|    Dec 14 Fri, 2018 11:10 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആശുപത്രിയില്‍ കഴിയുന്ന വീട്ടമ്മയെ വിട്ടയക്കണം: മനുഷ്യാവകാശ കമ്മീഷന്‍

Published : 24th November 2018 | Posted By: kasim kzm

തൃശൂര്‍: തലയിലെ രക്തധമനി പൊട്ടി തൃശൂര്‍ സണ്‍ മെഡിക്ക ല്‍ ആന്റ് റിസര്‍ച്ച് സെന്ററില്‍ (ഹാര്‍ട്ട് ഹോസ്പിറ്റല്‍)ചികില്‍സയില്‍ കഴിയുന്ന വീട്ടമ്മയെ ആശുപത്രിയില്‍ നിന്നു വിടുതല്‍ ചെയ്യാന്‍ ജില്ലാ കലക്ടര്‍ ഇടപെടണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പി മോഹനദാസ് ഉത്തരവിട്ടു.
ചികില്‍സാ ചെലവിനുള്ള പണം നല്‍കുന്നത് കാരുണ്യ ബനവലന്റ് ഫണ്ടിന്റെ പരിഗണനയിലിരിക്കുന്ന പശ്ചാത്തലത്തിലാണ് ബില്ല് അടച്ചാല്‍ മാത്രം ഡിസ്ചാര്‍ജ് എന്ന പിടിവാശി ആശുപത്രി ഉപേക്ഷിക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടത്. തൃശൂര്‍ നെടുപുഴ വട്ടപ്പിന്നി ഉദയനഗറില്‍ പരേതനായ മുരളീധരന്റെ ഭാര്യ ഓമനയാണ് ആശുപത്രിയില്‍ കഴിയുന്നത്. അമ്മയുടെ ചികില്‍സാ ചെലവ് വഹിക്കാന്‍ മകന്‍ സുമേഷ് തന്റെ വൃക്ക വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. സംഭവം പത്രവാര്‍ത്തയായതോടെ കമ്മീഷന്‍ ഇടപെടുകയും ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു. രണ്ടര സെന്റ് സ്ഥലവും വീടുമുണ്ടെങ്കിലും അത് സുമേഷിന്റെ സഹോദരിയുടെ ചികില്‍സയ് ക്കായി പണയപ്പെടുത്തിയിരിക്കുകയാണ്. കൂലിവേല ചെയ്യുകയാണ് സുമേഷ്. ഏകദേശം അഞ്ചര ലക്ഷത്തിന് മുകളിലാണ് ബില്ല് അടയ്ക്കാനുള്ളത്. ബില്ല് അടയ്ക്കുന്നതിനുള്ള തുക കണ്ടെത്തുന്നതിനായി കാരുണ്യ ബനവലന്റ് ഫണ്ടിന് അപേക്ഷ നല്‍കി കാത്തിരിക്കുകയാണ് കുടുംബം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് സംസ്ഥാന പേരന്റ്, ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എം ജയപ്രകാശ് കമ്മീഷനില്‍ പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ വീണ്ടും വിഷയത്തില്‍ ഇടപെട്ടത്. കാരുണ്യയുടെ സഹായമില്ലാതെ ഓമനയുടെ മക്കള്‍ക്ക് ഇത്രയധികം ധനം കണ്ടെത്താനാവില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
തുക അടിയന്തരമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് കാരുണ്യ ബനവലന്റ് ഫണ്ട് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കമ്മീഷന്‍ നോട്ടീസയച്ചു. രോഗിയെ വിടുതല്‍ ചെയ്യാനുള്ള ശാരീരികാവസ്ഥയുണ്ടെങ്കില്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് കമ്മീഷന്‍ ഹാര്‍ട്ട് ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നോട്ടീസയച്ചു. ജില്ലാ കലക്ടര്‍, കാരുണ്യ അഡ്മിനിസ്‌ട്രേറ്റര്‍, ആശുപത്രി മാനേജര്‍ എന്നിവര്‍ സ്വീകരിച്ച നടപടികള്‍ മൂന്നാഴ്ചയ്ക്കകം കമ്മീഷനെ അറിയിക്കണം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss