|    Jan 24 Tue, 2017 2:38 am

ആശുപത്രി ദുരന്തം: കത്തിയ ഭാഗങ്ങള്‍ മുദ്രവച്ചു; നാല് ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : 19th October 2016 | Posted By: SMR

ഭുവനേശ്വര്‍: 20 പേരുടെ ജീവനപഹരിച്ച ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് എസ്‌യുഎം ആശുപത്രിയിലെ അഗ്നിബാധയ്ക്കു പിന്നാലെ അന്വേഷണാര്‍ഥം കത്തിനശിച്ച ഭാഗങ്ങള്‍ പോലിസ് മുദ്രവച്ചു. പരിക്കുകളോടെ മറ്റ് ആശുപത്രികളിലേക്ക് മാറ്റിയവരുടെ ചികില്‍സയ്ക്കായി ഒഡീഷ സര്‍ക്കാര്‍ സംവിധാനം ഏര്‍പ്പെടുത്തി. 20 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. എന്നാല്‍, പരിക്കേറ്റവരെ ചികില്‍സിക്കുന്ന വിവിധ ആശുപത്രികള്‍ പറയുന്നത് മരണസംഖ്യ 22 ആയി എന്നാണ്.
14 പേരുടെ മൃതദേഹങ്ങള്‍ തലസ്ഥാനത്തെ ആശുപത്രിയിലും നാലു പേരുടേത് എഎംആര്‍ഐ ആശുപത്രിയിലും എത്തിച്ചതായി എസ്‌യുഎം ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യ സെക്രട്ടറി അര്‍ഥി അഹൂജ പറഞ്ഞു. ശരിയായ അന്വേഷണത്തിനായി അഗ്നിക്കിരയായ ആശുപത്രിയിലെ ഡയാലിസിസ് കേന്ദ്രവും ഐസിയു വാര്‍ഡും മുദ്രവച്ചതായും അദ്ദേഹം പറഞ്ഞു. ഭൂരിപക്ഷം പേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഇവരില്‍ മിക്കവരും ഐസിയുവിലെ വെന്റിലേറ്ററിലായിരുന്നവരായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരം എഐഎംഎസ് അധികൃതരെ വിവരം അറിയിച്ചതായും ആവശ്യമായ ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കിയതായും കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദ ഡല്‍ഹിയില്‍ പറഞ്ഞു.
തീപ്പിടിത്തത്തെ തുടര്‍ന്ന് 106 രോഗികളെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അഗ്നിബാധയില്‍ പൊള്ളലേറ്റ രോഗികള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നതെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി അതാനു സവ്യസാചി നായക് പറഞ്ഞു.
സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസ പരിശീലന ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. റവന്യൂ ഡിവിഷനല്‍ കമ്മീഷണര്‍ക്കും (ആര്‍ഡിസി) അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരിക്കേറ്റവര്‍ ചികില്‍സയില്‍ കഴിയുന്ന ആശുപത്രികള്‍ ഗവര്‍ണര്‍ എസ് സി ജമീര്‍ സന്ദര്‍ശിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റേയും എസ്‌യുഎം ആശുപത്രിയുടേയും നടത്തിപ്പുകാരായ ശിക്ഷ അനുസാധന്‍ യൂനിവേഴ്‌സിറ്റി (എസ്ഒഎ) വൈസ് ചാന്‍സലര്‍ അപകടത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാല് ആശുപത്രി ജീവനക്കാരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. പരിക്കേറ്റവരുടെ ചികില്‍സാ ചെലവ് വഹിക്കുമെന്നും വൈസ് ചാന്‍സലര്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത ഒഡീഷ മനുഷ്യാവകാശ കമ്മീഷന്‍ മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ആരോഗ്യ സെക്രട്ടറിക്കും അഗ്നിശമന സേനാ ഡയറക്ടര്‍ ജനറലിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഭുവനേശ്വര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്റ് എസ്‌യുഎം ആശുപത്രിയില്‍ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. ആശുപത്രിയുടെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. രാത്രി ഏഴരയോടെയാണ് സംഭവം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക