|    Jun 25 Mon, 2018 11:17 pm
FLASH NEWS

ആശുപത്രിയില്‍ ചില്ലറ ക്ഷാമം; രോഗികള്‍ക്ക് ഇരട്ടി ദുരിതം

Published : 1st December 2016 | Posted By: SMR

തലശ്ശേരി: 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച പഞ്ചാത്തലത്തില്‍ ചില്ലറ നോട്ടുകള്‍ക്ക് നേരിടുന്ന കടുത്ത ക്ഷാമം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ രോഗികളെയും കൂട്ടിരിപ്പുകാരെയും ദുരിതത്തിലാക്കുന്നു. മലബാറിലെ ഏറ്റവും വലിയ ജനറല്‍ ആശുപത്രിയായ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആയിരത്തിലേറെ രോഗികളാണ് കിഴക്കന്‍ മലയോര മേഖല ഉള്‍പ്പെടുന്ന സ്ഥലങ്ങളില്‍ നിന്നായി ചികില്‍സയ്‌ക്കെത്തുന്നത്. സാമ്പത്തികമായി പൊതുവെ പിന്നാക്കം നില്‍ക്കുന്നവരും കിഴക്കന്‍മലയോര മേഖലകളിലെ ദരിദ്രരായ രോഗികളും ഗര്‍ഭിണികളുമാണ് പതിവായി ഇവിടെയെത്തുന്നത്. രോഗം പിടിപെട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ അസുഖം ഭേദമാവാത്ത ഘട്ടത്തില്‍ മറ്റൊരു ഉയര്‍ന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്ക് രോഗികളെ റഫര്‍ ചെയ്യാനും ഡോക്ടര്‍മാര്‍ക്ക് കഴിയാത്ത സ്ഥിതിയാണുള്ളത്. ന്യൂറോളജി, ബോണ്‍ സര്‍ജ്ജറി ഉള്‍പ്പെടെ പ്രധാന ശസ്ത്രക്രിയകള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ കുറഞ്ഞ ചെലവിലാണ് നല്‍കുന്നത്. എന്നാല്‍, പണത്തിന്റെ ക്ഷാമം കാരണം അസുഖം ഭേദമാവാത്തതും തുടര്‍ ചികില്‍സ നിര്‍ബന്ധമായും ആവശ്യമുള്ളതുമായ രോഗികള്‍ പോലും മറ്റ് ആശുപത്രികളില്‍ പോവാനാവാതെ ജനറല്‍ ആശുപത്രിയില്‍ തുടരുകയാണ്. ഇതോടൊപ്പം ആംബുലന്‍സ്, ടാക്‌സികള്‍ എന്നിവയുടെ ഓട്ടവും ഏതാണ്ട് നിശ്ചലമായിട്ടുണ്ട്. ഏറ്റവും കുടുതല്‍ ഗര്‍ഭിണികള്‍ പ്രസവത്തിനായി അഡ്മിറ്റ് ചെയ്യപ്പെടുന്ന മലബാറിലെ ഏറ്റവും വലിയ ജനറല്‍ ആശുപത്രി തലശ്ശേരിയാണ്. പ്രസവവും തുടര്‍ന്ന് വരുന്ന നിരവധി ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്കുമായി ചെലവഴിക്കേണ്ടത് വന്‍ തുകകളല്ലെന്നിരിക്കെ അത്യാവിശ്യ സാധനങ്ങള്‍ വാങ്ങാന്‍ കഴിയാത്ത കൂട്ടിരിപ്പുകാരുടെുയം ബന്ധുക്കളുടെ സ്ഥിതിയും ദയനീയമാണ്. മരുന്ന്‌ഷോപ്പില്‍ നിന്നു മരുന്ന് വാങ്ങാനോ സ്‌റ്റേഷനറി കടകളില്‍ നിന്നു അത്യാവശ്യ സാധനങ്ങള്‍ വാങ്ങാനോ ഒരുവേള ഒരു തോര്‍ത്ത്, സോപ്പ്, ബക്കറ്റ്, മഗ്ഗ് എന്നിവ പോലും വാങ്ങാനോ കഴിയാത്ത അവസ്ഥയാണ്. ആശുപത്രി വികസന കമ്മിറ്റിയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനിലെ കച്ചവടം ഏതാണ്ട് കാല്‍ഭാഗമായി കുറഞ്ഞതായി കാന്റീന്‍ ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 5 മുതല്‍ ആരംഭിക്കുന്ന ചായ വിതരണത്തിന് പലപ്പോഴും കൂട്ടിരിപ്പുകാര്‍ എത്തുന്നത് വലിയ നോട്ടുകളുമായാണ്. കാന്റീന്‍ ഭാരവാഹികള്‍ ശേഖരിച്ചുവച്ച ചില്ലറകള്‍ പൊടുന്നനെ തീരുന്നതോടെ കച്ചവടം നടത്താനാവാത്ത അവസ്ഥയാണ്. കിഴക്കന്‍ മലയോരത്ത് നിന്നെത്തുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ പലപ്പോഴും സ്വന്തം വീട്ടിലേക്ക് തിരികെത്തിയാണ് പ്രാഥമിക ഭക്ഷണം പോലും കഴിക്കുന്നത്. യാത്ര ചെയ്യാനാവശ്യമായ ചില്ലറ നോട്ടുകള്‍പോലും ആശുപത്രിയിലെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ വാങ്ങുന്നതാണ്. ഇത്തരം ദുരിതം കഴിഞ്ഞ നവംബര്‍ 8 മുതല്‍ നിലനില്‍ക്കുകയുമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss