|    Oct 16 Tue, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആശ്രിത പെന്‍ഷന്‍ കുടിശ്ശിക സഹിതം നല്‍കണമെന്ന് കമ്മീഷന്‍

Published : 18th September 2017 | Posted By: fsq

 

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ അവകാശികള്‍ക്കു വര്‍ഷങ്ങളായി നല്‍കാതിരിക്കുന്ന ആശ്രിതപെന്‍ഷന്‍ കുടിശ്ശിക സഹിതം ഉടന്‍ നല്‍കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. ധനവകുപ്പിന് ബുദ്ധിമുട്ടുണ്ടെന്ന് കരുതി നിയമപരമായി ലഭിക്കേണ്ട ആനുകൂല്യം തടയുന്നതു ന്യായീകരിക്കാനാവില്ലെന്നും കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് ഉത്തരവിട്ടു. പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതിയില്‍ ചേര്‍ന്നു നിയമപ്രകാരമുള്ള പെന്‍ഷന്‍ വാങ്ങിയിരുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ മരിക്കുമ്പോള്‍ അവരുടെ അവകാശികള്‍ക്ക് 2013 മാര്‍ച്ച് വരെ യഥാര്‍ഥ പെന്‍ഷന്റെ 50 ശതമാനം കണക്കാക്കി പെന്‍ഷന്‍ നല്‍കിയിരുന്നു. എന്നാല്‍, 2013 ഏപ്രില്‍ മുതല്‍ അവകാശികള്‍ക്ക് പെന്‍ഷന്‍ ലഭിക്കാതായി.1993ലെ സംസ്ഥാന പത്രപ്രവര്‍ത്തക പെന്‍ഷന്‍ പദ്ധതി പ്രകാരം പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന ഒരാള്‍ മരിച്ചാല്‍ 50 ശതമാനം കുടുംബ പെന്‍ഷന്‍ ലഭിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു. എന്നാല്‍, പത്രമാധ്യമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പെന്‍ഷന്‍ നല്‍കുന്നതു കനത്ത സാമ്പത്തിക ബാധ്യതയാണെന്ന് റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ധനവകുപ്പിന്റെ എതിര്‍പ്പ് കാരണമാണ് 2013 ഏപ്രില്‍ മുതല്‍ ആശ്രിത പെന്‍ഷന്‍ പദ്ധതി വര്‍ധിപ്പിച്ചു നല്‍കാത്തതെന്നും റിപോര്‍ട്ടില്‍ പറയുന്നു. പെന്‍ഷന്‍ പദ്ധതി ചട്ടം 5(2) പ്രകാരം സര്‍ക്കാര്‍ വിഹിതത്തോടൊപ്പം പത്രപ്രവര്‍ത്തകരുടെയും പത്രം ഉടമകളുടെയും സംഭാവന കൂടി ചേര്‍ത്താണ് പെന്‍ഷന്‍ നിധി രൂപീകരിച്ചിരിക്കുന്നത്. പെന്‍ഷന്‍ നിധി കുറഞ്ഞുപോയതു കൊണ്ടോ, കിട്ടാത്തതുകൊണ്ടോ ആശ്രിത പെന്‍ഷന്‍ നല്‍കാതിരിക്കുന്നതു ശരിയല്ലെന്നും പി മോഹനദാസ് ചൂണ്ടികാട്ടി. പത്രപ്രവര്‍ത്തകന്‍ ജോലി ചെയ്തിരുന്ന കാലത്ത് അംശാദായം അടയ്ക്കുന്നവെന്ന വസ്തുത പരിഗണിക്കുമ്പോള്‍ ആശ്രിത പെന്‍ഷന്‍ നല്‍കാതിരിക്കുന്നതു നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ്. പത്രപ്രവര്‍ത്തക അവകാശി പെ ന്‍ഷന്‍ ലഭിക്കാനുള്ളവര്‍ക്കു കുടിശ്ശിക സഹിതം തുക അടിയന്തരമായി ലഭ്യമാക്കണമെന്നു ഇന്‍ഫര്‍മേഷന്‍ ഡയറക്ടര്‍ക്കും ധനസെക്രട്ടറിക്കും നിര്‍ദേശം ന ല്‍കി.  പത്രപ്രവര്‍ത്തക പെന്‍ഷനേഴ്‌സ് അസോ. പ്രസിഡന്റ് പൂവച്ചല്‍ സദാശിവന്‍ നല്‍കിയ പരാതിയിലാണു നടപടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss