|    Apr 20 Fri, 2018 3:06 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആശുപത്രികളിലെ യൂസര്‍ ഫീ

Published : 9th October 2016 | Posted By: SMR

ചന്ദ്രകാന്ത് ലഹാരിയ

1990കളുടെ മധ്യത്തിലാണ് പല ദരിദ്ര-വികസ്വര രാജ്യങ്ങളിലും സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സാ ചെലവിന്റെ ഒരു പങ്ക് രോഗികളില്‍ നിന്ന് ഈടാക്കുന്ന സംവിധാനം നടപ്പാക്കാന്‍ തുടങ്ങിയത്. ഇങ്ങനെ ഫീസ് ഏര്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ ആശുപത്രികളില്‍ തിരക്കും അനാവശ്യ സന്ദര്‍ശനങ്ങളും ഒഴിവാക്കാന്‍ സഹായിക്കുമെന്നും മെച്ചപ്പെട്ട ചികില്‍സ അത് ആവശ്യമുള്ളവര്‍ക്കു മാത്രം നല്‍കാന്‍ പ്രയോജനപ്രദമാവുമെന്നുമായിരുന്നു അന്നു സങ്കല്‍പിക്കപ്പെട്ടിരുന്നത്. യൂസര്‍ ഫീ വഴി കിട്ടുന്ന വരുമാനം ബന്ധപ്പെട്ട ചികില്‍സാലയങ്ങളുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിനു പ്രയോജനപ്പെടുമെന്നും വാദമുണ്ടായി. എന്നാല്‍, ഇതിന്റെ മറുഭാഗത്ത്, യൂസര്‍ ഫീ വഴി വരുമാനം പ്രതീക്ഷിക്കുന്നതിനാല്‍ ആതുരശുശ്രൂഷാരംഗത്ത് സര്‍ക്കാരിന്റെ നിക്ഷേപം വെട്ടിക്കുറയ്ക്കുന്നതിനുള്ള നീക്കങ്ങളുമുണ്ടായി.
എന്നാല്‍, അധികം വൈകാതെ ഒരു കാര്യം വ്യക്തമായി: ഇത്തരം ഫീസുകള്‍ എത്രമാത്രം ചെറിയ സംഖ്യയാണ് ഈടാക്കിയതെങ്കിലും വലിയൊരു വിഭാഗം പാവപ്പെട്ട രോഗികളെ ആശുപത്രികളിലേക്കു പോവുന്നതില്‍ നിന്നു നിരുല്‍സാഹപ്പെടുത്തി. പലരും ചികില്‍സ തേടുന്നത് നീട്ടിക്കൊണ്ടുപോവുന്നതിനും ഇതു കാരണമായി. അത് പല രോഗികളിലും സ്ഥിതിഗതികള്‍ ഗുരുതരമാക്കാനാണ് സഹായകമായത്. മാത്രമല്ല, യൂസര്‍ ഫീ വഴി ഉണ്ടായ വരുമാനം ആതുരാലയങ്ങളുടെ നടത്തിപ്പിന്                 ഏതെങ്കിലും നിലയില്‍ സഹായകമാവാന്‍ പര്യാപ്തവുമായിരുന്നില്ല. ഈ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ പല ദരിദ്ര-വികസ്വര രാജ്യങ്ങളും പിന്നീട് പൊതു ചികില്‍സാരംഗത്തെ യൂസര്‍ ഫീ സമ്പ്രദായം ഉപേക്ഷിക്കുകയാണുണ്ടായത്.
ഇന്ത്യയില്‍ 2002ലെ ദേശീയ ആരോഗ്യനയം ആശുപത്രികളില്‍ യൂസര്‍ ഫീ ഈടാക്കുന്നതിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ദേശീയ ഗ്രാമീണ ആരോഗ്യ മിഷന്‍ (എന്‍ആര്‍എച്ച്എം) പ്രാദേശികതലത്തില്‍ വരുമാന വര്‍ധനയ്ക്കുള്ള സാധ്യതകളെയാണു ലക്ഷ്യമിട്ടത്. പല സേവനങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ ഇന്ന് ഫീസ് ഈടാക്കുന്നുണ്ട്. ദാരിദ്ര്യരേഖയ്ക്കു കീഴെയുള്ള വിഭാഗങ്ങളെ അത്തരം ചാര്‍ജുകളില്‍ നിന്ന് ഒഴിവാക്കാനുള്ള സംവിധാനം നിലവിലുണ്ടെന്നു മാത്രം. ഇന്ത്യയില്‍ ആശുപത്രികളിലെ യൂസര്‍ ഫീ സമ്പ്രദായം എങ്ങനെയാണ് ഏറ്റവും ദരിദ്രരായ ജനങ്ങളെ ബാധിച്ചത് എന്നതു സംബന്ധിച്ച വിശദമായ പഠനങ്ങളൊന്നും ലഭ്യമല്ല. 2005ന് മുമ്പുള്ള ചില പഠനങ്ങളില്‍ കണ്ടത് സാമ്പത്തികമായി ചില സ്ഥാപനങ്ങളെയെങ്കിലും ഇത്തരം ചാര്‍ജുകള്‍ സഹായിച്ചിട്ടുണ്ട് എന്നാണ്. എന്നാല്‍, 2005നു ശേഷം നടത്തിയ പല പഠനങ്ങളിലും കണ്ടത് ഫീസുകള്‍ ചുമത്തുന്നത് പൊതുവില്‍ ദരിദ്രവിഭാഗങ്ങള്‍ ആശുപത്രികളില്‍ ചികില്‍സ തേടുന്നതിനെ നിരുല്‍സാഹപ്പെടുത്തുന്നതായാണ്.
പല സര്‍ക്കാര്‍ ആശുപത്രികളിലും ഇപ്പോള്‍ തന്നെ സ്വകാര്യ വാര്‍ഡുകളുണ്ട്; അത്തരം സംവിധാനങ്ങളില്‍ മരുന്നിനും ചികില്‍സയ്ക്കും ചാര്‍ജ് നല്‍കുകയും വേണം. ചികില്‍സയ്ക്കു പണം നല്‍കാന്‍ കഴിവുള്ള വിഭാഗങ്ങളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ആകര്‍ഷിക്കാനും ആ പണം ദരിദ്രവിഭാഗങ്ങള്‍ക്കുള്ള സേവനം മെച്ചപ്പെടുത്തുന്നതിന് ഉപയോഗിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. വിദൂരപ്രദേശങ്ങളിലെ ആശുപത്രികളില്‍ പോലും ഇത്തരം സൗകര്യങ്ങള്‍ ലഭ്യമാണ്. മെച്ചമായ സൗകര്യങ്ങളുള്ള, എയര്‍കണ്ടീഷന്‍ ചെയ്ത മുറികളും അവിടെ ലഭ്യമാണ്. എന്‍ആര്‍എച്ച്എം ഫണ്ട് ഉപയോഗിച്ചാണ് ഇത്തരം സംവിധാനങ്ങള്‍ ഒരുക്കുന്നത്. യഥാര്‍ഥത്തില്‍ ഗ്രാമീണ ദരിദ്രരുടെ സൗകര്യം മെച്ചപ്പെടുത്താന്‍ ഉപയോഗിക്കേണ്ട പണം ഇങ്ങനെ ധനികവിഭാഗങ്ങള്‍ക്കു വേണ്ടി മാറ്റി ചെലവഴിക്കുകയാണ് ചെയ്യുന്നത്.
2016ല്‍ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍ സുപ്രധാനമായ ഒരു പ്രഖ്യാപനം നടത്തി: സര്‍ക്കാര്‍ ആശുപത്രികളില്‍ ഇനി മുതല്‍ യൂസര്‍ ഫീ ഈടാക്കുന്നതല്ല. അതേപോലെ സര്‍ക്കാര്‍ ആശുപത്രികളിലെ സ്വകാര്യ വാര്‍ഡുകള്‍ അടച്ചുപൂട്ടാനും ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. ജനറല്‍ വാര്‍ഡുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ സ്ഥലവും സൗകര്യവും ലഭിക്കുന്നതിനായാണ് സ്വകാര്യ വാര്‍ഡുകള്‍ പൂട്ടാന്‍ തീരുമാനിച്ചത്.
യൂസര്‍ ഫീ ഒഴിവാക്കിക്കിട്ടാന്‍ പാവപ്പെട്ടവര്‍ പല രേഖകളും സംഘടിപ്പിക്കണം. അത് അവര്‍ ചെയ്യുന്നത് ഉപജീവനത്തിനുള്ള ജോലികളില്‍ നിന്നു മാറിനിന്നുകൊണ്ടാണ്. പലപ്പോഴും രജിസ്‌ട്രേഷന്‍ കൗണ്ടറില്‍ ഇരിക്കുന്നയാളുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും അവര്‍ക്കു സാധിക്കുന്നില്ല. അതിന്റെ ഫലമായി സൗജന്യ ചികില്‍സയ്ക്കുള്ള അവരുടെ അവകാശവും നിഷേധിക്കപ്പെടുന്നു. തല്‍ഫലമായി മിക്ക അവസരങ്ങളിലും അവര്‍ക്കു യൂസര്‍ ഫീ അടച്ചു മാത്രം ചികില്‍സ തേടേണ്ട അവസ്ഥയാണ് വന്നുചേരുന്നത്. ഫീസ് ഒഴിവാക്കിക്കൊടുക്കാനുള്ള സംവിധാനങ്ങളുണ്ടെങ്കിലും അത് പ്രയോജനപ്പെടുന്നില്ല. ഒന്നുകില്‍ അയാള്‍ക്ക് അത് അറിയില്ല; അല്ലെങ്കില്‍ കൗണ്ടറിലെ ജീവനക്കാരന് ഫീസ് വഴി പരമാവധി വരുമാനമുണ്ടാക്കാനുള്ള ഉത്തരവാദിത്തമുണ്ട്. ഏതായാലും ഇത് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസദായകമായ സ്ഥിതിവിശേഷമല്ല.
സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സയ്ക്കു രോഗികള്‍ക്ക് ചെലവില്ലെന്നു പറയുന്നതും വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. അവര്‍ രാവിലെ മുതല്‍ ദീര്‍ഘനേരം ക്യൂവില്‍ നില്‍ക്കണം; നിത്യക്കൂലി കിട്ടുന്ന തൊഴില്‍ ഒഴിവാക്കിയാണ് അവര്‍ എത്തുന്നത്. മരുന്നുകള്‍ക്കും മറ്റു ടെസ്റ്റുകള്‍ക്കും അവര്‍ പണം ചെലവാക്കണം. ഡോക്ടര്‍മാരെ കാണാന്‍ പല തവണ ആശുപത്രിയില്‍ വരേണ്ടിവരും. അവര്‍ക്ക് മറ്റു വിഭാഗങ്ങളില്‍ നിന്നു വ്യത്യസ്തമായി സാമൂഹിക സുരക്ഷാ സംവിധാനങ്ങളോ ചികില്‍സാ ചെലവ് തിരിച്ചു ലഭിക്കാനുള്ള സൗകര്യങ്ങളോ ഇല്ല.
ചികില്‍സയ്ക്കു പണം നല്‍കാന്‍ തയ്യാറുള്ള രോഗികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ വരുന്നത് നല്ലതാണ്. അവര്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ ആവശ്യപ്പെടും. സ്റ്റാഫില്‍ നിന്ന് ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റത്തിനും നിര്‍ബന്ധിക്കും. എന്നാല്‍, വാസ്തവത്തില്‍ പണം നല്‍കാന്‍ കഴിവുള്ളവര്‍ ഇത്തരം ആശുപത്രികളില്‍ വരാനുള്ള സാധ്യത വളരെ വിരളമാണ്. ഒന്നാമത്, സ്വകാര്യ ആശുപത്രികള്‍ ധാരാളം. രണ്ടാമത്, സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പല വിധ കടമ്പകള്‍ കടക്കേണ്ടതായിട്ടുണ്ട്. മിക്കപ്പോഴും ഇത്തരം സ്വകാര്യ വാര്‍ഡുകള്‍ ഒന്നുകില്‍ ആശുപത്രി ജീവനക്കാരുടെ വേണ്ടപ്പെട്ടവര്‍ക്കോ അല്ലെങ്കില്‍ സര്‍ക്കാരില്‍ പിടിപാടുള്ളവര്‍ക്കോ ആയാണ് ഉപയോഗിച്ചുവരുന്നത്. അങ്ങനെ വരുമ്പോള്‍ ഇത്തരം വിഐപികള്‍ക്കു മാത്രമാണ് മെച്ചപ്പെട്ട സൗകര്യങ്ങളും ശ്രദ്ധയും ലഭിക്കുന്നത്. മാത്രമല്ല, ആശുപത്രിയിലെ പരിമിതികള്‍ കാരണം ജനറല്‍ വാര്‍ഡിലെ പാവപ്പെട്ട രോഗികള്‍ക്കു പലപ്പോഴും യാതൊരു ശ്രദ്ധയും ലഭിക്കുകയില്ല. ഫലം, സര്‍ക്കാര്‍ ആശുപത്രിയില്‍ പോലും കാശുള്ളവര്‍ക്ക് പ്രത്യേക പരിഗണന എന്ന അവസ്ഥയും.
തീര്‍ച്ചയായും സര്‍ക്കാര്‍ സൗകര്യങ്ങള്‍ പണം നല്‍കി ഉപയോഗിക്കാന്‍ തയ്യാറുള്ള രോഗികളുണ്ട്. അത്തരക്കാരെ ആട്ടിയോടിക്കുന്നത് ആശാസ്യവുമല്ല. അതിനാല്‍, സ്വകാര്യ വാര്‍ഡുകള്‍ നിര്‍ത്തുന്നതോടൊപ്പം തന്നെ ആശുപത്രികളിലെ സേവനം മെച്ചപ്പെടുത്താനുള്ള സംവിധാനവും സ്വീകരിക്കപ്പെടേണ്ടതാണ്. ഇത്തരം തീരുമാനങ്ങള്‍ രാജ്യത്തെ പൊതു ആരോഗ്യരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കു വഴിതെളിക്കുമെന്ന് തീര്‍ച്ചയാണ്.

(കടപ്പാട്: ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലി, ഒക്ടോ: 1, 2016.)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss