|    Jan 22 Sun, 2017 7:52 pm
FLASH NEWS

ആശുപത്രിക്കെട്ടിടം പൂട്ടിയിട്ട് വര്‍ഷങ്ങളായി; രോഗികള്‍ വലയുന്നു

Published : 18th July 2016 | Posted By: SMR

പാറശ്ശാല: അടിസ്ഥാന സൗകര്യമുണ്ടായിട്ടും ആശുപത്രിക്കെട്ടിടം തുറന്നു പ്രവര്‍ത്തിക്കാതെ വര്‍ഷങ്ങളായി പൂട്ടിയ നിലയില്‍. കൊല്ലയില്‍ പഞ്ചായത്തിനു കീഴിലുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തിനാണ് കോടികള്‍ മുടക്കി നിര്‍മിച്ച ആശുപത്രിക്കെട്ടിടവും ഉപകരണങ്ങളും പൂട്ടിയിട്ട് തുരുമ്പെടുത്തു നശിക്കുന്നത്. കൊല്ലയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കിടത്തിച്ചികിത്സയ്ക്കായി 2009ല്‍ പുതിയ കെട്ടിടം നിര്‍മിച്ച് നാടിളക്കി കൊട്ടിയറിയിപ്പും വിളംബരവുമായി പത്തു കിടത്തിച്ചികിത്സാ വാര്‍ഡിനു തിരികൊളുത്തി രാഷ്ട്രീയനേട്ടങ്ങള്‍ ഉണ്ടാക്കിയിട്ട് ഇപ്പോള്‍ താലൂക്ക് ആശുപത്രിയിലും ജനറല്‍ ആശുപത്രിയിലും രോഗികള്‍ തറയില്‍ പായ വിരിച്ച് ചികിത്സ തേടുന്ന സ്ഥിതിയാണ്.
വര്‍ഷം ഏഴു കഴിഞ്ഞിട്ടും ഇതുവരെ ചികിത്സ ആരംഭിച്ചിട്ടില്ല. പത്തു കട്ടിലുകള്‍ തുരുമ്പെടുത്തു നശിച്ചപ്പോള്‍ മാസങ്ങള്‍ക്കു മുമ്പ് വീണ്ടും 15 കട്ടിലുകള്‍ കൊണ്ടിട്ടു. പുതുതായി നിര്‍മിച്ച കെട്ടിടത്തില്‍ കിടക്കകള്‍ അടക്കമുള്ള ആശുപത്രി ഉപകരണങ്ങള്‍ കാലഹരണപ്പെടുമ്പോള്‍ വര്‍ഷംതോറും ആശുപത്രി നവീകരണത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ ചെലവിടുന്നത് എന്തിനെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. ആശുപത്രിയില്‍ കിടത്തിച്ചികില്‍സ തുടങ്ങണമെങ്കില്‍ പിഎച്ച്‌സി കൂടുതല്‍ ജീവനക്കാരെ അനുവദിക്കണം. ഇവിടെ കുറഞ്ഞത് 16 ജീവനക്കാരെങ്കിലും വേണ്ടിവരുമെന്നതിനാല്‍ അതിനു ചട്ടമില്ലെന്ന നിലപാടിലാണ് അധികൃതര്‍. 25,000ല്‍ അധികം വരുന്ന ജനസംഖ്യയുള്ള കൊല്ലയില്‍ പഞ്ചായത്തില്‍ ദിനംപ്രതി ചികില്‍സ തേടി വരുന്നവരുടെ എണ്ണം മുന്നൂറിലധികമാണ്. ഇവിടെ ചികില്‍സ ലഭിക്കാത്ത അവസ്ഥയില്‍ പാറശ്ശാല താലൂക്ക് ആശുപത്രിയില്‍ എത്തണമെങ്കില്‍ ഏഴു കിലോമീറ്റര്‍ വരെ സഞ്ചരിക്കണം.
താലൂക്ക് ആശുപത്രിയില്‍ ചികില്‍സയ്ക്ക് എട്ട് കിലോമീറ്റര്‍ സഞ്ചരിക്കാന്‍ രോഗി തയ്യാറാവണമെന്ന നിലയിലാണിപ്പോള്‍. ഇവിടെ പ്രാഥമികാരോഗ്യകേന്ദ്രം പകല്‍ 10നും 4നും ഇടയ്ക്കു മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യസമയത്ത് ഡോക്ടറുടെ സേവനം ലഭിക്കാറില്ലാത്തതും രോഗികളെ വലയ്ക്കുന്നു. ഏതു കാലാവസ്ഥയിലും ഇവിടെ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. പഞ്ചായത്തിനു കീഴിലുള്ള ആരോഗ്യഭരണകേന്ദ്രവും ഈ കെട്ടിടേത്താട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നു. 16 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ ഇക്കുറി മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ട നിലയിലാണ്. പഞ്ചായത്തിലെ വാണിജ്യമേഖല അടങ്ങുന്ന വാര്‍ഡുകളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ തന്നെ പ്രദേശത്തു കാണാന്‍ കഴിയും.
മഴക്കാലമായതോടെ ജനങ്ങള്‍ ഭീതിയിലാണ്. പകര്‍ച്ചവ്യാധികള്‍ പിടിപെടുന്ന ഗ്രാമീണമേഖലയില്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിനു പ്രഥമ പരിഗണന നല്‍കേണ്ടവര്‍ ആശുപത്രിയുടെ അവസ്ഥ കണ്ടില്ലെന്നു നടിക്കുകയാണെന്ന് ജനങ്ങള്‍ പറയുന്നു. നിര്‍ധനരായ നൂറുകണക്കിനു പേരെത്തുന്ന ആശുപത്രിയുടെ വര്‍ഷങ്ങളായി തുടരുന്ന ദുരവസ്ഥയ്ക്കു പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 30 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക