|    Jun 22 Fri, 2018 5:22 am
FLASH NEWS

ആശാപുര കമ്പനിയുടെ നീക്കം കരുതിയിരിക്കണം: സര്‍വ കക്ഷി സംഘം

Published : 18th October 2016 | Posted By: Abbasali tf

കാസര്‍കോട്: സര്‍വകക്ഷി ജനകീയസമിതിയില്‍ വിള്ളലുണ്ടാക്കാനും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമായി ആശാപുര കമ്പനി വ്യാജപ്രചാരണം നടത്തുകയാണെന്ന് കിനാനൂര്‍-കരിന്തളം പഞ്ചായത്ത് സര്‍വകക്ഷി ജനകീയസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. 2003 മുതല്‍ പലവഴിക്കു ശ്രമം നടത്തിയിട്ടും ആശാപുര കമ്പനിയുടെ ഭീമന്‍ ഖനനപദ്ധതി നടപ്പിലാക്കാന്‍ കമ്പനിക്ക് കഴിഞ്ഞില്ല. 2007 മുതല്‍ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവന്ന് അതതുകാലത്തെ സര്‍ക്കാരുകളെക്കൊണ്ട് തീരുമാനമെടുപ്പിക്കാന്‍ ഖനനവിരുദ്ധപ്രക്ഷോഭം കൊണ്ട് സാധ്യമായിട്ടുണ്ട്. ഖനനപദ്ധതിക്ക് തടസം നില്‍ക്കുന്ന സര്‍വകക്ഷി ജനകീയ ഐക്യത്തെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ബോധപൂര്‍വമായ നീക്കമാണ് കമ്പനി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ളത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും കമ്പനിക്ക് അനുകൂലമായ ഉറപ്പുകള്‍ നല്‍കിയെന്ന പ്രചാരണമാണ് ആദ്യം നടത്തിയത്. ഇതു വിലപ്പോകാതെ വന്നപ്പോള്‍ റവന്യുമന്ത്രിക്കെതിരേ ആക്ഷേപവുമായി രംഗത്തുവന്നു. ജനകീയസമിതിയില്‍ ഒരു വിഭാഗം കമ്പനിയെ അനുകൂലിക്കുന്നവരാണെന്ന് പ്രചരിപ്പിച്ചു. ആശാപുര കമ്പനിക്ക് കരിന്തളം വില്ലേജില്‍ 500 ഏക്കര്‍ ഭൂമി അനുവദിച്ചുവെന്നാണ് ഏറ്റവുമൊടുവില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. കരിന്തളം വില്ലേജിലോ, പഞ്ചായത്തില്‍ മറ്റെവിടെയെങ്കിലുമോ കമ്പനിക്ക് ഒരു തുണ്ട് ഭൂമി പോലും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നതാണ് യാഥാര്‍ഥ്യം. ഇത്തരം വാര്‍ത്തകളിലൂടെ രാഷ്ട്രീയ വിവാദം സൃഷ്ടിച്ച് ജനകീയ ഐക്യം തകര്‍ക്കാമെന്ന കമ്പനിയുടെ വ്യാമോഹം നടക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. കഴിഞ്ഞ 14 വര്‍ഷത്തിനിടയില്‍ തുടര്‍ച്ചയായ പരാജയമാണ് കമ്പനിയുടെ നീക്കങ്ങള്‍ക്ക് ഉണ്ടായത്. 2003ല്‍ 2757 ഏക്കര്‍ ഭൂമിയില്‍ ഖനനത്തിനായി സമര്‍പ്പിച്ച അപേക്ഷ സംസ്ഥാന മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ശുപാര്‍ശയോടെ 2007ല്‍ കേന്ദ്ര ഖനിവകുപ്പിന്റെ അനുമതിക്കായി അയച്ചുകൊടുത്തു. 2007 ല്‍ കേന്ദ്ര ഖനിവകുപ്പ് അനുമതി നല്‍കി മൈനിങ് ലീസ് ഉത്തരവ് വന്നപ്പോള്‍ അത് 200 ഏക്കറിലേക്ക് പരിമിതപ്പെട്ടു. തുടര്‍ന്ന് പാരിസ്ഥിതിക അനുമതിക്കായി 2007ലും 2013ലും പരിസ്ഥിതി ആഘാത പത്രികകള്‍ തയ്യാറാക്കപ്പെട്ടുവെങ്കിലും അവയുടെ മേല്‍ പൊതുതെളിവെടുപ്പ് നടത്താനോ പരിസ്ഥിതി അനുമതി നേടാനോ ജനകീയ പ്രക്ഷോഭംമൂലം സാധ്യമായിട്ടില്ല. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ വ്യാപസായിക ശാസ്ത്രഗവേഷണ കേന്ദ്ര (സിഐഎസ്ആര്‍) ത്തിന്റെ കീഴിലുള്ള തിരുവനന്തപുരത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ ഡിസിലിനറി സയന്‍സ് ആന്റ് ടെക്‌നോളജി (എന്‍ഐഐഎസ്ടി) എന്ന സ്ഥാപനത്തെ പരിസ്ഥിതി പഠന റിപോര്‍ട്ട് തയ്യാറാക്കാന്‍ സമീപിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാറിന്റെ അനുമതിയില്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ പഠന പര്യവേഷണം നടത്താനുള്ള ഇവരുടെ ശ്രമം ജനങ്ങള്‍ അനുവദിച്ചില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. എല്ലാ വിധത്തിലും പരാജയപ്പെട്ടപ്പോഴാണ് പുതിയ വാദഗതിയുമായി ആശാപുര കമ്പനി രംഗത്തുവന്നതെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ഖനനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 24ന് വൈകിട്ട് സര്‍വകക്ഷി യോഗത്തിന്റെ നേതേൃത്വത്തില്‍ വിശദീകരണ യോഗം സംഘടിപ്പിക്കും. വാര്‍ത്താസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് എ വിധുബാല, സര്‍വകക്ഷി ജനകീയസമിതി കണ്‍വീനര്‍ ഒ എം ബാലകൃഷ്ണന്‍, കെ കെ നാരായണന്‍, സിപിഎം ഏരിയാ സെക്രട്ടറി ടി കെ രവി, സിപിഐ ലോക്കല്‍ സെക്രട്ടറി എന്‍ പുഷ്പരാജന്‍, കോ ണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സി വി ഗോപകുമാര്‍, ബിജെപി ജില്ലാകമ്മിറ്റിയംഗം കെ രാജഗോപാല്‍, കടലാടിപ്പാറ സംരക്ഷണസമിതി കണ്‍വീനര്‍ ബാബു ചെമ്പേന സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss