|    Jun 21 Thu, 2018 12:55 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആശുപത്രി ജീവനക്കാരെ ഒറ്റപ്പെടുത്തുന്നതായി പരാതി

Published : 25th May 2018 | Posted By: kasim kzm

കോഴിക്കോട്/തിരുവനന്തപുരം: നിപാ വൈറസ് ബാധയേല്‍ക്കുമെന്ന ഭീതിയില്‍ പേരാമ്പ്ര താലൂക്ക് ആശുപത്രി നഴ്‌സുമാരെ നാട്ടുകാരും വീട്ടുകാരും ഒറ്റപ്പെടുത്തുന്നതായി പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ആശുപത്രി സൂപ്രണ്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കി.
തങ്ങളെ ബസ്സിലും ഓട്ടോറിക്ഷയിലും കയറ്റാന്‍ സമ്മതിക്കുന്നില്ലെന്നും വീട്ടിലുള്ളവര്‍ പോലും അകലം പാലിക്കുന്നെന്നുമാണ് ഇവര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. നേരത്തേ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലാണ് നിപാ വൈറസ്ബാധമൂലം ആദ്യ മരണം റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരണമടഞ്ഞതിനു പിന്നാലെ ഇവരെ ചികില്‍സിച്ച നഴ്‌സ് ലിനിയും മരിച്ചതോടെയാണ് നാട്ടുകാര്‍ ആശുപത്രിയില്‍ നിന്നും നഴ്‌സുമാരില്‍ നിന്നും അകലം പാലിക്കുന്നത്. സ്വന്തം വീട്ടുകാര്‍ പോലും വീട്ടില്‍ കയറ്റാന്‍ മടിക്കുന്നെന്നാണ് നഴ്സുമാരുടെ ആരോപണം. പേരാമ്പ്രയിലെ താലൂക്ക് ആശുപത്രിയില്‍ 11 സ്ഥിരം നഴ്‌സുമാരും അഞ്ച് എന്‍ആര്‍എച്ച് നഴ്‌സുമാരുമാണ് ജോലിചെയ്യുന്നത്. ആശുപത്രിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മൂന്ന് കരാര്‍ നഴ്‌സുമാരും വരാതായി. നിപാ വൈറസിനെ സംബന്ധിച്ച് വാര്‍ത്തകള്‍ വന്നതോടെ ആശുപത്രിയിലേക്ക് രോഗികള്‍ വരാത്ത സാഹചര്യമാണ്. സമൂഹികമാധ്യമങ്ങള്‍ വഴിയുള്ള തെറ്റായ പ്രചാരണങ്ങളാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നഴ്‌സുമാര്‍ പറയുന്നു. ജീവനക്കാരെ ഒറ്റപ്പെടുത്താതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തുമെന്നും  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ വി ജയശ്രീ അറിയിച്ചു.
അതേസമയം, നിപാ വൈറസ് ബാധിച്ചവരെ ചികില്‍സിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെയും മരിച്ചവരുടെ ബന്ധുക്കളെയും അകറ്റി നിര്‍ത്തുന്ന സംഭവത്തില്‍ വനിതാ കമ്മീഷന്‍ റിപോര്‍ട്ട് തേടി. ഇത്തരം സമീപനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമെങ്കില്‍ ബോധവല്‍ക്കരണം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം സി ജോസഫൈന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജില്ലാ പോലിസ് മേധാവിക്കും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും കത്തയച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss