|    Jun 24 Sun, 2018 8:47 pm
FLASH NEWS
Home   >  Sports  >  Cricket  >  

ആവേശ ക്ലൈമാസില്‍ മുംബൈക്ക് മൂന്നാം കപ്പ്

Published : 22nd May 2017 | Posted By: ev sports

ഹൈദരാബാദ്: ഐപിഎല്‍ 10ാം സീസണില്‍ മുംബൈ രാജാക്കന്‍മാര്‍. ആവേശം അവസാന ഓവറിലേക്കെത്തിയ മല്‍സരത്തില്‍ 1 റണ്‍സിനാണ് മുംബൈ വിജയം കൊയ്തത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സ് പടുത്തുയര്‍ത്തിയപ്പോള്‍ മറുപടി ബാറ്റിങില്‍ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 128 റണ്‍സെടുക്കാനെ പൂനെയ്ക്കായുള്ളൂ. അവസാന ഓവറുകളില്‍ സ്റ്റീവ് സ്മിത്തിനേയും മനോജ് തിവാരിയേയും അടുത്തടുത്ത പന്തുകളില്‍ പുറത്താക്കിയ മിച്ചല്‍ ജോണ്‍സനാണ് മുംബൈയ്ക്ക് വിജയം സമ്മാനിച്ചത്.

ജയിക്കാന്‍ 11 റണ്‍സ് വേണ്ടിയിരുന്ന അവസാന ഓവറിലെ ആദ്യ പന്ത് ബൗണ്ടറികടത്തിയ മനോജ് തിവാരി(7) പൂനെയ്ക്ക് വിജയ പ്രതീക്ഷ നല്‍കിയെങ്കിലും തൊട്ടടുത്ത പന്തില്‍ പൊള്ളാര്‍ഡിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. അര്‍ധ സെഞ്ച്വറിയോടെ ഒരുവശത്ത് നിലയുറപ്പിച്ച സ്റ്റീവ് സ്മിത്തിന്റെ (51) സിക്‌സര്‍ പറത്താനുള്ള ശ്രമം  അമ്പാട്ടി റായിഡുവിന്റെ കൈകളില്‍ അവസാനിച്ചതോടെ കളി മുംബൈ വരുതിയിലേക്കായി. അവസാന പന്തില്‍ പൂനെയ്ക്ക് ജയിക്കാന്‍ മൂന്ന് റണ്‍സ് വേണ്ടിയിരുന്നെങ്കിലും സ്‌ട്രൈക്ക് ചെയ്ത ഡാനിയല്‍ ക്രിസ്റ്റിയന് രണ്ട് റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. വിജയത്തിന്റെ പടിവാതുക്കല്‍ പൂനെ മല്‍സരം കൈവിട്ടപ്പോള്‍ ഒരു റണ്‍സിന്റെ ആവേശ ജയം മുംബൈയ്‌ക്കൊപ്പം നിന്നു. 10ാം സീസണില്‍ കിരീടം ചൂടിയതോടെ ഐപിഎല്ലില്‍ ഹാട്രിക് കിരീടം നേടുന്ന ആദ്യ ടീമെന്ന ബഹുമതിയും മുംബൈ ഇന്ത്യന്‍സിനൊപ്പം നിന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള മുംബൈ നായകന്‍ രോഹിത് ശര്‍മയുടെ തീരുമാനം തെറ്റായിപ്പോയെന്ന് തെളിയിക്കുന്ന ബാറ്റിങാണ് മുംബൈ താരങ്ങള്‍ പുറത്തെടുത്തത്. ഓപണര്‍മാരായ ലിന്‍ഡന്‍ സിമ്മണ്‍സും പാര്‍ഥിവ് പട്ടേലും റണ്‍സ് കണ്ടെത്താനാവാതെ വട്ടം കറങ്ങി. മിന്നും ബൗളിങ് പ്രകടനം പുറത്തെടുക്കുന്ന ജയദേവ് ഉനദ്ഗട്ടിന്റെ പന്തുകള്‍ മിന്നല്‍ വേഗത്തില്‍ കടന്നുപോയപ്പോള്‍ ആദ്യ രണ്ടോവറില്‍ മുംബൈയുടെ അക്കൗണ്ടില്‍ വെറും ഏഴ് റണ്‍സ് മാത്രം. രണ്ടാം ഓവറിലെ ആദ്യ പന്തില്‍ തന്നെ പാര്‍ഥിവ് പട്ടേലിനെ(4) ഉനദ്ഗട്ട് മടക്കി. കൂറ്റന്‍ ഷോട്ടിനെ ശ്രമിച്ച പട്ടേലിന്റെ ശ്രമം ശര്‍ദുല്‍ താക്കൂറിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. അതേ ഓവറിലെ നാലാം പന്തില്‍ ലിന്‍ഡന്‍ സിമ്മണ്‍സിനെ(3) ഉനദ്ഗട്ട് തകര്‍പ്പന്‍ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കിയപ്പോള്‍ മുംബൈ സ്‌കോര്‍ബോര്‍ഡ് 2.4 ഓവറില്‍ രണ്ട് വിക്കറ്റിന് എട്ട് റണ്‍സെന്ന നിലയിലായിരുന്നു.
15 പന്തില്‍ 12 റണ്‍സുമായി മികച്ച രീതിയില്‍ തുടങ്ങിയ റായിഡുവിനെ സ്റ്റീവ് സ്മിത്ത് റണ്ണൗട്ടാക്കിയതോടെ മുംബൈ വീണ്ടും സമ്മര്‍ദത്തിലായി. മികച്ച ഷോട്ടുകളോടെ രോഹിത് ശര്‍മ സ്‌കോര്‍ബോര്‍ഡ് മുന്നോട്ടുനയിക്കവെ ആദം സാംമ്പ രോഹിതിന്റെ വില്ലനായി. 22 പന്തില്‍ നാല് ഫോറുകള്‍ സഹിതം 24 റണ്‍സെടുത്ത രോഹിത് മടങ്ങുമ്പോള്‍ മുംബൈ സ്‌കോര്‍ബോര്‍ഡ് 10.1 ഓവറില്‍ നാല് വിക്കറ്റിന് 56 എന്ന നിലയിലായിരുന്നു.

ക്രിണാല്‍ പാണ്ഡ്യയുടെ ബാറ്റിങ്‌

മധ്യനിരയില്‍ ഏഴ് റണ്‍സെടുത്ത കീറോണ്‍ പൊള്ളാര്‍ഡിനെ സാംമ്പ മനോജ് തിവാരിയുടെ കൈകളിലെത്തിച്ചു.  ഹര്‍ദിക് പാണ്ഡ്യ(10) ഒരു സിക്‌സര്‍ പറത്തി തുടങ്ങിയെങ്കിലും ഡാനിയല്‍ ക്രിസ്റ്റ്യന്റെ പന്തില്‍ എല്‍ബിയില്‍ കുരുങ്ങി മടങ്ങി.  മികച്ച ഷോട്ടുകളുമായി കളിച്ച ക്രുണാല്‍ 38 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സറും പറത്തി 47 റണ്‍സ് പടുത്തുയര്‍ത്തിയതാണ് മുംബൈ സ്‌കോര്‍ബോര്‍ഡിനെ 129 റണ്‍സിലേക്കെത്തിച്ചത്. മിച്ചല്‍ ജോണ്‍സണ്‍ 14 പന്തില്‍ 13 റണ്‍സുമായി പുറത്താവാതെ നിന്നു.
മറുപടി ബാറ്റിങില്‍ മിന്നും തുടക്കമാണ് പൂനെയ്ക്ക് ലഭിച്ചത്. രാഹുല്‍ ത്രിപതി(3) പെട്ടെന്ന് മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റിലൊത്തുചേര്‍ന്ന സ്മിത്തും അജിന്‍ക്യ രഹാനെയും(44) 44 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി പൂനെയെ അനായാസം വിജയത്തിലെത്തിക്കുമെന്ന് കരുതിയെങ്കിലും മിന്നും ബൗളിങ്ങിലൂടെ മുംബൈ കളി കൈയ്യടക്കുകായിരുന്നു. ധോണി 10 റണ്‍സെടുത്ത് പുറത്തായി. മുംബൈയ്ക്ക് വേണ്ടി മിച്ചല്‍ ജോണ്‍സണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജസ്പ്രീത് ബൂംറ രണ്ട് വിക്കറ്റും സ്വന്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss