണ്ണൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാ ന്റ് ജങ്ഷനില്‍ അല്‍പനേരം സംഘര്‍ഷാവസ്ഥയ്ക്കിടയാക്കി.
ആസാദി എക്‌സ്പ്രസ് കലാജാഥ ക്യാപ്റ്റനും കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമായ സി എ റഊഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പോലിസെത്തി ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. റഊഫിനെ കൂടാതെ സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍, ഖജാഞ്ചി ഷഫീഖ് കല്ലായി, കണ്ണൂര്‍ ജില്ലാ പ്രസിഡ ന്റ് പി എ മുഹമ്മദ് റിഫ എന്നിവരെയും അറസ്റ്റ് ചെയ്ത് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷനിലേക്കു മാറ്റി. ജാഥയ്ക്ക് അനുമതി നിഷേധിച്ചതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. ഇതിനുശേഷമാണ് 18 പേരെ പോലിസ് വീണ്ടും അറസ്റ്റ് ചെയ്തത്. നേതാക്കളെയും പ്രവര്‍ത്തകരെയും വൈകീട്ടോടെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
ഫാഷിസത്തിന്റെ വിലങ്ങുകള്‍ക്കെതിരേ സ്വാതന്ത്ര്യത്തിന്റെ ചൂളംവിളി എന്ന പ്രമേയത്തിലാണ് ആഗസ്ത് 16നു കാസര്‍കോഡ് നിന്നു തുടങ്ങി സപ്തംബര്‍ 9നു തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയില്‍ ആസാദി എക്‌സ്പ്രസ് കലാജാഥ തീരുമാനിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് ഇതിനാവശ്യമായ പോലിസ് അനുമതി തേടി അധികൃതരെ സമീപിച്ചെങ്കിലും തലേന്ന് അനുമതി നല്‍കാനാവില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ ദിവസം കാസര്‍കോഡ് നിന്നാരംഭിക്കേണ്ട മാര്‍ച്ച് അവസാനനിമിഷം ഇന്നലെ കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുന്ന വിധത്തില്‍ പുനക്രമീകരിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപോര്‍ട്ടുണ്ടെന്നു പറഞ്ഞാണ് ജാഥയ്ക്ക് പോലിസ് അനുമതി നിഷേധിച്ചത്. എന്നാല്‍, ഫാഷിസത്തിനെതിരായ പ്രതിഷേധങ്ങളെ പോലിസിനെ ഉപയോഗിച്ച് ഇല്ലാതാക്കാനുള്ള നീക്കം ചെറുക്കുമെന്നു പ്രഖ്യാപിച്ച കാംപസ് ഫ്രണ്ട് നേതൃത്വം വിലക്ക് ലംഘിച്ച് കലാജാഥയുമായി മുന്നോട്ടുപോവുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day