|    Nov 21 Tue, 2017 7:34 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ആവേശത്തിന്റെ ഗോള്‍വലകുലുക്കാന്‍  ഇതിഹാസം ഇന്നെത്തും

Published : 24th January 2016 | Posted By: SMR

ആബിദ്

കോഴിക്കോട്: കാല്‍പ്പന്തുകളിയെ നെഞ്ചേറ്റുന്ന കോഴിക്കോട്ടെ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ ഇന്നെത്തും. പന്ത് കൊണ്ട് അദ്ഭുതങ്ങള്‍ തീര്‍ക്കുന്ന പ്രിയ താരത്തെ വരവേല്‍ക്കാനും ഒരുനോക്കു കാണാനും നഗരം ഒരുങ്ങിക്കഴിഞ്ഞു. മഞ്ഞപ്പടയുടെ മിന്നും താരം മലബാറിന്റെ മടിത്തട്ടിലെത്തുന്നത് കാത്തിരിക്കുകയാണ് നഗരം. മലയാളികളുടെ ഫുട്‌ബോള്‍ ഭ്രാന്ത് അതിന്റെ കൊടുമുടിയിലെത്തിക്കുന്നതില്‍ വലിയ പങ്ക് വഹിച്ച സേട്ട് നാഗ്ജി ടൂര്‍ണമെന്റിന്റെ തുടര്‍ച്ചയെന്നോണം നടക്കുന്ന നാഗ്ജി ഇന്റര്‍ നാഷനല്‍ ക്ലബ്ബ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രാന്റ് അംബാസഡറായാണ് താരം എത്തുന്നത്.
റൊണാള്‍ഡിഞ്ഞോയെ കാല്‍പ്പന്തുകളിക്കാരുടെ സൂപ്പര്‍സ്റ്റാറാക്കി മാറ്റിയ ആ കരിയില കിക്കിന്റെ ഓര്‍മകളിലാണ് കളിഭ്രാന്തന്‍മാര്‍. 2002 ജൂണ്‍ 21ന് ജപ്പാനിലെ സിഷുഓക്ക സ്‌റ്റേഡിയത്തിലെ നിറഞ്ഞുകവിഞ്ഞ ആരാധകരെ സാക്ഷിയാക്കി നീലനിറത്തിലുള്ള ജഴ്‌സിക്കുള്ളിലെ മഹാമാന്ത്രികന്‍ തൊടുത്തുവിട്ട മനോഹരമായ കിക്ക് മറക്കാന്‍ കളി ആരാധകര്‍ക്ക് ഒരിക്കലുമാവില്ല. ഏഷ്യ വേദിയായ പ്രഥമ ലോകകപ്പായിരുന്നു അത്.
പതിവ് തെറ്റിച്ച് നീലനിറത്തിലുള്ള ജഴ്‌സിയണിഞ്ഞാണ് ബ്രസീല്‍ ഇംഗ്ലണ്ടിനെതിരായ ക്വാര്‍ട്ടറിനിറങ്ങിയത്. മല്‍സരം സമനിലയിലായിരിക്കെ 50ാം മിനിറ്റില്‍ ബ്രസീലിന്റെ മിഡ്ഫീല്‍ഡര്‍ ക്ലൊബോഴ്‌സണനെ ഇംഗ്ലണ്ട് താരം പോള്‍ സ്‌കോള്‍സ് ഫൗള്‍ ചെയ്തതിനെത്തുടര്‍ന്ന് ബ്രസീലിന് വീണുകിട്ടിയതാണ് ഫ്രീകിക്ക്. വലതു പാര്‍ശ്വത്തില്‍ നിന്ന് പോസ്റ്റിലേക്ക് 35 വാര അകലം. റഫറി റാമോസ് ഫിലിപ്പിന്റെ വിസിലിന് അകമ്പടിയായി ഗാലറിയില്‍ സാംബാ നൃത്തവും ആര്‍പ്പുവിളിയും. റൊണാള്‍ഡിഞ്ഞോയുടെ വലതു ബൂട്ടില്‍ നിന്ന് ഒരു ഫ്രീകിക്ക്. ഇംഗ്ലണ്ടിന്റെ മതില്‍കെട്ടുകള്‍ ബേധിച്ച് കറങ്ങിക്കറങ്ങി ഇംഗ്ലണ്ടിന്റെ കാവല്‍ക്കാരന്‍ ഡേവിഡ് സീമാന്റെ അടുത്തേക്ക്. സീമാന്‍ പിറകിലേക്കിറങ്ങി ഉയര്‍ന്നു ചാടി കൈയുയര്‍ത്തി… ഒന്നു തട്ടിയകറ്റാന്‍… പക്ഷേ, എല്ലാം വിഫലം. പോസ്റ്റിന്റെ മുകളിലെ മൂലയിലൂടെ പന്ത് പതുക്കെ വലയിലേക്ക്… അതേ, അത് ലോകം കണ്ടതിലേറ്റവും മികച്ച ഗോളുകളിലൊന്നായി, റൊണാള്‍ഡിഞ്ഞോ വാഴ്ത്തപ്പെട്ടവനുമായി.
ഗോളിലേക്കുള്ള പ്രയാണത്തിനിടെ കരിയിലപോലെ വായുവില്‍ മലക്കം മറിഞ്ഞ് പന്ത് വലയിലെത്തുന്നുവെന്നതാണ് കരിയില കിക്കിന്റെ പ്രത്യേകത. കളിയില്‍ ചുവപ്പു കാര്‍ഡ് വാങ്ങി പുറത്തേക്ക് പോവേണ്ടിവന്നെങ്കിലും ക്വാര്‍ട്ടറിലെ രണ്ടാം ഗോള്‍ നേരിട്ട് വലയിലെത്തിച്ചും ആദ്യഗോളിന് കാരണക്കാരനായും റൊണാള്‍ഡിഞ്ഞോ തന്നെയായിരുന്നു ആ കളിയിലെ താരം. അങ്ങിനെ ബ്രസീലിന് ലോകകപ്പ് നേടിക്കൊടുത്ത 2002ലെ മല്‍സരത്തില്‍ ലോകം ഒരു പുതിയ താരോദയത്തിനു കൂടി സാക്ഷിയായി.
ദുബയില്‍ നിന്ന് റൊണാള്‍ഡീഞ്ഞോയേയും വഹിച്ചുകൊണ്ടുള്ള വിമാനം രാവിലെ 8.10 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തും. അവിടെ നിന്നു പ്രത്യേക വിമാനത്തില്‍ ഒമ്പതോടെ കരിപ്പൂര്‍ വിമാനത്താവളത്തിലും. കടവ് റിസോര്‍ട്ടിലാണ് താമസമൊരുക്കിയിരിക്കുന്നത്. കരിപ്പൂര്‍ മുതല്‍ കടവ് റിസോര്‍ട്ട് വരെ വരെ റോഡിനിരുവശവും മനുഷ്യച്ചങ്ങല തീര്‍ത്ത് ആരാധകര്‍ അദ്ദേഹത്തിന് അഭിവാദ്യമര്‍പ്പിക്കും.
വൈകീട്ട് ആറിന് കോഴിക്കോട് കടപ്പുറത്തെ ഓപണ്‍ സ്റ്റേജില്‍ നടക്കുന്ന ചടങ്ങില്‍ നാഗ്ജി ട്രോഫി, റൊണാള്‍ഡീഞ്ഞോ, സേഠ് നാഗ്ജി കുടുംബാംഗങ്ങളില്‍ നിന്നും ഏറ്റുവാങ്ങും. ട്രോഫി ടൂര്‍്ണമെന്റ് സംഘാടകരായ കെഡിഎഫ്എ മുണ്ഡ്യാല്‍ സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ് എല്‍എല്‍പി ഭാരവാഹികളെ ഏല്‍പ്പിക്കും. റൊണാള്‍ഡിഞ്ഞോയുടെ പ്രസംഗത്തിന് ശേഷം പുതിയ നാഗ്ജി ട്രോഫിയുമായി നഗരം വലംവയ്ക്കും. റൊണാള്‍ഡിഞ്ഞോ കൈയൊപ്പു ചാര്‍ത്തിയ ആരാധകര്‍ക്കിടയിലേക്ക് അടിക്കും. ലഭിക്കുന്നവര്‍ക്ക് അത് സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക