|    Aug 19 Sun, 2018 6:10 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആശങ്ക ഉയര്‍ത്തുന്ന പുതുവര്‍ഷം

Published : 2nd January 2018 | Posted By: kasim kzm

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

അധികാരവും രാഷ്ട്രീയവും കൈയാളുന്നവര്‍ മനുഷ്യപ്രതീക്ഷകള്‍ തകര്‍ക്കുന്ന രഹസ്യ അജണ്ടയുമായാണ് 2018ന്റെ ഗതി നിര്‍ണയിക്കുക. അതുകൊണ്ട് വിപണി അടിസ്ഥാനത്തില്‍ ആഗോളബന്ധിതമായ ഈ ലോകത്തെ ജനങ്ങളെല്ലാം തന്നെ ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ ഈ അജണ്ടയുടെ ഇരകളായിത്തീരും.ലോക അജണ്ട അടുത്ത ഏഴു വര്‍ഷം കൂടി താന്‍ നിശ്ചയിക്കുമെന്ന് അഹങ്കരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎന്‍ കുടിയേറ്റ ഉടമ്പടിയില്‍ നിന്ന് പിന്മാറിയതു മുതല്‍ ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചത് അടക്കമുള്ള അജണ്ടകള്‍ പോയവര്‍ഷം ട്രംപ് പുറത്തെടുത്തു. ട്രംപിന്റെ പുതിയ നീക്കങ്ങളുടെ നയതന്ത്ര, സാമ്പത്തിക, സൈനിക പ്രത്യാഘാതങ്ങള്‍ ഓരോ രാജ്യത്തെയും എങ്ങനെ ബാധിക്കുമെന്ന് ബോധ്യപ്പെടുത്തുന്ന വര്‍ഷമാണ് പുലര്‍ന്നിരിക്കുന്നത്. കഴിഞ്ഞദിവസം ന്യൂയോര്‍ക്ക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് ഇങ്ങനെ ഊറ്റംകൊണ്ടു: ”മറ്റൊരു നാലു വര്‍ഷത്തേക്കു കൂടി ഞാന്‍ തിരഞ്ഞെടുക്കപ്പെടും. ഞാന്‍ വീണ്ടും അധികാരത്തില്‍ വരേണ്ടത് എല്ലാതരം മാധ്യമങ്ങളുടെയും ആവശ്യമാണ്. അല്ലെങ്കില്‍ അവരുടെ ‘റേറ്റിങ്’ കുത്തനെ ഇടിഞ്ഞുപോവും.”  2019ല്‍ തന്റെ വിജയം അനിവാര്യമാണെന്ന് ട്രംപിനെപ്പോലെ മോദിയും ഭാവിക്കുന്നു; തന്നെ വെല്ലുവിളിക്കാന്‍ മറ്റൊരാളില്ലെന്ന ആത്മവിശ്വാസത്തോടെ. എന്നാല്‍, ജനപിന്തുണ സമൂഹത്തിന്റെ അടിത്തട്ടില്‍ നിന്ന് സംഘശക്തിയായി ജ്വലിച്ചുയരുമെന്നും ഭരണനയങ്ങളെ വെല്ലുവിളിക്കുമെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ മോദി അനുഭവിച്ചറിഞ്ഞതാണ്. മോദിയുടെ വിജയമായി കണക്കാക്കിയ ജനവിധിക്കുശേഷം രൂപീകരിച്ച ഗുജറാത്ത് ഗവണ്‍മെന്റ് ആന്തരിക വൈരുധ്യം മൂലം പ്രതിസന്ധിയിലാണ്. വിജയ് രൂപാണി ഗവണ്‍മെന്റ് ആന്തരിക വൈരുധ്യത്താല്‍ തകരുന്നതോടെ തിരഞ്ഞെടുപ്പിന് 2019 വരെ കാത്തിരിക്കാന്‍ മോദിക്ക് സാധ്യമാവില്ല. 2018 അവസാനം പൊതുതിരഞ്ഞെടുപ്പിലേക്ക് പോവേണ്ടിവരും.അത്തരമൊരു രാഷ്ട്രീയ മിന്നലാക്രമണത്തിലേക്ക് നീങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ മോദി ഗവണ്‍മെന്റ് തുടങ്ങിയിട്ടുണ്ട്. അതിലൊന്നാണ് മുത്ത്വലാഖ് സംബന്ധിച്ചു ലോക്‌സഭയില്‍ അടിയന്തരമായി പാസാക്കിയ നിയമം. ബിജെപി കാണിക്കുന്ന ഈ വ്യഗ്രത മുസ്‌ലിം സ്ത്രീകളുടെ കണ്ണീരൊപ്പാനാണെന്നു കരുതാനാവില്ല. ഇതിനു പിന്നാലെ അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു കൂടി തുടക്കമിട്ടാല്‍ അടുത്ത പൊതുതിരഞ്ഞെടുപ്പിനുള്ള രാഷ്ട്രീയ ആയുധങ്ങള്‍ തയ്യാറാവും. മതവും ഭക്ഷണവും ചരിത്രവും ഭീകര പ്രവര്‍ത്തനവും രാജ്യദ്രോഹവും അജണ്ടകളാക്കി മൂന്നരവര്‍ഷത്തിലേറെ മുന്നോട്ടുപോയ മോദി ഭരണത്തിന്റെ വര്‍ഗീയ-രാഷ്ട്രീയ മിശ്രിതത്തില്‍ മുത്ത്വലാഖും രാമക്ഷേത്രവും കൂടിച്ചേരും.പക്ഷേ, ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസര്‍ തന്നെ യഥാര്‍ഥ സ്ഥിതി അക്കമിട്ടുനിരത്തുന്നു: ഗ്രാമങ്ങളില്‍ ബിജെപിയുടെ ശക്തി ചോര്‍ന്നു. ദലിത്-ആദിവാസി വോട്ടുകള്‍ നഷ്ടപ്പെട്ടു. നഗരങ്ങളിലെ സീറ്റുകള്‍ നിലനിര്‍ത്താനായതിനാലാണ് ഹാര്‍ദിക് പട്ടേലിനെ നിര്‍വീര്യനാക്കാനായത്. കോണ്‍ഗ്രസ്സിന്റെ 18 സീറ്റ് ബിജെപിക്ക് ലഭിച്ചപ്പോള്‍ ബിജെപിയുടെ 33 സീറ്റ് കോണ്‍ഗ്രസ്സിനു കിട്ടി. പ്രാദേശികമായി ശക്തമായ ഭരണവിരുദ്ധ ഘടകങ്ങള്‍ പ്രവര്‍ത്തിച്ചു.വിദര്‍ഭയിലും ആന്ധ്രയിലും കൃഷിക്കാര്‍ ആത്മഹത്യ ചെയ്തപ്പോള്‍ അവരുടെ കണ്ണീരു പതിഞ്ഞ ബാലറ്റുകളാണ് വാജ്‌പേയി ഗവണ്‍മെന്റിനെ താഴെയിറക്കിയത്. ഇപ്പോഴിതാ മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നും ആന്ധ്രയുടെ തെലങ്കാന അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും കര്‍ഷക ആത്മഹത്യകള്‍ നിത്യസംഭവമാവുന്നു. മറാത്ത്‌വാദയില്‍ ജനുവരി മുതല്‍ ഡിസംബര്‍ വരെ ആയിരത്തോളം കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ശരാശരി ഒരു ദിവസം മൂന്ന് കൃഷിക്കാരെങ്കിലും കടവും കൃഷിനാശവും പട്ടിണിയും കാരണം അവിടെ ആത്മഹത്യ ചെയ്യുന്നു.അതേസമയം, സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരുകയാണ്. മോദി ഭരണത്തില്‍ എട്ടു ശതമാനം വരുന്ന സമ്പന്നര്‍ രാജ്യത്തെ സമ്പത്തിന്റെ 80 ശതമാനവും കൈയടക്കിയതായി പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ശേഷിക്കുന്ന 20 ശതമാനം സമ്പത്താണ് 92 ശതമാനം ഇന്ത്യക്കാരുടെ വിഹിതം. വരുമാനത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ അസന്തുലിതാവസ്ഥ നേരിടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഈ വര്‍ത്തമാന യാഥാര്‍ഥ്യവും മോദിയുടെ പ്രചാരണവും തമ്മിലുള്ള ഏറ്റുമുട്ടലാകും ലോക്‌സഭാ വിധിയെഴുത്ത്.കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റും ഒട്ടേറെ രഹസ്യ അജണ്ടകളുമായാണ് പുതുവര്‍ഷത്തിലേക്ക് കടക്കുന്നത്. ഇപ്പോള്‍ വെളിപ്പെട്ട ഗുരുതരമായ വിഷയം ആദ്യം പറയട്ടെ. ഏറ്റവും സുതാര്യമായിരിക്കേണ്ട സാമ്പത്തിക സ്ഥിതിവിവരങ്ങള്‍ മറച്ചുപിടിച്ചെന്ന് ധനമന്ത്രി തോമസ് ഐസക് തന്നെ വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഓണത്തിനു മുമ്പ് സംസ്ഥാന ഗവണ്‍മെന്റ് നേരിട്ട പ്രതിസന്ധി പരിധിയില്‍ക്കവിഞ്ഞ് ട്രഷറി സേവിങ്‌സ് ബാങ്ക് വഴി കേരളം കടമെടുത്തതുകൊണ്ടായിരുന്നു. ധനവകുപ്പിന്റെ രഹസ്യ അജണ്ടയുടെ ഒരു ചെറിയ വെളിപ്പെടുത്തല്‍ മാത്രമാണ് ഐസക് പുറത്തുവിട്ടത്. ”നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാക്കരുതെന്നു കരുതി ഇതു സംബന്ധിച്ച് അധികം പരസ്യമായി പറയേണ്ടെന്നു കരുതി. സാമ്പത്തിക ഞെരുക്കത്തിന്റെ കാരണം അധികമാര്‍ക്കും മനസ്സിലായതുമില്ല”- പ്രതിസന്ധിയുടെ നൂല്‍പ്പാലം കടന്നപ്പോള്‍ മന്ത്രി സ്വന്തം ഫേസ്ബുക്കില്‍ വെളിപ്പെടുത്തി.കേരളത്തില്‍ പ്രതിപക്ഷമെന്നൊന്ന് ഉണ്ടെങ്കില്‍ അവരും സര്‍ക്കാരിനെ 24 മണിക്കൂറും നിരീക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളും ലജ്ജിക്കട്ടെ. കാരണം, കേരളം കടക്കെണിയിലാണെന്നും എന്നാല്‍, അതിന് ഉത്തരവാദി ജിഎസ്ടി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയാണെന്നുമാണ് ധനമന്ത്രി പറഞ്ഞുപോന്നത്. യഥാര്‍ഥ സാമ്പത്തിക സ്ഥിതി ജനങ്ങളില്‍ നിന്നും നിയമസഭയില്‍ നിന്നുപോലും മറച്ചുവച്ചു എന്നാണ് ധനമന്ത്രി വെളിപ്പെടുത്തുന്നത്. നാട്ടില്‍ അരക്ഷിതാവസ്ഥ ഉണ്ടാവുമെന്ന് ഭയന്നാണ് ഇതു ചെയ്തതെന്നും മന്ത്രി സമ്മതിക്കുന്നു.അപ്പോഴും മുഴുവന്‍ സത്യവും മന്ത്രി തുറന്നുപറയുന്നില്ല. ഓഖി ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു പ്രഖ്യാപിച്ച 20 ലക്ഷം രൂപയുടെ നഷ്ടപരിഹാരം പോലും സ്ഥിരനിക്ഷേപമായി ട്രഷറികളില്‍ സൂക്ഷിക്കാന്‍ തീരുമാനിച്ചതും ധനപ്രതിസന്ധി മൂലമാണ്. ആസൂത്രണവും വാര്‍ഷിക പദ്ധതിയും വാര്‍ഷിക ബജറ്റും കൃത്യവും സുതാര്യവുമായ സര്‍ക്കാരിന്റെ അവശ്യമായ സാമ്പത്തിക പ്രവര്‍ത്തന രീതിയാണ്. ഇത്തരത്തിലുള്ള ആസൂത്രണ സംവിധാനവും പ്രക്രിയയും നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ ഇല്ലായ്മ ചെയ്തു. നീതി ആയോഗ് എന്ന പേരിലുള്ള പുതിയ സംവിധാനം ഒരു അഡ്‌ഹോക് രീതിയായി നിലവില്‍വന്നിരിക്കുകയാണ്. സംസ്ഥാന ആസൂത്രണ ബോര്‍ഡും മറ്റും നിലവിലുണ്ടെങ്കിലും പ്രവൃത്തിയില്‍ ധനമന്ത്രി ആസൂത്രണവും സമ്പദ് വിതരണവും നേരിട്ടു നടപ്പാക്കുന്ന ഒരു പ്രക്രിയ സ്വീകരിച്ചിരിക്കയാണ്. ഇതാവട്ടെ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ വേറിട്ടുള്ള ബദല്‍ മാതൃകയാണെന്നും അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേരള ഗവണ്‍മെന്റ് വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി തന്നെ ഇപ്പോള്‍ പറയാന്‍ തുടങ്ങി. ചെലവു ചുരുക്കാനും ഗവണ്‍മെന്റില്‍ അമിത പ്രതീക്ഷ പുലര്‍ത്താതിരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെടുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റ് എന്തൊക്കെയോ ചെയ്യാന്‍ പോകുന്നുവെന്ന പ്രതീക്ഷയിലായിരുന്നു ജനങ്ങള്‍. രാഷ്ട്രീയ വിവാദങ്ങളുടെ മലിനീകരണത്തിനിടയില്‍ സംസ്ഥാനത്തിന്റെ യഥാര്‍ഥ സാമ്പത്തികാവസ്ഥ പുറത്തറിയിക്കാതെ പ്രതീക്ഷ നിലനിര്‍ത്താനുള്ള പ്രചാരണങ്ങളും വികസന പരിപാടികളുടെ പ്രഖ്യാപനങ്ങളുമായി മുന്നോട്ടുപോവുകയാണ് ഗവണ്‍മെന്റ്. എന്നിട്ടും ഒന്നും നടക്കുന്നില്ല, ഒന്നും ചെയ്യാനാവുന്നില്ല എന്ന തിരിച്ചറിവിലേക്ക് ജനങ്ങള്‍ എത്തിക്കഴിഞ്ഞു. വിദ്യാഭ്യാസരംഗത്തും ആരോഗ്യ ചികില്‍സാ മേഖലയിലും ഗവണ്‍മെന്റിന്റെ പരിമിതികളും പോരായ്മകളും ഇതിനകം പ്രകടമായി.                                         ി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss