|    Oct 22 Mon, 2018 12:08 am
FLASH NEWS

ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം; യുവതിയും കൂട്ടാളിയും പിടിയില്‍

Published : 28th September 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: ആശുപത്രികള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന സംഘത്തിലെ യുവതിയും കൂട്ടാളിയും പിടിയില്‍. പത്തനംതിട്ട ആറന്മുള ഇടശ്ശേരിമല പുതുവല്‍ ബിന്ദുരാജ് (അജിത-37), സഹായി പത്തനംതിട്ട റാന്നി മന്ദിരംപടി വേലന്‍പറമ്പില്‍ സുരേഷ്ബാബു (45) എന്നിവരെയാണ് ജില്ലാ പോലിസ് മേധാവി മുഹമ്മദ് റഫീഖിന്റെ നേതൃത്വത്തിലുള്ള ആന്റി സ്‌ക്വാഡ് സംഘം റാന്നിയില്‍ നിന്ന് പിടികൂടിയത്്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തു വരുന്നു. കോട്ടയം, തിരുവല്ലാ, പത്തനംതിട്ട, കോഴഞ്ചേരി, അടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ആശുപത്രികളിലും സമാനമായ നിലയില്‍ ഇവര്‍ മോഷണം നടത്തിയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ചങ്ങനാശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ രോഗികിടന്ന മുറിയില്‍ നിന്ന് ആറു പവന്‍ സ്വര്‍ണാഭരണങ്ങളും മറ്റൊരാശുപത്രിയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ 2000 രൂപയും മോഷണം പോയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലും ഒരു പുരുഷനും സ്ത്രീയുമാണ് മോഷ്ടാക്കളെന്നു കണ്ടെത്താനായി. തുടര്‍ന്ന് മോഷണം നടന്ന ആശുപത്രികളുടെ സിസിടിവി കാമാറകള്‍ പരിശോധിച്ചതില്‍ നിന്ന് ആശുപത്രികളില്‍ ഇവരുടെ സാന്നിധ്യം ഉള്ളതായി മനസ്സിലായി. തുടര്‍ന്നു ആറന്മുള സ്വദേശിയാണ് യുവതിയെന്നു മനസ്സിലാക്കി അവരുടെ വീട്ടില്‍ പോലിസ് എത്തിയപ്പോഴേക്കും ബാഗ്ലൂരിലേക്കു അവരും സഹായിയും മുങ്ങിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തില്‍ ബാഗ്ലൂരില്‍ ഇവര്‍ ഉള്ളതായും പോലിസിനു മനസ്സിലാക്കാനായി. തുടര്‍ന്നു ദിവസങ്ങള്‍ക്കു ശേഷം നാട്ടിലെത്തിയ സുരേഷിനെ റാന്നിയില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇയാളുടെ സഹായത്തോടെ കൂട്ടാളിയായ ബിന്ദുവിനെയും പിടികൂടാനായി. തുടര്‍ന്നു ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ രണ്ടു സ്വര്‍ണവളകളും ബാഗും സ്വര്‍ണം വിറ്റുലഭിച്ച 10,000 രൂപയും കണ്ടെടുത്തു. ഒപ്പം ഇവര്‍ ബാംഗ്ലൂരില്‍ താമസിച്ച ഹോട്ടലിന്റെ ബില്ലും കണ്ടെടുത്തിട്ടുണ്ട്. എക്‌സ്‌റേ എടുക്കുന്നതിനും മറ്റുമായി രോഗികളുടെ സ്വര്‍ണാഭരണങ്ങള്‍ ഊരി കൂട്ടിരിപ്പുകാര്‍ വാങ്ങുന്നതു ഇവര്‍ ശ്രദ്ധിക്കുകയും തുടര്‍ന്നു ഇവരുടെ മുറികള്‍ നിരീക്ഷിച്ചു രോഗികളുടെ സഹായിയായി എത്തിയുമായിരുന്നു ഇവര്‍ മോഷണം നടത്തിവന്നിരുന്നത്. ഭര്‍ത്താവുമായി ആറു വര്‍ഷമായി പിണങ്ങിക്കഴിയുന്ന യുവതി ഇയാളുമായി ചെങ്ങാത്തം കൂടിയാണു മോഷണം നടത്തിവന്നിരുന്നത്. മോഷണ മുതല്‍ വില്‍ക്കാന്‍ സുരേഷാണ് സഹായിച്ചിരുന്നത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടോയെന്നു പോലിസ് അന്വേഷിച്ചു വരികയാണ്. ഡിവൈഎസ്പി പി ആര്‍ ശ്രീകുമാര്‍, സിഐ പി കെ വിനോദ്, ഗുണ്ടാവിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ കെ കെ റെജി, അന്‍സാരി, മണികണ്ഠന്‍, അജു, ഓമന എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss