|    Feb 26 Sun, 2017 11:39 am
FLASH NEWS

ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി ; ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 120 ഏക്കര്‍

Published : 25th October 2016 | Posted By: SMR

കല്‍പ്പറ്റ: ആശിക്കും ഭൂമി പദ്ധതിയില്‍ ജില്ലയില്‍ 342 കുടുംബങ്ങള്‍ക്കായി ഇതിനകം വിതരണം ചെയ്തത് 120 ഏക്കര്‍ ഭൂമി. മരണവുമായി മല്ലിടുന്ന അരിവാള്‍ രോഗികള്‍ക്ക് നല്‍കുന്നതിനു മാര്‍ക്കറ്റിലുള്ളതിലും കൂടുതല്‍ വില നല്‍കി കീടനാശിനി പ്രയോഗിക്കുന്ന തേയിലത്തോട്ടവും കുന്നിന്‍മുകളിലുള്ള സ്ഥലവും വാങ്ങിയത് അഴിമതി ആരോപണത്തിനു വഴിവച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജില്ലയില്‍ ആദിവാസികള്‍ക്ക് വിവിധ പദ്ധതികളില്‍ ഭൂമി വിതരണം ചെയ്തതിനു മറവില്‍ വന്‍ തട്ടിപ്പ് നടന്നുവെന്ന ആരോപണത്തില്‍ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആശിക്കുംഭൂമി, അരിവാള്‍ രോഗി പദ്ധതികളില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി വിലയ്ക്കുവാങ്ങി നല്‍കിയതില്‍ അഴിമതി നടന്നുവെന്ന് റവന്യൂ, പട്ടികവര്‍ഗ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയ സാഹചര്യത്തിലാണിത്. ഉത്തരവ് വിജിലന്‍സ് ഡയറക്ടര്‍ക്ക് ഉടന്‍ കൈമാറുമെന്നാണ് വിവരം. ഓരോ ഭൂരഹിത ആദിവാസി കുടുംബത്തിനും ഇഷ്ടപ്പെട്ട 25 സെന്റില്‍ കുറയാത്ത ഭൂമി വാങ്ങുന്നതിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ വരെ സഹായം നല്‍കുന്നതാണ് ആശിക്കും ഭൂമി ആദിവാസിക്ക് സ്വന്തം പദ്ധതി. 2014ല്‍ പ്രാവര്‍ത്തികമാക്കിയ ഈ പദ്ധതിയുടെ മറവില്‍ വസ്തു ദല്ലാളരുമായി ഒത്തുകളിച്ചും കൃഷിക്കും വാസത്തിനും യോഗ്യമല്ലാത്ത സ്ഥലങ്ങള്‍ വന്‍വില നിശ്ചയിച്ച് ആദിവാസികളില്‍ കെട്ടിയേല്‍പ്പിച്ചും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ലക്ഷക്കണക്കിനു രൂപ കീശയിലാക്കിയെന്നാണ് ആരോപണം. ഈ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പുറമെ വിവിധ ആദിവാസി സംഘടനാ നേതാക്കളെയും ഉള്‍പ്പെടുത്തി പര്‍ച്ചേസിങ് കമ്മിറ്റി രൂപീകരിച്ചിരുന്നു. 2015 ജൂണിനു ശേഷം കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു ഇടപാടുകള്‍. ആശിക്കുംഭൂമി പദ്ധതിയില്‍ 2015 ജൂണിനു ശേഷം നാമമാത്ര ഇടപാടുകളാണ് പൂര്‍ണമായി നടന്നത്. കൃഷിക്കും വാസത്തിനും യോജിച്ചതെന്ന് ആദിവാസി സംഘടനാ പ്രതിനിധികള്‍ ശുപാര്‍ശ ചെയ്ത പ്ലോട്ടുകളില്‍ ഭൂരിപക്ഷത്തിന്റെയും വിലനിര്‍ണയം നടത്തിയിട്ടില്ല. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നതിനു മറവില്‍ നടന്ന അഴിമതികളില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം കെപിസിസി അന്വേഷണവിധേയമാക്കിയിരുന്നു. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സമിതിയെയാണ് പാര്‍ട്ടി അന്വേഷണത്തിന് നിയോഗിച്ചത്. ഭൂമി ഇടുപാടുകളില്‍ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയ സമിതി ഇതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കോ പ്രവര്‍ത്തകര്‍ക്കോ പങ്കില്ലെന്നാണ് റിപോര്‍ട്ട് ചെയ്തത്. ഭൂമി ഇടപാടുകളില്‍ വിജിലന്‍സ് അന്വേഷണം കോണ്‍ഗ്രസ് സംസ്ഥാന, ജില്ലാ നേതൃത്വം നേരത്തെ സ്വാഗതം ചെയ്തിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day