|    Nov 17 Sat, 2018 5:55 am
FLASH NEWS
Home   >  Editpage  >  Lead Article  >  

ആവിഷ്‌കാരങ്ങള്‍ക്കു ഭീഷണി’

Published : 14th August 2018 | Posted By: kasim kzm

കെ പി പ്രകാശന്‍

രാജിയും ഒരു പ്രവര്‍ത്തനമാണ്’ എന്നു പറഞ്ഞത് എം എന്‍ വിജയന്‍ മാഷാണ്. സങ്കീര്‍ണമായ സാംസ്‌കാരിക-രാഷ്ട്രീയാവസ്ഥകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുമ്പോള്‍ അധികാര രാഷ്ട്രീയത്തിന്റെ ദല്ലാളുകളെ ഞെട്ടിക്കുന്ന ഇടിമുഴക്കമായി ആ വാക്കുകള്‍ കേരളത്തില്‍ ഏറെ നാള്‍ മുഴങ്ങിക്കൊണ്ടിരുന്നു. ഇപ്പോള്‍ എസ് ഹരീഷ് എന്ന നോവലിസ്റ്റ് തന്റെ നോവല്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതും സവിശേഷമായ ഒരു സാംസ്‌കാരിക ഇടപെടല്‍ തന്നെയാണ്.
ഹിന്ദുത്വ തീവ്രവാദികള്‍ നടത്തിയ സംഘടിത ആക്രമണങ്ങളെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതായി എഴുത്തുകാരന്‍ വെളിപ്പെടുത്തിയത്. ഒറ്റനോട്ടത്തില്‍ എഴുത്തുകാരന്റെ ഭീരുത്വം കലര്‍ന്ന ഒളിച്ചോട്ടമായി ഇതു തോന്നാമെങ്കിലും സമീപകാല കേരളത്തിന്റെ (ഇന്ത്യയുടെയും) രാഷ്ട്രീയ-സാംസ്‌കാരിക പശ്ചാത്തലത്തില്‍ വിഭിന്ന മാനങ്ങളുള്ള ഒരു സാംസ്‌കാരിക പ്രയോഗം തന്നെയാണിതെന്നു കാണാവുന്നതാണ്.
എഴുത്തുകാരന്‍ പലപ്പോഴും ഒറ്റപ്പെട്ടതും ഏകാന്തവുമായ, നിരന്തരം അസ്വസ്ഥഭരിതമാവുന്ന ജീവിതത്തെ നേരിട്ടുകൊണ്ടിരിക്കുന്ന ഒരാളാവും. സാമൂഹിക സംഘര്‍ഷങ്ങളുടെ അലയൊലികള്‍ ഒരു സാമൂഹിക പ്രവര്‍ത്തകനിലോ രാഷ്ട്രീയക്കാരനിലോ സൃഷ്ടിക്കുന്ന പ്രതികരണമാവില്ല അയാളില്‍ ഉണ്ടാക്കുക. ഭീരുത്വം പോലും അയാളുടെ ഒരു സര്‍ഗാത്മക സാധ്യതയായിത്തീരും. അത്യന്തം സ്വകാര്യമെന്നു കരുതുന്ന ചില നീക്കങ്ങള്‍ ഭൂത-വര്‍ത്തമാനങ്ങളെ സ്പര്‍ശിച്ച് ഭാവിയെ നിര്‍ണയിക്കുന്നതായിത്തീരാറുണ്ട്.
കേരളത്തിന്റെ സാമൂഹിക ജീവിതത്തെ ചൂഴ്ന്നുനില്‍ക്കുന്ന സാംസ്‌കാരിക ഫാഷിസത്തിന്റെ ഭീഷണിയെ അലസമായി സമീപിക്കുന്ന രീതിയെയാണ് ഹരീഷിന്റെ തീരുമാനം പിടിച്ചുലച്ചത്. ഒരെഴുത്തുകാരനെതിരേ ഉയരുന്ന ആള്‍ക്കൂട്ട വിചാരണ പൊതു സാമൂഹിക പ്രശ്‌നമായി പരിഗണിക്കപ്പെടാറില്ല. സെലക്ടീവ് പ്രതികരണങ്ങളുടെ വഷളന്‍ കാഴ്ചകളാണേറെയും. സര്‍ഗാത്മക ആവിഷ്‌കാരങ്ങളോട് അസഹിഷ്ണുതയോടെ അഴിഞ്ഞാടിയ മുന്നനുഭവങ്ങളെ ഒറ്റയടിക്ക് കേരളത്തിന്റെ സാംസ്‌കാരിക മുഖ്യധാരയുടെ സംവാദമണ്ഡലത്തിലേക്കു കൊണ്ടുവരാന്‍ തീരുമാനം സഹായകമായി എന്നത് നിസ്സാരമല്ല. ഇരയും വേട്ടക്കാരനുമായി മാറിമാറി കളിക്കുന്ന കളി വെളിപ്പെട്ടു എന്നതാണിതിന്റെ ഫലം.
കേരളം ഇന്ത്യയിലെ ഇതര ദേശങ്ങളില്‍ നിന്നു വ്യത്യസ്തമായൊരു ഇടമാണ് എന്നത് ഒരു വ്യാജ പ്രസ്താവനയാണിന്ന്. ഇന്ത്യയിലെവിടെയും ചുഴറ്റിയടിക്കുന്ന അസഹിഷ്ണുതയുടെയും ആള്‍ക്കൂട്ട വിചാരണയുടെയും സാമാന്യബോധത്തെ കേരളത്തിന്റെ സാമൂഹിക മനസ്സും പിന്‍പറ്റുന്നുണ്ട് എന്നതു മറക്കരുത്. ദുരഭിമാന കൊലയുടെയും ജാതിവെറിയുടെയും മലയാളി വംശീയ(സവര്‍ണ)തയുടെ കൊലവിളിയും വിയോജിപ്പുകളോടുള്ള അസഹിഷ്ണുതയും ഭരണകൂട സ്ഥാപനങ്ങളുടെ പക്ഷപാതിത്വവും സ്ത്രീവിരുദ്ധ നിലപാടുകളുടെ സ്വാഭാവികമെന്ന പോലുള്ള ആവിഷ്‌കാരവും അരാഷ്ട്രീയ നാട്യങ്ങളും ഉപഭോഗപരതയും കമ്പോളയുക്തിയുടെ പുനരുല്‍പാദനവും ഫാഷിസ്റ്റ് ബലപ്രയോഗങ്ങളെ നിസ്സാരവല്‍ക്കരിക്കലും സെലക്ടീവ് പ്രതികരണങ്ങളുടെ ആഘോഷവും ഒക്കെച്ചേര്‍ന്ന് മനുഷ്യര്‍ക്കു പാര്‍ക്കാന്‍ പറ്റാത്ത ഒരിടമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.
സാഹിത്യകൃതികളുടെയും സിനിമകളുടെയും നാടകാവതരണങ്ങളുടെയുമൊക്കെ നിരോധനങ്ങള്‍ക്കും അപ്രഖ്യാപിത വിലക്കുകള്‍ക്കും ശേഷവും കേരളം പ്രബുദ്ധമായിത്തന്നെ തുടരുകയാണ്! സ്വതന്ത്രമായ അഭിപ്രായങ്ങള്‍ പരസ്യമായി പ്രകടിപ്പിച്ചതിന്റെ പേരില്‍ തെരുവില്‍ ആക്രമിക്കപ്പെട്ട എഴുത്തുകാരുണ്ട്. കുരീപ്പുഴ ശ്രീകുമാറും സക്കറിയയും കെ എസ് ഹരിഹരനും സി ആര്‍ നീലകണ്ഠനും ഇവരില്‍ ചിലരാണ്. ശശി തരൂരിനു നേരെ സൈബര്‍ ആക്രമണങ്ങള്‍ക്കൊപ്പം എംപി ഓഫിസും ആക്രമിക്കപ്പെട്ടു. കെ സി ഉമേഷ് ബാബു എന്ന കവിയുടെ ജീവനു നേരെയുള്ള ഭീഷണി ഇതുവരെ അവസാനിച്ചിട്ടില്ല.
എസ് ഹരീഷിന്റെ ‘മീശ’, എന്‍ പ്രഭാകരന്റെ ‘കളിയെഴുത്ത്’ എന്നീ രചനകള്‍ക്കെതിരേ നടന്ന ആള്‍ക്കൂട്ട വിചാരണയുടെ രീതികള്‍ പല നിലയിലും സമാനതകള്‍ ഉള്ളതായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും അച്ചടി പ്രസിദ്ധീകരണങ്ങളിലൂടെയും ഫോണ്‍വിളികളിലൂടെയും അതൊന്നുമല്ലാതെയും നടത്തിയ ആസൂത്രിതവും പ്രതീകാത്മകവുമായ കൈയേറ്റങ്ങള്‍ ഒരേ മനോഘടനയുടെയും സാമൂഹിക ബോധത്തിന്റെയും രാഷ്ട്രീയ ഉള്ളടക്കമുള്ള ഭിന്നാവിഷ്‌കാരങ്ങളാണെന്നു വിശകലനം ചെയ്യുമ്പോള്‍ വ്യക്തമാവും. ഭീഷണി, കൊലവിളി, സ്‌നേഹപൂര്‍വം എന്നവണ്ണമുള്ള നിര്‍ബന്ധിക്കലുകള്‍, പരദൂഷണ സ്വഭാവമുള്ള വിനിമയങ്ങള്‍ ഒക്കെ ഒരേ വിതാനത്തിലാണ് വിന്യസിക്കപ്പെട്ടത്. കഥയെ കഥയായി എടുക്കാതെ റിപോര്‍ട്ടായും ലേഖനമായും വസ്തുതാ വിവരണമായും പ്രസ്താവനയായും അവതരിപ്പിച്ചുകൊണ്ടുള്ള മറുവാദങ്ങള്‍ പൂര്‍വനിശ്ചിതമായ ഉദ്ദേശ്യത്തോടെ ഒരേ അച്ചില്‍ നിര്‍മിക്കപ്പെട്ടതാണ്.
ഹിന്ദു സ്ത്രീകളെ അശ്ലീലമായി ചിത്രീകരിക്കുന്നു, പരിപാവനങ്ങളായ ക്ഷേത്രങ്ങളെ വ്യഭിചാര കേന്ദ്രങ്ങളെന്ന് ആക്ഷേപിക്കുന്നു, ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പാടുണ്ടോ, എഴുത്തുകാര്‍ക്കുള്ള സ്വാതന്ത്ര്യം പോലെ അതിനെ വിമര്‍ശിക്കാന്‍ വിശ്വാസികള്‍ക്കും സ്വാതന്ത്ര്യമില്ലേ, എഴുത്തുകാരനെതിരേ ആക്രമണ ഭീഷണി എന്നത് കള്ളപ്രചാരണമാണ് എന്നിങ്ങനെ പോവുന്നു ‘മീശ’യെ മുന്‍നിര്‍ത്തിയുള്ള വാദങ്ങള്‍.
അധ്യാപികമാരെ അശ്ലീലമായി അവതരിപ്പിക്കുന്നു, വിശുദ്ധമായ ക്ലസ്റ്റര്‍ പരിശീലന മീറ്റിങുകള്‍ ലൈംഗിക ലാളനകളുടെ കേന്ദ്രങ്ങളാണെന്ന് ആരോപിക്കുന്നു, ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ടെന്നു കരുതി ഇങ്ങനെ കഥയില്ലായ്മ കാണിക്കാമോ, കഥയെഴുതാനുള്ള സ്വാതന്ത്ര്യം പോലെ അതിനെ വിമര്‍ശിക്കാനും വായനക്കാര്‍ക്കു സ്വാതന്ത്ര്യമില്ലേ, പ്രഭാകരന്‍ മാഷെ ഭീഷണിപ്പെടുത്തി എന്നതിനു തെളിവുണ്ടോ, പോലിസില്‍ കേസ് കൊടുക്കാത്തതെന്താണ് തുടങ്ങിയവയാണ് ‘കളിയെഴുത്തി’നു നേരെ ഉയര്‍ന്ന വാദങ്ങള്‍. ഈ രണ്ടു വാദങ്ങളും ഒരേ വിചാരമാതൃകയില്‍ നിന്നു രൂപപ്പെട്ടുവരുന്നതാണ്.
ഒരെഴുത്തുകാരന്റെ, തങ്ങള്‍ക്കു യോജിപ്പില്ലാത്ത അഭിപ്രായങ്ങളെയും നിലപാടുകളെയും ഒറ്റയടിക്ക് കടന്നാക്രമിക്കാന്‍ ഹിന്ദുത്വവാദികളും സിപിഎം വൃത്തങ്ങളും കണ്ടെത്തുന്നത് തങ്ങളുടെ സ്ത്രീകളുടെ ചാരിത്ര്യത്തിനു നേരെ സംശയം സൃഷ്ടിക്കുന്നുവെന്ന ആശങ്കയാണ്. ‘മീശ’യിലോ ‘കളിയെഴുത്തി’ലോ സ്ത്രീകളുടെ ചാരിത്ര്യം ഒരു പരിചരണവിഷയമായി കടന്നുവന്നിട്ടില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, ആസൂത്രിതമായ ചില നീക്കങ്ങളിലൂടെ, രചനകളിലെ ചില ഭാഗങ്ങളെ മുന്‍-പിന്‍ ബന്ധമില്ലാതെ മുറിച്ചെടുത്ത് സൗകര്യപൂര്‍വം അവതരിപ്പിക്കുകയും തുടര്‍ന്ന് അതിനെ മുന്‍നിര്‍ത്തി യുദ്ധമുഖം തുറക്കുകയുമായിരുന്നു.
ഇത് പ്രചാരണത്തിന്റെ ഒരു ഫാഷിസ്റ്റ് രീതിയാണ്. തലശ്ശേരിയില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുന്നതിന് ആര്‍എസ്എസ് ഉപയോഗിച്ചത്, തലശ്ശേരി നഗരത്തില്‍ ടൈപ്‌റൈറ്റിങ് പഠിക്കാന്‍ പോയ ഹിന്ദു പെണ്‍കുട്ടികളെ കാലത്ത് 7 മണിക്കു മുമ്പ് മുസ്‌ലിംകള്‍ വസ്ത്രാക്ഷേപം ചെയ്ത് അപമാനിച്ചു എന്ന പ്രചാരണമായിരുന്നു. രാവിലെ 9 മണിക്കു മുമ്പ് ടൈപ്‌റൈറ്റിങ് ഇന്‍സ്റ്റിറ്റിയൂട്ടുകളൊന്നും തുറക്കാറില്ലെന്ന് അറിയുന്നവര്‍ പോലും ഈ പ്രചാരണത്തില്‍ അകപ്പെട്ടുപോയതിനെപ്പറ്റി എം എന്‍ വിജയന്‍ മാഷ് ഓര്‍മിപ്പിക്കാറുണ്ടായിരുന്നു. ഫാഷിസ്റ്റ് പ്രചാരണരീതി യുക്തിയെ മയക്കി വികാരത്തെ ജ്വലിപ്പിക്കുകയാണ്.
തങ്ങളുടെ വീട്ടിലെ/ കൂട്ടത്തിലെ/ സമുദായത്തിലെ/ മതത്തിലെ/ പാര്‍ട്ടിയിലെ/ സംഘടനയിലെ/ ഗോത്രത്തിലെ സ്ത്രീകളുടെ ചാരിത്ര്യത്തിനു നേരെ ആക്രമണം ഉണ്ടാവുമ്പോള്‍ ഒരു ‘പുരുഷന്‍’ എന്തു ചെയ്യണം? ഈ ആണത്തബോധത്തെയാണ് ഹിന്ദുത്വവാദികളും സിപിഎം വൃത്തങ്ങളും പ്രതിനിധീകരിക്കുന്നത്. എസ് ഹരീഷും എന്‍ പ്രഭാകരനും നിലപാടു കൊണ്ട് തങ്ങള്‍ക്ക് അസ്വീകാര്യരാവുമ്പോള്‍ അവരെ ‘കൈകാര്യം’ ചെയ്യാനുള്ള ഉപാധിയായി അപമാനിത സ്ത്രീത്വവും ജാഗരൂക ആണത്തവും സ്ഥാപിക്കപ്പെടുന്നു. ആണധികാരവ്യവസ്ഥയുടെ രക്ഷാകര്‍തൃത്വബോധത്തെ ഉണര്‍ത്തി ‘ശത്രു’വിനെ നേരിടുന്ന യുദ്ധതന്ത്രങ്ങളാണ് പ്രയോജനപ്പെടുത്തുന്നത്.
‘അപമാനിതമാവുന്ന സ്ത്രീത്വ’ത്തെ രക്ഷിക്കാനുള്ള ആണധികാരത്തിന്റെ വിജൃംഭിത വീര്യം, പരസ്പരം വിരുദ്ധ ദിശകളിലേക്കു സഞ്ചരിക്കുന്നുവെന്നു കരുതപ്പെടുന്ന ഹിന്ദുത്വ തീവ്രവാദികളും സിപിഎം പരിവാറും ഒരേവിധം പ്രതിനിധീകരിക്കുന്നുവെന്നു പറയുന്നത് ഒരു അതിവായനയായി ചിലരെങ്കിലും കരുതുന്നുണ്ടാവും. ഹിന്ദുത്വവാദികള്‍ യാഥാസ്ഥിതികവും പുരോഗമനവിരുദ്ധവുമായ ധാരയെ പിന്‍പറ്റുന്നവരാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, സിപിഎമ്മും അനുബന്ധ സംഘടനകളും പുരോഗമന-ജനാധിപത്യ നാട്യങ്ങളുടെ വേഷവിധാനങ്ങളോടെയാണല്ലോ പ്രത്യക്ഷപ്പെടാറുള്ളത്.
പക്ഷേ, ഹൈന്ദവ ആചാരങ്ങളിലുള്ള ജനങ്ങളുടെ താല്‍പര്യത്തെ വര്‍ഗീയവാദികള്‍ക്കു മാത്രമായി വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല! ശ്രീകൃഷ്ണ ജയന്തി, ഗണേശോല്‍സവം, രാമായണ മാസാചരണം, രക്ഷാബന്ധന്‍ തുടങ്ങിയവ ‘പുരോഗമനപരമായ കാഴ്ചപ്പാടി’ല്‍ ആചരിച്ചാല്‍ നല്ലതാണല്ലോ. ഇതിനെ ഒറ്റപ്പെടുത്തുന്നത് സംഘപരിവാരത്തെ സഹായിക്കലാവുമെന്നു തീര്‍പ്പു കല്‍പിക്കപ്പെട്ടിട്ടുണ്ട്. ശത്രുവിന്റെ ആയുധങ്ങള്‍ തന്നെ പിടിച്ചെടുത്ത് തിരികെ പ്രയോഗിക്കുന്ന യുദ്ധതന്ത്രം കാണാതിരിക്കരുത്! മറുഭാഗത്ത് ഇസ്‌ലാമിക മതപൗരോഹിത്യവുമായി ഉണ്ടാക്കിയെടുക്കുന്ന അവിശുദ്ധമായ ബന്ധങ്ങളുണ്ട്. സംഘപരിവാരം നടത്തുന്ന മുസ്‌ലിം വിരുദ്ധ കലാപങ്ങളെ ഒരു ‘മതപ്രശ്‌ന’മായിത്തന്നെ അവതരിപ്പിക്കുകയും ന്യൂനപക്ഷ വോട്ടുകള്‍ അതുവഴി കേന്ദ്രീകരിപ്പിക്കുകയും ചെയ്യുന്ന അടവുനയങ്ങളുടെ ഫഌക്‌സിബിലിറ്റിയുമുണ്ട്.
ഈ നിലയിലുള്ള സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും രൂപാന്തരീകരണം ഹരീഷിന്റെ നോവല്‍ ‘മീശ’യിലെത്തന്നെ ഒരു സന്ദര്‍ഭവുമായി സാമ്യമുള്ളതായി കാണുന്നു: തമിഴ് സംഗീതനാടക സംഘങ്ങള്‍ക്കൊപ്പം വര്‍ഷങ്ങളോളം ചുറ്റി സഞ്ചരിച്ച എഴുത്തച്ഛന്‍ സ്വന്തമായ ഒരു നാടകം അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. അതിനിടയില്‍ ഏതാനും കോണ്‍ഗ്രസ്സുകാരെ പരിചയപ്പെടുന്നു. ഇത് അയാളുടെ ചിന്തകളില്‍ ഭൂമികുലുക്കമുണ്ടാക്കി. ‘കുടിയാന്‍’ എന്ന പേരില്‍ ഒരു നാടകമുണ്ടാക്കി അയാള്‍ അവതരിപ്പിക്കുന്നു. മാറിയ വീക്ഷണങ്ങള്‍ എങ്ങനെ നാടകമാക്കണമെന്ന് അറിയാതിരുന്ന എഴുത്തച്ഛന്‍ എഴുതിവന്നപ്പോള്‍ ഭക്തിയും നൃത്തവും രാജാപാര്‍ട്ട് വേഷങ്ങളും സോഷ്യലിസവുമൊക്കെ, പിരിഞ്ഞുപോയ മോരുകറി പോലെ ചേരാതെ കിടന്നു.
മലബാറിലെ ഒരു ക്ഷേത്രവുമായി ബന്ധപ്പെട്ട വിശ്വാസവും ക്ഷേത്രസ്വത്തിലെ ഒരു കുടിയാന്റെ ജീവിതപ്രശ്‌നവും ഒന്നിച്ചിണക്കാന്‍ അയാള്‍ ശ്രമിച്ചു. പക്ഷേ, തന്റെ ഉള്ളിലുറച്ചുപോയ പഴയ സംഗീതനാടകത്തെ കൈയൊഴിയാനോ പുതിയ ചിന്ത എഴുത്തിനകത്തു കൊണ്ടുവരാതിരിക്കാനോ അയാള്‍ക്കു കഴിഞ്ഞില്ല. ഫലം വിചിത്രമായിരുന്നു. ഒരു രംഗത്തില്‍ ദേവസ്ത്രീകളുടെ നൃത്തം; അടുത്ത രംഗത്തില്‍ വിപ്ലവം പറയുന്ന പാട്ടക്കാരന്‍. അതുകൊണ്ട് നാടകത്തെപ്പറ്റി ആരും നല്ലതു പറഞ്ഞില്ല. പതിവു നാടകങ്ങള്‍ കണ്ടു ശീലിച്ചുപോയ സാധാരണ കാണികള്‍ അതുകൊണ്ട് അന്തം വിട്ടു. പുരോഗമനവാദികള്‍ എഴുത്തച്ഛന്റെ ബുദ്ധിശൂന്യതയെ പരിഹസിച്ചു. എന്നാല്‍, തന്റെ സൃഷ്ടി മികച്ചതാവാമെന്നും കാണികള്‍ അതു വേണ്ട രീതിയില്‍ മനസ്സിലാക്കുന്നില്ലെന്നും അയാള്‍ കരുതി.
ഇങ്ങനെ വിചിത്രമായ ഒരു പരിണാമത്തിനു വിധേയമായ സിപിഎം നേതൃത്വവും അനുയായിവൃന്ദങ്ങളും പുരോഗമനവിരുദ്ധവും യാഥാസ്ഥിതികവുമായ സാംസ്‌കാരിക അവബോധത്തെയും ആശയസമുച്ചയങ്ങളെയും ആന്തരവല്‍ക്കരിക്കപ്പെട്ടതിന്റെ വെളിപ്പെട(ടുത്ത)ലുകള്‍ സമകാലിക കേരളത്തില്‍ നമുക്ക് ഏറെ കാണാന്‍ കഴിയും. ഈ സാഹചര്യത്തിലാണ് ‘മീശ’ക്കെതിരേയും കളിയെഴുത്തിനെതിരേയും ഒരേ നിലയിലുള്ള ആക്രമണങ്ങളുണ്ടാവുന്നത്.
ഹിന്ദുത്വ തീവ്രവാദികള്‍ ഹരീഷിനെ മാത്രമല്ല, ഭാര്യ, മക്കള്‍, അമ്മ, സഹോദരി, മരിച്ചുപോയ അച്ഛന്‍ എന്നിവരെയൊക്കെ നിരത്തിനിര്‍ത്തി ആക്രമിക്കുമ്പോള്‍, നോവല്‍ പിന്‍വലിച്ചത് എഴുത്തുകാരന്റെ ഭീരുത്വമായി പലരും പറയുന്നുണ്ട്. ശരിയാണ്, ഒരു ആക്ടിവിസ്റ്റല്ലാത്ത, രാഷ്ട്രീയപ്പാര്‍ട്ടികളോടും മത-സാമുദായിക സംഘടനകളോടും ബന്ധം വച്ചുപുലര്‍ത്താത്ത തികച്ചും ‘തനിച്ചാ’യ ഒരാള്‍ ഇങ്ങനെ ഒരു കടന്ന കൈ പ്രയോഗിക്കുമ്പോള്‍ അതില്‍ ഭീരുത്വത്തിന്റെ മുദ്രകളും പതിഞ്ഞിരിക്കും. ലക്ഷക്കണക്കിന് അനുയായികളുള്ള മുഖ്യമന്ത്രി വരെ പൊതുസ്ഥലങ്ങളില്‍ നൂറുകണക്കിനു പോലിസുകാരുടെ അകമ്പടിയോടെ എഴുന്നള്ളുന്ന നാട്ടില്‍ ഭയത്തെയും ഭീരുത്വത്തെയും പറ്റി അധികം പറയാതിരിക്കുന്നതാണ് നല്ലത്.
‘മാതൃഭൂമി’ ദേശീയ പ്രസ്ഥാനത്തിന്റെ പാരമ്പര്യം അവകാശപ്പെടാറുള്ള പ്രസിദ്ധീകരണമാണ്. ജനാധിപത്യം, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നതിനെപ്പറ്റി അവര്‍ ആണയിടാറുണ്ട്. എന്നാല്‍, സവര്‍ണ-വരേണ്യ ഹൈന്ദവതകളുടെ മൂല്യബോധം കേരളീയ പൗരസമൂഹത്തിന്റെ ഉപബോധങ്ങളില്‍ അലിയിപ്പിച്ചുചേര്‍ക്കുന്നതില്‍ മാതൃഭൂമിയുടെ പങ്ക് നിസ്സാരമല്ല. ഏകശിലാ നിര്‍മിതമായ ഒരു ഹിന്ദുമതത്തെ രൂപപ്പെടുത്തുന്നതില്‍ രാഷ്ട്രീയ ഹിന്ദുത്വപരിവാരത്തിന്റെ അജണ്ട ഒളിച്ചുകടത്തുന്ന പരിചരണരീതി, ഒരു മാധ്യമമെന്ന നിലയില്‍ സമര്‍ഥമായി അവര്‍ നിര്‍വഹിച്ചുകൊണ്ടിരിക്കുന്നുണ്ട്.
ഏതാനും പതിറ്റാണ്ടു മുമ്പ് കേരളത്തില്‍ വ്യാപകമല്ലാതിരുന്ന ശ്രീകൃഷ്ണ ജയന്തി, ഗണേശോല്‍സവം, രക്ഷാബന്ധന്‍, ഭാഗവത സപ്താഹം, രാമായണ മാസാചരണം, നാലമ്പലയാത്ര തുടങ്ങിയവയൊക്കെയും രാഷ്ട്രീയ ഹിന്ദുത്വത്തിന്റെ ആസൂത്രിതവും പഴുതടച്ചുള്ളതുമായ നീക്കങ്ങളുടെ സാംസ്‌കാരിക ഉല്‍പന്നങ്ങളാണെന്ന കാര്യം മറച്ചുവച്ചുകൊണ്ടാണ് ഇവിടെ ചെലവഴിക്കപ്പെട്ടത്. ഇങ്ങനെ മാതൃഭൂമി കൂടി സഹായിച്ചുകൊണ്ട് ദൃഢീകരിച്ചെടുത്ത ഹിന്ദുജാഗരണത്തിന്റെ കര്‍സേവകരാണ് ഹരീഷിന്റെ ‘മീശ’യെ മുന്‍നിര്‍ത്തി കൊലവിളി ഉയര്‍ത്തിയത്.
ഭയവും ഉത്കണ്ഠയും ജനിപ്പിക്കുന്ന ഒരു വര്‍ത്തമാനാവസ്ഥയാണ് കേരളവും ഇന്ത്യയും ഇന്ന് അഭിമുഖീകരിക്കുന്നത്. സ്വതന്ത്രമായ വാക്കിനെ ഭയപ്പെടുന്ന ഭരണകൂടം, ഭരണകൂട ഉപകരണങ്ങളാല്‍ കൈയേറപ്പെടുന്ന പൗരാവകാശങ്ങള്‍, വിയോജിപ്പുകളുടെ ശിരസ്സില്‍ പതിക്കുന്ന കൊലവാളുകള്‍, സദാചാര വിചാരണയുടെ ആള്‍ക്കൂട്ടങ്ങള്‍, മതത്തെയും ദൈവത്തെയും രക്ഷിക്കാനിറങ്ങിയ വിശുദ്ധ പോരാളികള്‍, ഉപജാപകവൃന്ദങ്ങളുടെ പുകഴ്ത്തലുകളും നേരമ്പോക്കുകളും മാത്രം കേള്‍ക്കുന്ന നേതൃരൂപങ്ങള്‍, അവര്‍ സംരക്ഷിച്ചുനിര്‍ത്തുന്ന കൊലയാളിസംഘങ്ങള്‍- ഇത്തരമൊരു സാമൂഹിക സാഹചര്യത്തില്‍ നിസ്സാരനായ ഒരെഴുത്തുകാരന്‍ ഭയക്കുന്നത് ഒരു കുറ്റകൃത്യമല്ല. ി

(കടപ്പാട്: മറുവാക്ക്, ആഗസ്ത് 2018)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss