|    Apr 26 Thu, 2018 1:52 am
FLASH NEWS

ആവേശം കൊട്ടിക്കയറി; ഇനി നിശ്ശബ്ദ പ്രചാരണം

Published : 1st November 2015 | Posted By: SMR

കല്‍പ്പറ്റ: ചൂടേറിയ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കും സ്ഥാനാര്‍ഥി നിര്‍ണയത്തിനുമൊടുവില്‍ തുടങ്ങിയ ശക്തമായ പ്രചാരണത്തിന് കൊട്ടിക്കലാശം. ഇനി നിശ്ശബ്ദ പ്രചാരണം.
പരസ്യ പ്രചാരണം ഇന്നലെ വൈകീട്ട് അഞ്ചോടെ അവസാനിച്ചു. പരസ്യപ്രചാരണത്തിന്റെ അവസാന നിമിഷങ്ങള്‍ നഗര-ഗ്രാമ വ്യത്യാസമില്ലാതെ സ്ഥാനാഥികളും പാര്‍ട്ടി പ്രവര്‍ത്തകരും ആവേശത്തിമിര്‍പ്പിലായിരുന്നു.
മുന്‍വിധികളെ അസ്ഥാനത്താക്കി ഇഞ്ചോടിഞ്ച് പോരാട്ടത്തിനു വഴിയൊരുങ്ങിയെന്ന സൂചനകളായിരുന്നു അവസാന നിമിഷങ്ങള്‍ നല്‍കിയത്. ചിലയിടങ്ങളില്‍ ആവേശം അതിരുവിട്ടപ്പോള്‍ സംഘര്‍ഷത്തിന്റെ വക്കോളമെത്തി. പോലിസ് ഏറെ പണിപ്പെട്ടാണ് സംഘര്‍ഷം ഒഴിവാക്കിയത്. ബൈക്ക് റാലിക്കൊപ്പം കൊട്ടും കുരവുയുമൊക്കെയായിട്ടായിരുന്നു കലാശം.
ആദ്യഘട്ടത്തില്‍ പ്രചാരണം അല്‍പം മന്ദഗതിയിലായിരുന്നുവെങ്കിലും മുന്നണികളില്‍ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിഞ്ഞതോടെ പ്രചാരണം ആവേശകരമായി. കഴിഞ്ഞ ദിവസങ്ങളില്‍ വീടുകള്‍ കയറിയിറങ്ങിയായിരുന്നു വോട്ടുതേടല്‍.
നിലവില്‍ ഭൂരിഭാഗം ഗ്രാമപ്പഞ്ചായത്തുകളിലും യുഡിഎഫ് ആണ് ഭരിക്കുന്നത്. നിലവിലെ വികസനവും സംസ്ഥാന സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും ചൂണ്ടിക്കാട്ടിയായിരുന്നു യുഡിഎഫ് പ്രചാരണം.
വികസനവിരുദ്ധതയും അഴിമതിയും യുഡിഎഫ് മുഖമുദ്രയാക്കിയെന്ന ആരോപണങ്ങളിലൂന്നിയാണ് എല്‍ഡിഎഫ് പ്രചാരണം നടത്തിയത്. ബദല്‍ സാധ്യതകളുയര്‍ത്തി എസ്ഡിപിഐ ശക്തമായ പ്രചാരണത്തിലൂടെ നിരവധി പഞ്ചായത്തുകളില്‍ നിര്‍ണായക ശക്തിയായി മാറിക്കഴിഞ്ഞു. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡുകളില്‍ വിജയം ഉറപ്പിച്ചു.
കേന്ദ്രഭരണത്തിന്റെ മറവില്‍ ഇത്തവണ സാന്നിധ്യമുറപ്പിക്കാന്‍ ശ്രമം നടത്തിയ ബിജെപിക്ക് പ്രചാരണത്തിന്റെ അവസാനനാളുകളിലുണ്ടായ സംഭവവികാസങ്ങള്‍ കനത്ത തിരിച്ചടിയായിട്ടുണ്ട്. ദലിത്-ന്യൂനപക്ഷ വേട്ടയും ബീഫ് വിവാദവുമെല്ലാമാണ് തരിച്ചടിയായത്. ഏതായാലും പരമാവധി വോട്ടുകള്‍ പെട്ടിയിലാക്കുകയെന്ന ലക്ഷ്യത്തോടെ വോട്ടര്‍മാരെയെല്ലാം ഒരിക്കല്‍ കൂടി കണ്ട് വോട്ടഭ്യര്‍ഥിക്കുന്നതിനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികളെല്ലാം.
കല്‍പ്പറ്റയില്‍ നടന്ന യുഡിഎഫ് കൊട്ടിക്കലാശത്തിന് റസാഖ് കല്‍പ്പറ്റ, പി പി ആലി, എ പി ഹമീദ്, സി മൊയ്തീന്‍കുട്ടി, ഗിരീഷ് കല്‍പ്പറ്റ, കെ കെ രാജേന്ദ്രന്‍, സി ജയപ്രസാദ്, ബീരാന്‍കോയ, കേയംതൊടി മുജീബ്, ഡി രാജന്‍, നന്ദകുമാര്‍, സാലി റാട്ടക്കൊല്ലി, കെ അജിത, വി പി ശോശാമ്മ, വസന്തകുമാരി, സരോജിനി നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss