|    Mar 21 Wed, 2018 12:55 pm
Home   >  Editpage  >  Lead Article  >  

ആശങ്കകളും അസഹിഷ്ണുതയും

Published : 27th May 2016 | Posted By: SMR

രമേശ് ചെന്നിത്തല

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റിട്ട് രണ്ടുവര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ 120 കോടി ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ ആശങ്കകളുടെ കാര്‍മേഘപടലങ്ങള്‍ അനുദിനം ഏറിവരുകയാണ്. അനന്ത വൈവിധ്യങ്ങളുടെ മനോജ്ഞ സമ്മേളനമായ രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനും ജനാധിപത്യസ്ഥാപനങ്ങളുടെ കരുത്തും ചൈതന്യവും ചോര്‍ത്തി ഒരു ഏകാധിപത്യ ഭരണകൂടത്തിനനുസൃതമായി അവയെ പാകപ്പെടുത്തിയെടുക്കാനുമുള്ള ശ്രമങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. അറിവിന്റെ പ്രകാശഗോപുരങ്ങളായ ദേശീയ സര്‍വകലാശാലകളുടെ ജനാധിപത്യ-മതേതര-ബൗദ്ധിക സ്വഭാവത്തെ നശിപ്പിക്കുന്നതു മുതല്‍ വ്യക്തിയുടെ ആഹാരശീലങ്ങളിലേക്കു കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നതുവരെ, ഒരു ഫാഷിസ്റ്റ് ഭരണകൂടം എന്തൊക്കെ ചെയ്യുമോ അതെല്ലാം ചെയ്തുപോരുകയാണ് മോദിയുടെ നേതൃത്വത്തിലുള്ള സംഘപരിവാരത്തിന്റെ നിഴല്‍ഭരണകൂടം.
പ്രതിപക്ഷ ബഹുമാനമെന്നത് ജനാധിപത്യവ്യവസ്ഥയുടെ അന്തസ്സത്തയാണ്. വിയോജിപ്പുകള്‍ രാഷ്ട്രീയവും ആശയപരവുമായിരിക്കണം. എന്നാല്‍, ബിജെപി സര്‍ക്കാര്‍ ഭരണത്തിലേറിയ അന്നുമുതല്‍ സോണിയഗാന്ധിയടക്കമുള്ള പ്രതിപക്ഷനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജനമധ്യത്തില്‍ താറടിക്കാനുമുള്ള ശ്രമങ്ങള്‍ നിര്‍ലജ്ജം അരങ്ങേറുകയാണ്. അഗസ്ത വെസ്റ്റ്‌ലാന്‍ഡ് കേസില്‍ സോണിയഗാന്ധിയെ ഉള്‍പ്പെടുത്താനാവശ്യമായ തെളിവുകള്‍ സൃഷ്ടിച്ചുനല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി തന്നെ ഇറ്റാലിയന്‍ അധികൃതരോട് ആവശ്യപ്പെട്ടെന്ന മാധ്യമ റിപോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ ഒരു പ്രധാനമന്ത്രിക്ക് ഇത്രയേറെ അധപ്പതിക്കാന്‍ കഴിയുമെന്ന തിരിച്ചറിവും ഇന്ത്യന്‍ ജനതയ്ക്കുണ്ടായി. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ള കൂലിത്തല്ലുകാരെ വിലയ്‌ക്കെടുത്ത് പാര്‍ലമെന്റില്‍ വ്യാജ ആരോപണങ്ങളുയര്‍ത്തി. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങളിലെല്ലാംതന്നെ, അത് അഗസ്ത വെസ്റ്റ്‌ലാന്‍ഡിലായാലും നാഷനല്‍ ഹെറാള്‍ഡിലായാലും, ഏറൊട്ടുകൊണ്ടുമില്ല, വടിയൊട്ടൊടിയുകയും ചെയ്തു എന്നതായി മോദിസംഘത്തിന്റെ അവസ്ഥ.
നൂറ്റാണ്ടുകളായി ഭാരതീയസമൂഹം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ബഹുസ്വരത എന്ന മഹത്തായ സങ്കല്‍പ്പം ഭീഷണി നേരിട്ട കാലയളവായിരുന്നു ഈ രണ്ടുവര്‍ഷക്കാലം. ഇന്ത്യന്‍ സമൂഹത്തിന്റെ ചാലകശക്തിയായ മതേതരത്വവും ബഹുസ്വരതയും തകര്‍ത്ത് ഏകശിലാഖണ്ഡംപോലൊരു സമൂഹത്തെ നിര്‍മിച്ചെടുക്കുക, അതിലൂടെ ഒരു മതാധിഷ്ഠിത രാഷ്ട്രം യാഥാര്‍ഥ്യമാക്കുക എന്ന ആര്‍എസ്എസിന്റെ അജണ്ട പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യമാണ് മോദിക്കു മുമ്പിലുള്ളത്. ഈ ഫാഷിസ്റ്റ് ലക്ഷ്യത്തെ ജനങ്ങളില്‍നിന്ന് മറച്ചുവയ്ക്കാനുള്ള പട്ടുകുപ്പായങ്ങളാണ് അച്ഛാ ദിന്‍, കള്ളപ്പണം തിരിച്ചുകൊണ്ടുവരല്‍ തുടങ്ങിയ പൊള്ളയായ വാചാടോപങ്ങള്‍. ഒന്നു പറയുക, മറ്റൊന്നു പ്രവര്‍ത്തിക്കുക എന്നത് ഫാഷിസത്തിന്റെ അടിസ്ഥാന സ്വഭാവമാണ്. സത്യത്തെക്കാളേറെ നുണകളെ വിശ്വസിക്കാനാണ് ജനങ്ങള്‍ ഇഷ്ടപ്പെടുന്നതെന്ന് ഹിറ്റ്‌ലര്‍ എന്നും കരുതിയിരുന്നു. മോദിയും അതില്‍ കുറഞ്ഞ ഒരാളല്ലെന്നു വിശ്വസിക്കാനുള്ള എല്ലാ കാരണങ്ങളും നമുക്കു ചുറ്റുമുണ്ട്.
ന്യൂനപക്ഷങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യയിലെ മുസ്‌ലിം സമൂഹം ഭയാശങ്കകളോടെയാണ് മോദി സര്‍ക്കാരിനെ നോക്കിക്കാണുന്നത്. സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അന്യവല്‍ക്കരണങ്ങള്‍ അവരെ ദേശീയ മുഖ്യധാരയില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ബീഫ് ഉപയോഗിക്കുന്നവര്‍ മാത്രമല്ല, ഉപയോഗിച്ചെന്ന് സംശയിക്കപ്പെടുന്നവര്‍പോലും കൊല്ലപ്പെടണമെന്ന കാട്ടുനീതിയാണ് സംഘപരിവാരത്തിനു പഥ്യം. ബിഹാര്‍ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് മുഹമ്മദ് അഖ്‌ലാഖ് എന്ന ഹതഭാഗ്യന്‍ ബീഫ് ഉപയോഗിച്ചെന്ന സംശയത്തിന്റെ ഫലമായി മര്‍ദ്ദനമേറ്റു മരിച്ചത്. അദ്ദേഹത്തിന്റെ മകന്‍ സൈനികനാണെന്നുകൂടി ഓര്‍ക്കണം. ജാര്‍ഖണ്ഡില്‍ പശുവിനെ വെട്ടാന്‍ കൊണ്ടുവന്നുവെന്ന കാരണം പറഞ്ഞാണ് 15കാരനെ തല്ലിക്കൊന്നത്.
ഏതു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വന്നാലും ബിജെപിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം മതവികാരമാണ്. രാമക്ഷേത്രം, ബീഫ് നിരോധനം, ഏക സിവില്‍കോഡ് തുടങ്ങിയ തങ്ങളുടെ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും വര്‍ഗീയ ധ്രുവീകരണത്തിനായി അവര്‍ ഉപയോഗിക്കും. ഇതിനായി അവര്‍ക്ക് വിദഗ്ധരായ തീവ്രവാദി നേതാക്കളുണ്ട്. സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സാധ്വി നിരഞ്ജന്‍ ജ്യോതി തുടങ്ങിയവര്‍ ഇതിനായി പ്രത്യേകം പരിശീലിക്കപ്പെട്ടവരാണ്. ഇവര്‍ വമിപ്പിക്കുന്ന വര്‍ഗീയ വിഷജ്വാലയാണ് അഖ്‌ലാഖുമാരെ തച്ചുകൊല്ലാന്‍ വെറിപൂണ്ട അനുയായികള്‍ക്കു പ്രേരണ നല്‍കുന്നത്. ഇത്തരം കൊലപാതകങ്ങളെ അപലപിക്കാന്‍പോലും പ്രധാനമന്ത്രി തയ്യാറായില്ല. എന്തിന്, അസഹിഷ്ണുതയെ വിമര്‍ശിച്ചെന്ന കാരണത്താല്‍ അമീര്‍ഖാനെയും ഷാരൂഖ്ഖാനെയും പോലുള്ള ലോകം മുഴുവന്‍ ബഹുമാനിക്കുന്ന കലാകാരന്‍മാരോട് പാകിസ്താനിലേക്കു പോവാന്‍ വരെ സംഘപരിവാരത്തിന്റെ തീവ്രമുഖങ്ങള്‍ ആവശ്യപ്പെട്ടു. എന്തിനധികം, യുപിഎ സര്‍ക്കാര്‍ സ്ഥാപിച്ച ന്യൂനപക്ഷമന്ത്രാലയത്തിന്റെയും പ്രവാസിമന്ത്രാലയത്തിന്റെയും പ്രവര്‍ത്തനംപോലും മോദി അധികാരത്തിലെത്തിയതോടെ സ്തംഭിച്ചുകഴിഞ്ഞു.
കേന്ദ്രസര്‍വകലാശാലകളെ സമ്പൂര്‍ണമായി കൈപ്പിടിയിലൊതുക്കി സംഘപ്രത്യയശാസ്ത്രത്തിന് പുതിയ കുഴലൂത്തുകാരെ സൃഷ്ടിക്കാനുള്ള ശ്രമത്തെ ഇന്ത്യന്‍ യുവത്വം അതിധീരമായാണു നേരിട്ടത്. രോഹിത് വെമുലയെപ്പോലുള്ളവര്‍ സ്വന്തം ജീവിതം തന്നെ പ്രക്ഷോഭങ്ങളുടെ അള്‍ത്താരയില്‍ ബലിയായി നല്‍കിയപ്പോള്‍, കനയ്യകുമാറിനെപ്പോലുള്ളവര്‍ തടവറകളെപ്പോലും ഗൗനിക്കാതെ വര്‍ഗീയ ഫാഷിസത്തെ വെല്ലുവിളിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് മോദി സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിച്ച വര്‍ഗീയ അജണ്ടകളോടുള്ള ഇന്ത്യന്‍ യുവത്വത്തിന്റെ പ്രതിഷേധമാണ് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല തുടങ്ങിയ മികവിന്റെ കേന്ദ്രങ്ങളെയെല്ലാം സമരഭൂമികളാക്കി മാറ്റിയത്. അലിഗഡ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറും ഇന്ത്യന്‍ കരസേനയില്‍നിന്ന് ലഫ്റ്റനന്റ് ജനറല്‍ റാങ്കില്‍ വിരമിച്ചയാളും പ്രശസ്ത നടന്‍ നസ്‌റുദ്ദീന്‍ ഷായുടെ സഹോദരനുമായ സമീറുദ്ദീന്‍ ഷായെ അപമാനിക്കുന്നവിധത്തില്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പെരുമാറിയതായും വാര്‍ത്തകള്‍ വന്നു. കേരളത്തിലെ അലിഗഡ് കാംപസ് അടച്ചുപൂട്ടാനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ നടത്തിയെങ്കിലും ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അത് മാറ്റിവച്ചു.
ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുക എന്നത് ഫാഷിസ്റ്റുകളുടെ ഇഷ്ടവിനോദമാണ്. അരുണാചല്‍പ്രദേശിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ് സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കളിച്ച അധാര്‍മികവും മ്ലേച്ഛവുമായ രാഷ്ട്രീയ കളി ഇതിനു മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ്. തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളെല്ലാം അട്ടിമറിക്കപ്പെടണമെന്നു കരുതുന്നവര്‍ ജനാധിപത്യത്തിന്റെ അന്തകരാണ്. ജനങ്ങളുടെ ശത്രുക്കളും. സംഘപരിവാരത്തിന്റെ മാനിഫെസ്റ്റോയില്‍ ജനാധിപത്യം എന്ന വാക്കില്ലാത്തതുകൊണ്ട്‌മോദിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും അത്രവലിയ കാര്യമായിരിക്കില്ല. കേവലം 30 ശതമാനത്തില്‍ താഴെ വോട്ട് വാങ്ങി കേന്ദ്രഭരണത്തില്‍ അമര്‍ന്നിരിക്കുന്ന മോദിയും സംഘവും ഒരുകാര്യം മനസ്സിലാക്കണം- 70 ശതമാനത്തിലധികം ഇന്ത്യന്‍ പൗരന്‍മാര്‍ ഇപ്പോഴും നിങ്ങളുടെ സ്വാധീനവലയത്തിനു പുറത്താണ്. ഇന്ത്യയെ ഒരു ജനാധിപത്യ-മതേതര- ബഹുസ്വര സമൂഹമായി നിലനിര്‍ത്താന്‍ ഈ 70 ശതമാനത്തിനു കഴിയും. നിങ്ങള്‍ക്ക് വോട്ട് ചെയ്ത 30 ശതമാനംപോലും ബിജെപി വിരുദ്ധരായിക്കൊണ്ടിരിക്കുന്നുവെന്ന് ബിഹാറിലെ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നു.
ന്യൂനപക്ഷങ്ങളുടെ രക്ഷ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിലൂടെയാണ് എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. കോണ്‍ഗ്രസ്സിന് ന്യൂനപക്ഷങ്ങളോടുള്ള പ്രതിബദ്ധത തിരഞ്ഞെടുപ്പിലെ വിജയത്തെയോ പരാജയത്തെയോ ആശ്രയിച്ചല്ല നിലകൊള്ളുന്നത്. ഒന്നേകാല്‍ നൂറ്റാണ്ടായി ഈ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിത നയമാണത്. അതുകൊണ്ടുതന്നെ മൂന്നുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലൂടെ തന്നെ ഇന്ത്യയിലെ മതേതര വിശ്വാസികള്‍ മോദി ഭരണത്തിന് ചുട്ടമറുപടി നല്‍കുമെന്ന് എനിക്കുറപ്പാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss