|    Oct 24 Tue, 2017 7:58 am
FLASH NEWS

ആശ്രാമം ലിങ്ക് റോഡ് തേവള്ളിയിലേക്കും നീട്ടുന്നു; ബജറ്റില്‍ 75 കോടി അനുവദിച്ചു

Published : 9th July 2016 | Posted By: SMR

കൊല്ലം: ആശ്രാമം ലിങ്ക് റോഡ് തോപ്പില്‍ കടവിന് പുറമെ തേവള്ളിയിലേക്കും നീട്ടുന്നു. പദ്ധതിക്കായി 75 കോടി രൂപ സംസ്ഥാന ബജറ്റില്‍ നീക്കി വച്ചു. മുനീശ്വരന്‍ കോവില്‍ മുതല്‍ താലൂക്ക് കച്ചേരി ജങ്ഷന്‍ വരെയായിരുന്നു ലിങ്ക് റോഡിന്റെ ആദ്യഘട്ടം. ഇത് വര്‍ഷങ്ങള്‍ക്ക് മുമ്പെ പൂര്‍ത്തിയായിരുന്നു. എന്നാല്‍ ഗതാഗതകുരുക്കിന് ഇത് പരിഹാരമാകുന്നില്ലെന്ന് കണ്ടതോടെയാണ് ലിങ്ക് റോഡ് തോപ്പില്‍ കടവ് വരെ നീട്ടാന്‍ അഞ്ച് വര്‍ഷം മുമ്പ് തീരുമാനിച്ചത്. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ചിരുന്നു. ലിങ്ക് റോഡ് തോപ്പില്‍ക്കടവ് വരെ നീട്ടുന്ന പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനമായ ഓലയില്‍ക്കടവ് വരെയുള്ള നിര്‍മാണത്തിനായിരുന്നു ടെന്‍ഡര്‍.
114 കോടി രൂപയുടെ പദ്ധതിയാണ് ഇത്. ബോട്ട് ജെട്ടി ഭാഗത്ത് 85 മീറ്റര്‍ റോഡ് നിര്‍മാണവും ഒരു കിലോമീറ്റര്‍ ഫ്‌ളൈ ഓവറുമാണ് പദ്ധതിയിലുള്ളത്. ഇതിനായി 85 മീറ്റര്‍ ഭൂമി ഏറ്റെടുക്കലും സര്‍ക്കാര്‍ വക ഭൂമിയുടെ കൈമാറ്റവും നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഹൈസ്‌കൂള്‍ ജങ്ഷനില്‍നിന്ന് ഓലയില്‍ കടവിലെത്തി അവിടെനിന്ന് ഫ്‌ളൈ ഓവര്‍ വഴി ആശ്രാമം ലിങ്ക് റോഡില്‍ എത്തിച്ചേരാനാകും.ലിങ്ക് റോഡ് ഓലയില്‍ കടവിലേക്ക് നീളുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശമനമാകും. വാഹനങ്ങള്‍ക്ക് ഇരുമ്പുപാലവും കെഎസ്ആര്‍ടിസി ജങ്ഷനും ഒഴിവാക്കി പോകാനാകും. 2013ല്‍ 63 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്ന പദ്ധതി പുതുക്കി 114 കോടിയാക്കി നിശ്ചയിക്കുകയായിരുന്നു. 2013ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും ചിലഭാഗങ്ങളില്‍ റോഡ് നിര്‍മിക്കാന്‍ കായല്‍ നികത്തണമെന്നതിനാല്‍ പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചിരുന്നില്ല.
എന്നാല്‍ അഷ്ടമുടിക്കായല്‍ തീരത്ത് 85 മീറ്റര്‍ റോഡ് നിര്‍മിക്കാനുള്ള അനുമതി പരിസ്ഥിതി വകുപ്പ് നല്‍കി. റോഡ് നിര്‍മാണത്തിനായി മൂന്ന് കുടുംബങ്ങളുടെ ഭൂമി വിലയ്ക്കു വാങ്ങുകയും ഇന്‍ലാന്‍ഡ് നാവിഗേഷന്‍, വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നിവിടങ്ങളില്‍നിന്നും ഭൂമി കൈമാറ്റം ചെയ്ത് കിട്ടുകയും ചെയ്തിരുന്നു. കൂടാതെ ജല ഗതാഗത വകുപ്പിന് കെട്ടിട നിര്‍മാണത്തിനായി പി കെ ഗുരുദാസന്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 75 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിരുന്നു. മാര്‍ച്ചില്‍ വിളിച്ച ടെന്‍ഡര്‍ തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങളില്‍പ്പെട്ട് നീണ്ടുപോയിരുന്നു. നിലവില്‍ വിളിച്ചിരിക്കുന്ന ടെന്‍ഡര്‍ തിങ്കളാഴ്ച തുറക്കുമെന്ന് മുന്‍ എംഎല്‍എ പി കെ ഗുരുദാസന്‍ തേജസിനോട് പറഞ്ഞു.
ഇതിന് പുറമെയാണ് തേവള്ളിയിലേക്ക് കൂടി ലിങ്ക് റോഡ് നീട്ടാനുള്ള പുതിയ പദ്ധതി. ഇത് മൂന്നാംഘട്ടമായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക