|    Dec 14 Fri, 2018 8:31 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ആശ്വാസം; മൂന്നു ജില്ലകളില്‍ ജാഗ്രത

Published : 19th August 2018 | Posted By: kasim kzm

തിരുവനന്തപുരം/ കൊച്ചി: പത്തനംതിട്ട/ മലപ്പുറം/ ഇടുക്കി: സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്കു മാത്രമേ സാധ്യതയുള്ളൂവെന്നും കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടതുപോലെ അതിശക്തമായ മഴ ഇനി ഉണ്ടാവില്ലെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 13 ജില്ലകളിലെ റെഡ് അലര്‍ട്ട് മൂന്ന് ജില്ലകളിലേക്കായി ചുരുക്കിയിട്ടുണ്ട്. പ്രളയക്കെടുതി നേരിടുന്ന ജില്ലകള്‍ക്ക് ഇത് ആശ്വാസമാവും.മഴ കുറയുന്നതോടെ വെള്ളമിറങ്ങുകയും ഇത് രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കുകയും ചെയ്യും. ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിലവില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ആളുകള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മഴയില്‍ കുതിര്‍ന്ന മലയോരങ്ങളിലും മറ്റും ഉരുള്‍പൊട്ടലിനു സാധ്യത നിലനില്‍ക്കുന്നുണ്ട്. ദിവസങ്ങള്‍ നീണ്ട കനത്ത മഴ മലകളിലെ മണ്‍പാളികളില്‍ ചലനമുണ്ടാക്കിയാല്‍ മലയിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാമെന്നാണ് ഈ മേഖലയിലെ വിദഗ്ധരുടെ വിശദീകരണം. മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗരൂകരാകേണ്ടതുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ, കൊച്ചി കുന്നുകര ഗ്രാമപഞ്ചായത്തില്‍ പടിഞ്ഞാറേ പള്ളിയിലെ പാരിഷ് ഹാളില്‍ അഭയം തേടിയ ആറു പേര്‍ മതില്‍ ഇടിഞ്ഞുവീണു മരിച്ചു. ഇവിടെ ഭക്ഷണവും വെള്ളവുമില്ലാതെ നിരവധി പേര്‍ നാലു ദിവസമായി കഴിയുന്നതായാണ് സൂചന. വി ഡി സതീശന്‍ എംഎല്‍എയാണ് ആറു പേര്‍ മരിച്ചുവെന്ന വിവരം ഇന്നലെ മാധ്യമങ്ങള്‍ക്കു മുന്നില്‍ സ്ഥിരീകരിച്ചത്. ഇതു കൂടാതെ വിവിധ ദുരിതാശ്വാസ ക്യാംപുകളിലായി കുട്ടികളടക്കം അഞ്ചു പേരും മരിച്ചതായും എംഎല്‍എ പറഞ്ഞു. രണ്ടു ദിവസം മുമ്പാണ് പാരിഷ് ഹാളിന്റെ മതില്‍ ഇടിഞ്ഞുവീണ് ആറു പേര്‍ മരിച്ചത്. അപകടത്തില്‍ ധാരാളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാവിലെ സൈന്യം ഇറങ്ങുമെന്ന് കലക്ടര്‍ തന്നോട് പറഞ്ഞിരുന്നതാണ്. താന്‍ ഇടപെട്ട് രണ്ടു ബോട്ട് അയച്ചുവെങ്കിലും അപകടം നടന്ന സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. പറവൂര്‍ മേഖലയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. വൈദ്യസഹായം പോലും ഇവിടെ എത്തുന്നില്ല. ജില്ലാ മെഡിക്കല്‍ ഓഫിസറെ വിളിക്കുന്നുണ്ടെങ്കിലും ലഭിക്കുന്നില്ല. കടം വാങ്ങിയും സുഹൃത്തുക്കള്‍ മുഖേന ശേഖരിച്ചുകിട്ടുന്ന സാധനങ്ങളുമാണ് പറവൂരിലെ ക്യാംപില്‍ എത്തിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.
ഇന്നലെ പത്തനംതിട്ടയില്‍ ആറു പേര്‍ മരിച്ചു. തിരുവല്ല മതില്‍ഭാഗം മാടപ്പത്ര വീട്ടില്‍ വേണുവിന്റെ മകന്‍ വിശാല്‍ (27) വെള്ളത്തില്‍ വീണു മരിച്ചു. അച്ഛന്‍ വേണുവുമൊത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് പോകുമ്പോഴാണ് വിശാല്‍ വെള്ളത്തില്‍ വീണത്. തിരുവല്ല നെല്ലാട് വെട്ടുകുഴി ജോസഫ് (76) വീടിനുള്ളില്‍ വെള്ളത്തില്‍പ്പെട്ട് മരിച്ചു. ആറന്‍മുളയില്‍ മീന്‍ പിടിക്കാന്‍ പോയ കാഞ്ഞിരവേലി സ്വദേശി ബൈജു(47)വിനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളം കയറിയ വീടിനുള്ളില്‍ ഭക്ഷണവും വെള്ളവും സമയത്ത് കിട്ടാതെ പുതുക്കുളങ്ങര കൊച്ചുവാര്യ വീട്ടില്‍ കെ പി വാസുക്കുട്ടന്‍ നായര്‍ (87) മരിച്ചു. ഹൃദ്രോഗിയായിരുന്നു ഇദ്ദേഹം.
നിരണത്ത് സ്ത്രീയുടെ മൃതദേഹം വെള്ളത്തില്‍ നിന്നു കിട്ടി. വരട്ടാറിനു സമീപം പുതുക്കുളങ്ങരയിലും ഒരു സ്ത്രീയുടെ മൃതദേഹം കിട്ടി. ഇരുവരെയും തിരിച്ചറിഞ്ഞിട്ടില്ല. പ്രളയക്കെടുതിയില്‍പെട്ട വീട്ടിനുള്ളില്‍ ആറാട്ടുപുഴ നെല്ലിക്കല്‍ ആശിര്‍വാദ് കെ കെ കോവിലിന്റെ ഭാര്യ അമ്മിണിയമ്മ (83) കഴിഞ്ഞ ദിവസം മരിച്ചിരുന്നു.
ഇന്നലെ ഇടുക്കി ചെറുതോണി മരിയാപുരം ഉപ്പുതോട്ടിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരു കുടുംബത്തിലെ മൂന്ന് അംഗങ്ങള്‍ അടക്കം നാലു പേര്‍ മരിച്ചു. ഉപ്പുതോട് ചിറ്റടിക്കവല റോഡ് ഇടശ്ശേരിക്കുന്നേല്‍പ്പടിയില്‍ അയ്യപ്പന്‍കുന്നേല്‍ മാത്യു, ഭാര്യ രാജമ്മ, മകന്‍ വിശാല്‍, മകന്റെ സുഹൃത്ത് ടിന്റ് മാത്യു കാര്‍ക്കാംതൊട്ടില്‍ എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാത്രിയാണ് അപകടം. സമീപത്തുണ്ടായിരുന്ന ഒരു മല ഇവരുടെ വീടിനു മുകളിലേക്ക് പതിക്കുകയായിരുന്നു. മലപ്പുറം തിരൂരങ്ങാടിയില്‍ യുവാവും ആറു വയസ്സുകാരനും മുങ്ങിമരിച്ചു. നന്നമ്പ്ര ദുബൈപീടിക സ്വദേശിയും കൊടിഞ്ഞി മങ്കടക്കുറ്റിയില്‍ താമസക്കാരനുമായ പൂക്കയില്‍ സത്താറിന്റെ മകന്‍ ഫസലുറഹ്മാന്‍ (22), കളിയാട്ടമുക്ക് സ്വദേശി കോയിപറമ്പത്ത് മൊയ്തീന്‍ കുട്ടിയുടെ മകന്‍ മുഹമ്മദ് ഹനാന്‍ (6) എന്നിവരാണ് മരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss