|    Dec 15 Sat, 2018 5:10 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ആശയസംവാദത്തിന് ശ്രീധരന്‍ പിള്ള തയ്യാറുണ്ടോ

Published : 21st November 2018 | Posted By: kasim kzm

കണ്ണൂര്‍: ശബരിമല വിഷയത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണ് സമരമെങ്കില്‍ ആശയപരമായ ഒരു സംവാദത്തിന് ശ്രീധരന്‍ പിള്ളയെ വെല്ലുവിളിക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ഭക്തരെ ബന്ദികളാക്കിയും പോലിസിനെ അക്രമിച്ചും പോലിസ് നടപടിയില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ത്രീകളെയും കുട്ടികളെയും കവചമായി മാറ്റുകയും ചെയ്യുന്നതില്‍നിന്ന് സംഘപരിവാരം പിന്തിരിയണം. അതല്ല, സര്‍ക്കാരിനെതിരെയാണ് സമരമെങ്കില്‍ ആ സമരം സെക്രട്ടേറിയറ്റിലേക്ക് മാറ്റണം. ബിജെപി ഇപ്പോള്‍ ശബരിമലയില്‍ നടത്തുന്നത് രാഷ്ട്രീയസമരമാണ്. ഇത് കഴിഞ്ഞ ദിവസം സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നടത്തിയ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. പിള്ള ഓരോ ദിവസവും മാറ്റിപ്പറയുന്ന പ്രസ്താവനകളില്‍ നിന്നുതന്നെ ഈ വിഷയത്തില്‍ ബിജെപിക്ക് കൃത്യമായ നിലപാടില്ലെന്നത് വ്യക്തമായി. സുപ്രിംകോടതി വിധി അംഗീകരിക്കുകയല്ലാതെ വേറെന്ത് ചെയ്യാനാവുമെന്നാണ് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിന്റെ പ്രതികരണം. ഇത് കേരളത്തിലെ ബി ജെപിക്കാരോടുള്ള ചോദ്യമാണ്. ശബരിമല തകര്‍ക്കാന്‍ കമ്മ്യൂണിസ്റ്റുകാര്‍ ശ്രമിക്കുന്നുവെന്നാണ് സംഘപരിവാരത്തിന്റെ പ്രചാരണം. യഥാര്‍ഥത്തില്‍ ശബരിമല വികസനത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ ശ്രമിച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണ്.
അതിനാല്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള ഇത്തരം പ്രചാരണങ്ങള്‍ ജനങ്ങളുടെ അടുത്ത് വിലപ്പോവില്ല. ശബരിമലയെ പിടിച്ചെടുക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്.
ഇതിനായി 50,000—ത്തോളം വോളന്റിയര്‍മാരെയാണ് ശബരിമലയിലേക്ക് സംഘപരിവാരം റിക്രൂട്ട് ചെയ്തിരിക്കുന്നത്. കലാപമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കാനാണു സംഘപരിവാരശ്രമം. അതിന് യുഡിഎഫ് കൂട്ടുനില്‍ക്കുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ യുഡിഎഫ് നേതാക്കളും പമ്പയിലെത്തി. ശബരിമലയിലേക്ക് പ്രവേശിക്കാനുള്ള സൗകര്യമുണ്ടായിട്ടും അവര്‍ പമ്പവരെയെത്തി മടങ്ങുകയായിരുന്നു. പ്രശ്‌നങ്ങളൊന്നുമില്ലെന്ന് മനസ്സിലാക്കിയ നേതാക്കള്‍ ഒരു പുകമറ സൃഷ്ടിക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമാണിത്. ബിജെപിയുടെ രണ്ട് എംപിമാരും ശബരിമല സന്ദര്‍ശിച്ചിട്ടുണ്ട്. ക്രിമിനല്‍ ആക്റ്റിവിസ്റ്റുകളായ ബിജെപിക്കാരെ മാത്രമാണ് അറസ്റ്റ് ചെയ്തത്. ഭീകരവാദികള്‍ക്ക് ആചാരവും വിശ്വാസവും ഒന്നുമില്ല. ബിജെപിയുടെ ബി ടീമായി യുഡിഎഫ് പ്രവര്‍ത്തിക്കരുത്. ഭരണഘടനയല്ല വിശ്വാസമാണ് പ്രധാനമെന്ന് പറയുന്ന ബിജെപി നിലപാടിനോട് സമരത്തില്‍ പങ്കെടുത്ത മുസ്‌ലിംലീഗും എം കെ മുനീറും അംഗീകരിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണം. വിശ്വാസമാണ് പ്രധാനമെങ്കില്‍ ബാബരിമസ്ജിദ് തകര്‍ത്ത് രാമക്ഷേത്രം പണിയണമെന്ന ബിജെപിക്കാരുടെ സമരത്തിന്‌ലീഗ് പിന്തുണനല്‍കുമോയെന്നും അദ്ദേ ഹം ചോദിച്ചു. സിപിഎമ്മിന്റെ ആഭിമുഖ്യത്തില്‍ 26ന് ഭരണഘടനാ സംരക്ഷണദിനം ആചരിക്കുമെന്നും കോടിയേരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss