|    Apr 29 Sat, 2017 7:12 am
FLASH NEWS

ആഷിഖിനെ സ്വാഗതം ചെയ്ത് വിയ്യാറയല്‍ വെബ്‌സൈറ്റ്

Published : 31st October 2016 | Posted By: SMR

 ടി പി ജലാല്‍

മഞ്ചേരി: ഇന്ത്യന്‍ യൂത്ത് ടീമംഗവും പൂനെ സിറ്റി എഫ്‌സി ഫോര്‍വേഡുമായ മലപ്പുറം പട്ടര്‍കടവന്‍ കുരുണിയന്‍ മുഹമ്മദ് ആഷിഖ് പരിശീലനത്തിനായി വരുന്നത് സ്‌പെയിനിലെ വിയ്യാറയല്‍ ടീമിന്റെ വെബ്‌സൈറ്റില്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. ‘ഇന്ത്യന്‍ ഫുട്‌ബോളര്‍ വിയ്യാറയലിലേക്ക്’ എന്ന തലക്കെട്ടോടെയാണ് ക്ലബ്ബ് ആഷിഖിന്റെ വരവിനെ സ്വാഗതം ചെയ്യുന്നത്. മികച്ച കഴിവുള്ള കുട്ടിയാണ് ആഷിഖ്. അവനെ ലഭിച്ചതില്‍ സന്തോഷമുണ്ട്. ക്ലബ്ബിന്റെ പരിശീലനത്തില്‍ അവന്‍ മികവ് പുലര്‍ത്തും- വിയ്യാറയല്‍ പ്രസിഡന്റ് ഫെര്‍ണ്ടോ റോയിക് വാര്‍ത്തയില്‍ പറയുന്നു. കൂടുതല്‍ ഇന്ത്യന്‍ താരങ്ങളെ യൂറോപ്പിലെത്താന്‍ ഇതൊരു തുടക്കമാവട്ടെയെന്നും അദ്ദേഹം പ്രത്യാശിച്ചു.
രണ്ടു ക്ലബ്ബുകളും തമ്മിലുള്ള കരാറില്‍ ലാലിഗ പ്രസിഡന്റ് ജാവിയര്‍ ടബാസും സന്തോഷം പ്രകടിപ്പിച്ചു. ഐഎസ്എല്‍ വന്നതോടെ ഇന്ത്യയില്‍ ധാരാളം സ്പാനിഷ് കോച്ചുമാരും കളിക്കാരുമുണ്ട്. അതുകൊണ്ടുതന്നെ കഴിവുള്ള താരങ്ങള്‍ വളരുന്നുണ്ട്- ടബാസ് വെബ്‌സൈറ്റില്‍ വ്യക്തമാക്കി. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ആഷിഖിനെ ഒരു വര്‍ഷത്തേക്ക് ലോണില്‍ നല്‍കാനും തയ്യാറാണെന്ന് പൂനെ സിറ്റി എഫ്‌സി സിഇഒ ഗൗരവ് മോദ്വല്‍ പറഞ്ഞു. മികച്ച പ്രകടനം നടത്താന്‍ മികച്ച പരിശീലനം ആവശ്യമാണ്. ആഷിഖിന് ഗോള്‍ നേടാനുള്ള ആര്‍ജവവും കരുത്തുമുണ്ടെന്നും അദ്ദേഹം പറയുന്നു. ” സ്വപ്‌നസാക്ഷാത്കാരമാണിത്. ഞാന്‍ ആരാധിക്കുന്ന രാജ്യത്തെ ക്ലബ്ബില്‍ നിന്നു വിളിച്ചതില്‍ സന്തോഷമുണ്ട്. എന്നെ ഞാനാക്കിയ പൂനെ എഫ്‌സിക്ക് നന്ദി”- ആഷിഖ് കുരുണിയന്റെ ഈ പ്രസ്താവനയും സൈറ്റില്‍ കൊടുത്തിട്ടുണ്ട്.
രണ്ടര മാസമാണ് ആഷിഖ് വിയ്യാറയലിന്റെ സി ടീമിനൊപ്പം പരിശീലനം നടത്തുക. ഈ മാസം 7നു പുറപ്പെടും. മലേസ്യയില്‍ നടന്ന ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫിയില്‍ (അണ്ടര്‍ 18) തായ്‌ലന്‍ഡിലെ ചോന്‍പുരി എഫ്‌സിക്കെതിരേ സീറോ ആംഗിളില്‍ നിന്നു നേടിയ മഴവില്‍ ഗോളാണ് ആഷിഖിനെ ശ്രദ്ധാകേന്ദ്രമാക്കിയത്. ഫലസ്തീനില്‍ നടന്ന എഎഫ്‌സി (19) ചാംപ്യന്‍ഷിപ്പിലും ആഷിഖ് മികച്ച നിലവാരം പ്രകടമാക്കിയിരുന്നു.
മലപ്പുറം എംഎസ്പി സ്‌കൂള്‍, സെയില്‍ ഫുട്‌ബോള്‍ അക്കാദമി, ഡല്‍ഹിയിലെ ഗര്‍ഡ്വാള്‍ എഫ്‌സി ടീമുകളിലും കളിച്ചിട്ടുണ്ട്. ഇപ്പോള്‍ പൂനെ സിറ്റി എഫ്‌സിയുടെ സീനിയര്‍ ടീമംഗമാണീ 19കാരന്‍. മഞ്ചേരി എന്‍എസ്എസ് കോളജ് ബികോം വിദ്യാര്‍ഥിയാണ്. കുരുണിയന്‍ അസൈന്റെയും എടക്കര മാന്തോണി ഖദീജയുടെയും മകനാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day