|    Dec 15 Sat, 2018 2:57 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആശുപത്രി ജീവനക്കാരുടെ മിനിമം വേതന വര്‍ധന അംഗീകരിക്കില്ല

Published : 30th April 2018 | Posted By: kasim kzm

കൊച്ചി: ആശുപത്രി ജീവനക്കാരുടെ മിനിമം വേതനം ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടി അന്യായമാണെന്ന് ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്റ്റീഷണേഴ്‌സ് അസോസിയേഷന്‍ (ക്യുപിഎംപിഎ). സര്‍ക്കാര്‍ വിജ്ഞാപനപ്രകാരമുള്ള വേതനം നല്‍കാന്‍ തയ്യാറല്ലെന്നും ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വ്യക്തമായ നടപടികള്‍ക്കുശേഷം മാത്രമേ ശമ്പളവര്‍ധന പരിഗണിക്കുകയുള്ളൂവെന്ന് ആരോഗ്യമന്ത്രി ആശുപത്രി ഉടമകള്‍ക്ക് ഉറപ്പുനല്‍കിയതാണ്. എന്നാല്‍, കൂടുതല്‍ ആലോചനകള്‍ക്കു നില്‍ക്കാതെ മുഖ്യമന്ത്രി തന്നിഷ്ടപ്രകാരമാണ് വേതനം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്.
ഇതിനു പിന്നില്‍ വ്യക്തമായ രാഷ്ട്രീയലക്ഷ്യമുണ്ടെന്ന് ക്യുപിഎംപിഎ പ്രസിഡന്റ് ഡേ. സി എം അബൂബക്കര്‍ പറഞ്ഞു. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ശമ്പള വര്‍ധന നടപ്പാക്കാന്‍ സര്‍ക്കാര്‍ ധൃതിപ്പെട്ട് ഉത്തരവിറക്കിയത്.
യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ചെങ്ങന്നൂരില്‍ സ്ഥാനാര്‍ഥിയെ ഇറക്കി പ്രതിഷേധമറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ശമ്പളം വര്‍ധിപ്പിക്കാന്‍ കാരണമായതെന്നും സി എം അബൂബക്കര്‍ ആരോപിച്ചു. മിനിമം വേതനത്തില്‍ മുന്‍കാലപ്രാബല്യം പാടില്ലെന്ന് ഹൈക്കോടതി 2013ല്‍ ഉത്തരവിറക്കിയതാണെന്നിരിക്കെ ഇക്കാര്യങ്ങള്‍ മറച്ചുവച്ചാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്‌നാട്ടിലെ വേതനത്തേക്കാള്‍ 127 ശതമാനമാണ് ഇവിടെ വര്‍ധിപ്പിച്ചിരിക്കുന്നത്.
ഇതുപോലൊരു വര്‍ധന ചെറുകിട ആശുപത്രികള്‍ക്കു താങ്ങാനാവില്ല. നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ ശമ്പള വര്‍ധന കൂടി താങ്ങാനാവാതെ അടച്ചുപൂട്ടേണ്ടിവരും. മിനിമം വേതന നിയമം പാലിച്ചുകൊണ്ട് ശമ്പള വര്‍ധന നടപ്പാക്കിയാല്‍ അംഗീകരിക്കാമെന്നും ക്യുപിഎംപിഎ അറിയിച്ചു.
നഴ്‌സുമാരുടെ അടിസ്ഥാന വേതനം 20,000 രൂപയും മറ്റു ജോലിക്കാരുടേത് 16,000 രൂപയുമാക്കിയാണ് സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഇതിനെ എതിര്‍ത്ത് കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷനും രംഗത്തുവന്നിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss