|    Apr 19 Thu, 2018 9:26 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ആശുപത്രികളിലെ നിരക്ക് ആഡംബര ഹോട്ടലുകളേക്കാള്‍ കൂടുതലെന്നു കോടതി

Published : 23rd March 2018 | Posted By: kasim kzm

കൊച്ചി: പല സ്വകാര്യ ആശുപത്രികളിലെയും ബെഡ് നിരക്ക് ആഡംബര ഹോട്ടലുകളേക്കാള്‍ കൂടുതലാണെന്നു ഹൈക്കോടതി വാക്കാല്‍ പറഞ്ഞു. നഴ്സുമാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച സര്‍ക്കാരിന്റെ അന്തിമ വിജ്ഞാപനത്തെ ചോദ്യംചെയ്തു കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍, കണ്ണൂര്‍ ലൂര്‍ദ് ആശുപത്രി എംഡി എന്നിവര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണു കോടതി വാക്കാല്‍ ഈ പരാമര്‍ശം നടത്തിയത്.
ഹൈക്കോടതി നിര്‍ദേശ പ്രകാരം നഴ്‌സുമാരുടെ സംഘടനയും ആശുപത്രി മാനേജ്‌മെന്റുകളും തമ്മില്‍ ചര്‍ച്ച നടക്കുമ്പോഴാണു സര്‍ക്കാര്‍ കരട് വിജ്ഞാപനം ഇറക്കിയതെന്ന് അസോസിയേഷന്‍ വാദിച്ചു. മധ്യസ്ഥ ചര്‍ച്ച ഒരു ആശുപത്രിയിലെ തൊഴില്‍ത്തര്‍ക്കം സംബന്ധിച്ചാണെന്നും നഴ്‌സുമാരുടെ ചുരുങ്ങിയ വേതനം സംബന്ധിച്ചല്ലെന്നും സര്‍ക്കാര്‍ ഇതിനു മറുപടി നല്‍കി. നഴ്‌സുമാരുടെ ഒരു സംഘടന സര്‍ക്കാരിനെ ഭയത്തില്‍ ബന്ദിയാക്കിയിരിക്കുകയാണെന്നും ഈ സംഘടന വിചാരിച്ചാല്‍ ആരോഗ്യമേഖല തകരുമെന്നു സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും അസോസിയേഷന്‍ വാദിച്ചു.
ശമ്പളത്തില്‍ 150 ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ സ്ഥിതി ഇങ്ങനെയല്ലെന്നും അവര്‍ വാദിച്ചു. തമിഴ്‌നാട്ടിലെയും കേരളത്തിലെയും ആരോഗ്യ പരിപാലനത്തിന്റെ നിലവാരം വ്യത്യസ്തമല്ലേയെന്ന് കോടതി തിരിച്ചുചോദിച്ചു. സര്‍ക്കാര്‍ അന്തിമ വിജ്ഞാപനം ഇറക്കിയ ശേഷം അതിനെ അസോസിയേഷന്‍ ചോദ്യംചെയ്യുന്നത് അല്ലേ ഉചിതമെന്നും കോടതി ചോദിച്ചു. ഈ മാസം 28ന് ശേഷം അന്തിമ വിജ്ഞാപനം ഇറക്കാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ വാദിച്ചു. അന്തിമ വിജ്ഞാപനത്തെ വേണമെങ്കില്‍ അസോസിയേഷന് ചോദ്യംചെയ്യാവുന്നതാണെന്നും സ്‌റ്റേറ്റ് അറ്റോര്‍ണി വാദിച്ചു.
കേസില്‍ കക്ഷി ചേര്‍ന്ന യുനൈറ്റഡ് നഴ്‌സസ് അസോസിയേഷനെ മാത്രം കേട്ടാല്‍ പോരെന്നും മറ്റു യൂനിയനുകളെ കൂടി കേള്‍ക്കണമെന്നും ആശുപത്രി അസോസിയേഷന്‍ തുടര്‍വാദമുന്നയിച്ചു. ഹൈക്കോടതി നിര്‍ദേശ പ്രകാരം ആശുപത്രി മാനേജ്‌മെന്റുകളുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ച പരാജയമായിരുന്നുവെന്നു യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ അഭിഭാഷകനും കോടതിയെ അറിയിച്ചു. തുടര്‍ന്ന് കേസ് കോടതി ഈ മാസം 27ലേക്കു മാറ്റി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss