|    Nov 21 Wed, 2018 2:12 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആശ്വാസത്തിനിടയിലും ആശങ്ക ഒഴിയുന്നില്ല; ഇനി നിയമയുദ്ധം

Published : 10th November 2018 | Posted By: kasim kzm

കണ്ണൂര്‍: വര്‍ഗീയ പ്രചാരണം നടത്തിയെന്ന് നിരീക്ഷിച്ച് അഴീക്കോട് എംഎല്‍എ കെ എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കിയ വിധിക്ക് മണിക്കൂറുകള്‍ക്കകം അതേ ബെഞ്ചില്‍ നിന്നു തന്നെ സ്റ്റേ സമ്പാദിക്കാനായത് ആശ്വാസമായെങ്കിലും ലീഗില്‍ ആശങ്കയൊഴിയുന്നില്ല. വരാനിരിക്കുന്ന നാളുകള്‍ ഏറെ നിര്‍ണായകമാണെന്നതിനാല്‍ അതീവ ജാഗ്രതയോടെ നിയമയുദ്ധം തുടരേണ്ടിവരും.
കാരണം, യുഡിഎഫ് ഭരിക്കുന്ന കാലത്താണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും വളപട്ടണം പോലിസും ചേര്‍ന്ന് കെ എം ഷാജിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം അറഫാത്ത്, ലീഗ് പ്രവര്‍ത്തകരായ ഫൈസല്‍, മന്‍സൂര്‍ എന്നിവരെ പിടികൂടിയിരുന്നത്. 2016 മെയ് 14നാണു സംഭവം. പോലിസ് ഇവരെ മണിക്കൂറുകള്‍ക്കകം വിട്ടയച്ചെങ്കിലും തുടര്‍ന്നു തിരഞ്ഞെടുപ്പ് കമ്മീഷനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നിയമിച്ച പ്രത്യേക നിരീക്ഷകര്‍ യുഡിഎഫ് പ്രതിനിധിയും വളപട്ടണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ മനോരമ ദേവി ഉള്‍പ്പെടെയുള്ളവരുടെ വീടുകളില്‍ നിന്നും മറ്റുമാണ് ലഘുലേഖകള്‍ പിടിച്ചെടുത്തത്.
അപ്പോഴൊന്നും അത്ര കാര്യമാക്കാതിരുന്ന യുഡിഎഫ് നേതൃത്വം ഇപ്പോള്‍ അങ്കലാപ്പിലാണ്. തിരഞ്ഞെടുപ്പ് ജയത്തോടെ നിയമനടപടികള്‍ അവസാനിക്കുമെന്നു കരുതിയിരുന്ന ലീഗിനും കേസ് നടപടികളിലെ സൂക്ഷ്മതക്കുറവിന്റെ ആഘാതം ഇപ്പോഴാണു മനസ്സിലായത്. പോലിസും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പിടിച്ചെടുത്ത ലഘുലേഖകളുടെ ഉള്ളടക്കം കൃത്യമായി മനസ്സിലാക്കാന്‍ വിവരാവകാശ നിയമം ഉപയോഗിച്ച് സിപിഎം നടത്തിയ പോരാട്ടങ്ങളാണ് ഇപ്പോള്‍ ഫലം കാണുന്നത്. ഇന്ത്യാവിഷന്‍ ചാനല്‍ മേധാവിയായിരിക്കെ നികേഷ് കുമാറിനെതിരേയുണ്ടായ വഞ്ചനക്കേസുകള്‍ വിവരിക്കുന്നതും മറ്റുമായ ലഘുലേഖകളാണ് എല്‍ഡിഎഫിന്റെ അഭിഭാഷകര്‍ കോടതിയിലെത്തിച്ചത്. അതിലൊരു ലഘുലേഖയിലാണ് വിവാദമായ വര്‍ഗീയ പരാമര്‍ശങ്ങളുള്ളതായി ഇപ്പോള്‍ ഹൈക്കോടതി കണ്ടെത്തിയിട്ടുള്ളത്. കോണ്‍ഗ്രസ്സിന്റെ പ്രവാസി സംഘടനയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരില്‍ പുറത്തിറക്കിയ ലഘുലേഖയില്‍ ഖുര്‍ആന്‍ സൂക്തവും ചേര്‍ത്തിരുന്നു. ഒറ്റനോട്ടത്തില്‍ തന്നെ മതം ഉപയോഗിച്ചുള്ള വോട്ടുപിടിത്തമെന്നു തോന്നുന്നതായിട്ടും ആദ്യഘട്ടത്തില്‍ വേണ്ടത്ര പ്രതിരോധം തീര്‍ക്കാന്‍ ലീഗോ യുഡിഎഫോ തയ്യാറായി—ല്ലെന്നതാണു സത്യം. ലഘുലേഖ തങ്ങള്‍ അച്ചടിച്ചതല്ലെന്നു പറയുമ്പോഴും ഇത് എങ്ങനെ യുഡിഎഫിന്റെ പ്രമുഖരില്‍ നിന്നു പിടികൂടിയെന്ന വാദവും ഖണ്ഡിക്കാനായില്ല. ഇപ്പോഴാണ് ലഘുലേഖയുടെ ഉറവിടത്തെ കുറിച്ച് തന്നെ സംശയമുയര്‍ത്തുന്നത്. പിടിച്ചെടുത്ത ലഘുലേഖകള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ തിരുകിക്കയറ്റിയതാണെന്ന ദുര്‍ബല വാദം ഇപ്പോഴാണ് ഉയര്‍ത്തുന്നത്. അതും സുപ്രിംകോടതിയില്‍ തെളിയിക്കുകയെന്നത് ദുഷ്‌കരമാവും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss