|    May 28 Sun, 2017 8:52 pm
FLASH NEWS

‘ആശ്വാസ കിരണം’ തെളിഞ്ഞു

Published : 28th February 2016 | Posted By: SMR

പനമരം: പട്ടികവര്‍ഗക്കാരുടെ കാലാവധി കഴിഞ്ഞ ബാങ്ക് വായ്പാ കുടിശ്ശിക എഴുതിത്തള്ളുന്ന ‘ആശ്വാസ കിരണം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പനമരം ഗവ. എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ പട്ടികവര്‍ഗ ക്ഷേമ-യുവജനകാര്യ മന്ത്രി പി കെ ജയലക്ഷ്മി നിര്‍വഹിച്ചു.
ഒരു ലക്ഷത്തില്‍ താഴെയുള്ള കാര്‍ഷിക-വിവാഹ-സ്വര്‍ണ വായ്പകള്‍ ഉള്‍പ്പെടെയുള്ളവ പട്ടികവര്‍ഗ വകുപ്പ് തിരിച്ചടച്ച് പണയാധാരം തിരികെ നല്‍കുന്നതാണ് പദ്ധതി. രാജ്യത്ത് ആദ്യമായാണ് പട്ടികവര്‍ഗ ക്ഷേമ വകുപ്പ് ഇത്തരം ഒരു പദ്ധതി നടപ്പാക്കുന്നതെന്നു മന്ത്രി ജയലക്ഷ്മി പറഞ്ഞു. 12,900 കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇതിനായി വയനാട്ടില്‍ ഇതുവരെ 4,831 അപേക്ഷകളാണ് ലഭിച്ചത്. ഇതില്‍ 804 പേരുടെ അപേക്ഷകള്‍ ഒന്നാംഘട്ടത്തില്‍ തീര്‍പ്പാക്കി. ഇവര്‍ക്ക് ഇന്നലെ രേഖകള്‍ തിരിച്ചു നല്‍കി. 2.48 കോടി രൂപയാണ് ഇതിനായി സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നല്‍കുക.
പട്ടികവര്‍ഗ വിഭാഗത്തിനുള്ള ബജറ്റ് വിഹിതം രണ്ടില്‍ നിന്നു മൂന്നു ശതമാനമായി ഉയര്‍ത്തിയതിലൂടെ 150 കോടി രൂപ അധികം ലഭിച്ചതായി മന്ത്രി പറഞ്ഞു. ജില്ലയില്‍ 14 ഗ്രാമങ്ങളെ ദത്തെടുത്ത് 45 കോളനികള്‍ക്കായി 75 കോടി രൂപ ചെലവഴിച്ചു. അരിവാള്‍രോഗം ബാധിച്ചവര്‍ക്കുള്ള പെന്‍ഷന്‍ ആയിരത്തില്‍നിന്നു രണ്ടായിരം രൂപയാക്കി. ട്രൈബല്‍ പ്രമോട്ടര്‍മാരുടെ ഓണറേറിയം 9,000 രൂപയാക്കി ഉയര്‍ത്തി. ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതിയിലൂടെ ആദിവാസികള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഭൂമി ഏറ്റെടുത്തു നല്‍കിയതായും മന്ത്രി പറഞ്ഞു.
മാനന്തവാടി, വൈത്തിരി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളിലെ 830 പേര്‍ക്ക് കൈവശാവകാശ രേഖയും പട്ടയവും നല്‍കുന്നതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെട്ട ആദിവാസികള്‍ക്ക് ഒരേക്കര്‍ ഭൂമി നല്‍കുന്ന പദ്ധതിയുടെ രണ്ടാംഘട്ടമായി 17 പേര്‍ക്ക് ഇന്നലെ കൈവശാവകാശ രേഖ നല്‍കി.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം 110 ഭൂരഹിതര്‍ക്ക് മൂന്നു സെന്റ് ഭൂമിയുടെ പട്ടയം ഇന്നലെ വിതരണം ചെയ്തു. മാനന്തവാടി താലൂക്കില്‍ 54 പേര്‍ക്കും വൈത്തിരി താലൂക്കില്‍ 35 പേര്‍ക്കും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 21 പേര്‍ക്കുമാണ് പട്ടയം നല്‍കിയത്.
കേരള ഭൂപതിവ് നിയമപ്രകാരം സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 45 പേര്‍ക്കും മാനന്തവാടി താലൂക്കില്‍ ഒമ്പതു പേര്‍ക്കും പട്ടയം നല്‍കി. 50 ലാന്റ് ട്രൈബ്യൂണല്‍ പട്ടയങ്ങളും വിതരണം ചെയ്തു.
നഴ്‌സറി തലം മുതല്‍ ഗവേഷണം വരെ പഠനത്തിനുള്ള ഗുരുകുല ഗോത്രസര്‍വകലാശാലയുടെ ലോഗോയും പട്ടികവര്‍ഗക്ഷേമ വകുപ്പ് തയ്യാറാക്കിയ ‘മതിമോഹനം ഗോത്ര ജനജീവിതം’, ‘കേരളത്തിലെ പ്രാക്തന ഗോത്രങ്ങള്‍’ എന്നീ ഡോക്യുമെന്ററികളും മന്ത്രി പ്രകാശനം ചെയ്തു. ബൈക്കപകടത്തില്‍ മരിച്ച വൈത്തിരിയിലെ ബാബുവിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വിതരണം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി കെ അസ്മത്ത്, മാനന്തവാടി സബ് കലക്ടര്‍ ശീറാം സാംബശിവറാവു, ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എം വി രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ശകുന്തള ഷണ്മുഖന്‍, പ്രീത രാമന്‍, ലത ശശി, ദിലീപ് കുമാര്‍, നഗരസഭാ ചെയര്‍മാന്മാരായ ബിന്ദു ജോസ്, വി ആര്‍ പ്രവീജ്, സി കെ സഹദേവന്‍, പനമരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ലിസി തോമസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ കെ മിനി, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ എ ദേവകി, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ അനില തോമസ്, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് ചെയര്‍മാന്‍ പി കെ അനില്‍കുമാര്‍, പനമരം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി മോഹനന്‍, ബ്ലോക്ക് അംഗം സതീദേവി, പഞ്ചായത്ത് അംഗങ്ങളായ ജുല്‍ന ഉസ്മാന്‍, ഷൈനി കൃഷ്ണന്‍, മെഹറുന്നീസ റസാഖ്, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍, ജനപ്രതിനിധികള്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day