|    Oct 19 Fri, 2018 4:10 am
FLASH NEWS

ആശങ്കയുടെ കയത്തില്‍ തകര്‍ന്ന വള്ളത്തിലെ യാത്ര; ആദിവാസികള്‍ക്കിത് ഞാണിന്മേല്‍ക്കളി

Published : 7th December 2015 | Posted By: SMR

വെള്ളറട: തകര്‍ന്ന വള്ളങ്ങളില്‍ ജീവന്‍ പണയപ്പെടുത്തി സഞ്ചരിക്കാന്‍ വിധിക്കപ്പെട്ടവരാണ് അമ്പൂരി, നെയ്യാര്‍ കാടുകളിലെ ആദിവാസികള്‍.
അമ്പൂരി വനത്തിലെ 11 സെറ്റില്‍മെന്റുകളില്‍ വസിക്കുന്ന 1200 ലധികം കാണിക്കാരുടെ പുറംലോകമാര്‍ഗം മായം-പുരവിമല, കുമ്പിച്ചല്‍കടവ്, ചങ്ങാട കടവ് കടത്തുവള്ളങ്ങളാണ്. ഈ വള്ളങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നവയാണ്. വള്ളങ്ങളില്‍ കയറുന്ന വെള്ളം കോരിമാറ്റിവേണം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും മറുകരയിലെത്താന്‍. ഇതിനിടെ വള്ളം മറിഞ്ഞ് നിരവധി മരണവുമുണ്ടായി. ആയിരങ്ങള്‍ക്ക് പരിക്കേറ്റു. അമ്പൂരി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മായം എല്‍പി, യുപി സ്‌കൂള്‍ എന്നിവിടങ്ങളില്‍നിന്ന് കാറിന്റെ ടയര്‍ ട്യൂബില്‍ തുഴഞ്ഞുവരുന്ന ചിത്രങ്ങള്‍ മുമ്പ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. ഉപജീവനത്തിനും ഇവര്‍ക്ക് നാടിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. മലഞ്ചരക്കുകള്‍ അമ്പൂരി, പനച്ചമൂട് മാര്‍ക്കറ്റുകളിലെത്തിച്ചാലേ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാനാവൂ. പ്രധാന സഞ്ചാരപാത അടഞ്ഞാല്‍ വനത്തില്‍ ആദിവാസികള്‍ ഒറ്റപ്പെടും. തുടര്‍ന്ന് പട്ടിണിമൂലവും പകര്‍ച്ചവ്യാധികള്‍ മൂലവും മരണമായിരിക്കും ഫലം.
പുരവിമല, കുമ്പിച്ചല്‍ കടവുകളില്‍ നടപ്പാലം നിര്‍മിക്കണമെന്നാവശ്യത്തിന് നാലുപതിറ്റാണ്ട് പഴക്കമുണ്ട്. കേന്ദ്ര സംസ്ഥാന ട്രൈബല്‍ വിങ്ങും വനം വകുപ്പും തമ്മിലുള്ള തര്‍ക്കങ്ങള്‍മൂലം ജനങ്ങളുടെ ജീവിതസുരക്ഷ അവഗണിക്കപ്പെട്ടു. നടപ്പാലം വന്നാല്‍ ഏതുരാത്രിയിലും ആദിവാസികള്‍ക്ക് മറുകര കടക്കാം. ആശുപത്രികളില്‍ പോവാം. പുലര്‍ച്ചെ ബസ് കയറാം. അതിന് ഭരണാധികാരികള്‍ കനിയണം. തിരഞ്ഞെടുപ്പു വേളകളില്‍ വിവിധ രാഷ്ട്രീയക്കാര്‍ മോഹനവാഗ്ദാനങ്ങളുമായി കാടുകയറുമെന്ന് ഇവര്‍ പറയുന്നു. തിരഞ്ഞെടുപ്പു കഴിഞ്ഞാല്‍ ഇവരെയാരും കാണുന്ന ചരിത്രം പോലും ഗിരിജനങ്ങള്‍ക്കില്ല. പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തും അമ്പൂരി ഗ്രാമപ്പഞ്ചായത്തുമാണ് ഇവിടെ കടത്തുവള്ളങ്ങള്‍ നിയന്ത്രിക്കുന്നത്. താല്‍ക്കാലിക ജീവനക്കാരാണ് കടത്തുകാര്‍. സ്ഥിരം ജീവനക്കാരന്‍ ഇവിടത്തെ കടവുകള്‍ പോലും കണ്ടിട്ടില്ല. താല്‍ക്കാലിക കടത്തുകാര്‍ കൂലിക്കുവേണ്ടി തകര്‍ന്ന വള്ളങ്ങള്‍ കടവിലിറക്കുന്നത് അപകടങ്ങള്‍ വര്‍ധിപ്പിക്കുന്നു. ബ്ലോക്കിന്റെ കീഴില്‍ സ്ഥിരം നിയമനം ലഭിച്ച കടത്തുകാരന്‍ കടവും കടത്തുവള്ളവും കണ്ടിട്ടേയില്ല. അയാള്‍ വാങ്ങുന്ന വലിയ ശമ്പളത്തിന്റെ ചെറിയ ഒരുഭാഗം ഇവിടത്തെ കടത്തുകാരന് നല്‍കുന്നു. തല്‍ഫലമായി കടത്തുകാര്‍ യാത്രക്കാരില്‍ നിന്നും കടത്തുകൂലി വാങ്ങാറുണ്ട്. യാത്രക്കാരില്‍ നിന്നും കൂലിവാങ്ങാന്‍ പാടില്ലെന്ന വ്യവസ്ഥകളൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ല. തൊഴില്‍ നഷ്ടപ്പെടാതിരിക്കുന്നതിനു വേണ്ടിയാണ് അപകടനിലയിലായ വള്ളങ്ങള്‍ ജലത്തിലിറക്കുന്നത്. കാരിക്കുഴിയില്‍ നടപ്പാലം നിര്‍മിക്കാന്‍ രണ്ടുപതിറ്റാണ്ട് മുമ്പ് തറക്കല്ലിട്ടിരുന്നു. കേന്ദ്ര ട്രൈബല്‍ ഫണ്ട്, സംസ്ഥാന ട്രൈബല്‍ ഫണ്ടുകളില്‍ നിന്നും 60 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കും കുറിക്കും മുമ്പ് വനം വകുപ്പ് തടസവാദങ്ങളായി രംഗത്തുവന്നത് പാലം പണിയെ തകര്‍ത്തു. മുങ്ങി മരണങ്ങളും അപകടങ്ങളില്‍ പരിക്കേല്‍ക്കലും പതിവായതോടെയാണ് നടപ്പാലത്തിനു വേണ്ടി അനുമതി നല്‍കാന്‍ സര്‍ക്കാരുകള്‍ നിര്‍ബന്ധിതരായത്. എന്നാല്‍ വനം വകുപ്പിന്റെ പിടിവാശിയില്‍ അധികാരികള്‍ക്കു മുട്ടുമടക്കേണ്ടി വന്നതാണ് നാടിന്റെ ശാപമായത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss