|    Jun 21 Thu, 2018 2:48 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആശാറാം ബാപ്പുവിന് ജാമ്യമില്ല

Published : 31st January 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ലൈംഗിക പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി തള്ളി. അനാരോഗ്യം ചുണ്ടിക്കാട്ടി കേരളത്തില്‍ ആയുര്‍വേദ ചികില്‍സയ്ക്കു പോവണമെന്ന ആശാറാം ബാപ്പുവിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ജെ എസ് ഖേഹാര്‍ അധ്യക്ഷനായ ബെഞ്ചാണ് നിരസിച്ചത്. ആരോഗ്യനില മോശമാണെന്ന് വരുത്താനായി വ്യാജരേഖകള്‍ ചമച്ചതിന് ആശാറാം ബാപ്പുവിനോട് ഒരുലക്ഷം രൂപ പിഴയടക്കാനും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് നിര്‍ദേശിച്ചു. കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമായിരുന്നുവെന്ന് ആശാറാം ബാപ്പുവിന്റെ അഭിഭാഷകനും ചീഫ് ജസ്റ്റിസിനു മുമ്പാകെ കുറ്റസമ്മതം നടത്തി. വ്യാജരേഖ തയ്യാറാക്കുന്നതിനായി കൂട്ടുനിന്ന എല്ലാവര്‍ക്കെതിരെയും കോടതി അന്വേഷണത്തിനുത്തരവിട്ടു. ഹരജി പരിഗണിക്കവെ രാജസ്ഥാന്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ആശാറാം ബാപ്പുവിന് ജയിലില്‍ വച്ചു തന്നെ എല്ലാ ചികില്‍സയും നല്‍കാന്‍ തയ്യാറാണെന്നും ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച കോടതി, രണ്ടു സാക്ഷികള്‍ അടുത്തിടെ കൊല്ലപ്പെട്ട സംഭവം പരാമര്‍ശിച്ചു കേസിന്റെ വിചാരണ നീട്ടിക്കൊണ്ടു പോവാനാവില്ലെന്നും വ്യക്തമാക്കി. മൂത്രാശയ രോഗബാധിതനായതിനാല്‍ ആയുര്‍വേദ ചികില്‍സ വേണമെന്നാണ് എയിംസിലെ ഡോക്ടര്‍മാര്‍ തയ്യാറാക്കിയ മെഡിക്കല്‍ റിപോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ഇതോടൊപ്പം ആശാറാം അനാരോഗ്യമുള്ളയാളാണെന്നു പറയുന്ന ജയില്‍ സൂപ്രണ്ടിന്റെ പേരിലുള്ള കത്തും അഭിഭാഷകന്‍ കോടതിക്കു കൈമാറി. വിവരാവകാശ പ്രകാരം ജയില്‍ സൂപ്രണ്ടില്‍ നിന്നു ലഭിച്ച മറുപടിയിലാണ് ആശാറാം ബാപ്പു അസുഖബാധിതനാണെന്ന് പറയുന്നതെന്നായിരുന്നു കത്തിലുണ്ടായിരുന്നത്. എന്നാല്‍, വിവരാവകാശ അപേക്ഷയുടെ കാര്യം ജയില്‍ സൂപ്രണ്ട് നിഷേധിക്കുകയും ചെയ്തു.   ചികില്‍സയ്ക്കായി ജാമ്യം വേണമെന്ന അദ്ദേഹത്തിന്റെ ആവശ്യം  കഴിഞ്ഞ ആഗസ്തിലും കോടതി തള്ളിയിരുന്നു.ആരോഗ്യനില സംബന്ധിച്ച് വിശദ റിപോര്‍ട്ട് സമര്‍പ്പിക്കാനും സുപ്രിംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരമാണ് എയിംസിലെ ഡോക്ടര്‍മാര്‍ റിപോര്‍ട്ട് തയ്യാറാക്കിയത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ അടക്കം പീഡിപ്പിച്ച കേസില്‍ ജോധ്പൂര്‍ പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 2013 മുതല്‍ 77കാരനായ ആശാറാം ബാപ്പു ജയിലില്‍ കഴിയുകയാണ്. കേസിലെ രണ്ടുസാക്ഷികള്‍ നേരത്തേ കൊല്ലപ്പെട്ടിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss