|    Aug 20 Mon, 2018 6:44 am
FLASH NEWS
Home   >  Kerala   >  

ആശുപത്രിയില്‍ ഗുണ്ടാവിളയാട്ടം; മൂന്നു ഡിവൈഎഫ്‌ഐക്കാര്‍ പിടിയില്‍

Published : 9th August 2018 | Posted By: sruthi srt

മല്ലപ്പള്ളി: പത്തനംതിട്ട മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഗുണ്ടാവിളയാട്ടം. മൂന്നുപേര്‍ അറസ്റ്റില്‍. മല്ലപ്പള്ളി മൂശാരിക്കവല മലങ്കല്ലുങ്കല്‍ വീട്ടില്‍ ഷെറിന്‍ ജോര്‍ജ്(19), സഹോദരന്‍ ജെറിന്‍ ജോര്‍ജ്(24), ജിഷോ ജോര്‍ജ് (23) എന്നിവരെയാണ് കീഴ്‌വായ്പൂര് പോലിസ് അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരും ജീവനക്കാരും ഒപിക്ക് മുമ്പില്‍ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാത്രി എട്ടിനാണ് സംഭവങ്ങളുടെ തുടക്കം. മുറിവേറ്റ നിലയില്‍ ആലുങ്കല്‍ വീട്ടില്‍ ലിബിനുമായി ബൈക്കിലെത്തിയ മൂവര്‍സംഘം ഒപിയിലെത്തി. ഈസമയം ഡ്യൂട്ടി ഡോക്ടര്‍ മറ്റൊരാളെ പരിശോധിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് രോഷാകുലരായ യുവാക്കള്‍ പുറത്തുനിന്ന സെക്യൂരിറ്റി ജീവനക്കാരനെയും ആംബുലന്‍സ് ഡ്രൈവറേയും കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു. ജീവനക്കാര്‍ അകത്തുകയറി ഗ്രില്ല് അടച്ചശേഷം കീഴ്‌വായ്പൂര് പോലിസിനെ വിവരമറിയിച്ചു.

അരമണിക്കൂര്‍ കഴിഞ്ഞാണ് പോലിസ് എത്തിയതെന്നും ഇതിനിടെ അക്രമിസംഘം ഗ്രില്ലില്‍ ചവിട്ടുകയും തങ്ങളെ മര്‍ദ്ദിച്ചതായും ജീവനക്കാര്‍ പറഞ്ഞു. തുടര്‍ന്ന് പോലിസ് മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. എന്നാല്‍, രാത്രി പത്തോടെ കസ്റ്റഡിയിലെടുത്ത മൂവര്‍സംഘം ഉള്‍പ്പെടെ പതിനഞ്ചോളം പേര്‍ ബൈക്കുകളിലെത്തി വീണ്ടും ഭീഷണി മുഴക്കി ആശുപത്രി അതിക്രമിച്ചു കയറാന്‍ ശ്രമിച്ചു. പ്രതികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. മെഡിക്കല്‍ സുപ്രണ്ടിന്റെ പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കീഴ്‌വായ്പൂര് സിഐ കെ സലീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മല്ലപ്പള്ളിയില്‍ നിന്നും പ്രതികളെ പിടികൂടിയത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ ഒപി മുടക്കി ജീവനക്കാര്‍ സമരം ആരംഭിച്ചതോടെ രോഗികളും വലഞ്ഞു. സ്ഥലത്തെത്തിയ ഇടതുസംഘടനയിലെ ചിലരുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് 11 മണിയോടെ ഡോക്ടര്‍മാര്‍ ഒപി പുനരാരംഭിച്ചു. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ പ്രതികളെ പോലിസ് സംരക്ഷിക്കാന്‍ ശ്രമിച്ചെന്നും ആക്ഷേപമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss