|    Mar 27 Mon, 2017 9:56 pm
FLASH NEWS

ആവാസ്, അപ്‌ന ഘര്‍: കേന്ദ്ര സഹായത്തോടെ നടപ്പാക്കും- മന്ത്രി

Published : 24th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സും സ്മാര്‍ട്ട് കാര്‍ഡുകളും ലഭ്യമാക്കുന്ന ആവാസ്, താമസസൗകര്യം ലഭ്യമാക്കുന്നതിനുള്ള അപ്‌നാ ഘര്‍ പദ്ധതികള്‍ കേന്ദ്രസഹായത്തോടെ നടപ്പാക്കാന്‍ നടപടി സ്വീകരിച്ചതായി തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ന്യൂഡല്‍ഹിയില്‍ അറിയിച്ചു. തോട്ടം മേഖലയിലെയും തൊഴില്‍വകുപ്പിനു കീഴിലുള്ള ക്ഷേമനിധി ബോര്‍ഡുകളിലെയും തൊഴിലാളികള്‍, ഇപിഎഫ് പെന്‍ഷന്‍കാര്‍ എന്നിവരെ ആര്‍എസ്ബിവൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിമാരായ ബന്ദാരു ദത്താത്രേയ, ജഗത്പ്രകാശ് നദ്ദ, അരുണ്‍ ജെയ്റ്റ്‌ലി, രാജീവ് പ്രതാപ് റൂഡി എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തുകയും നിവേദനങ്ങള്‍ നല്‍കുകയും ചെയ്തതിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ടി പി രാമകൃഷ്ണന്‍ ഇക്കാര്യം അറിയിച്ചത്.
ഇഎസ്‌ഐ കോര്‍പറേഷനില്‍ നിന്നു കേരളത്തിനു ലഭിക്കാനുള്ള 56 കോടി രൂപ ഒരു മാസത്തിനകം അനുവദിക്കാമെന്ന് ബന്ദാരു ദത്താത്രേയയും ജില്ലാതല ഡീ അഡിക്ഷന്‍ സെന്ററുകള്‍ ആരംഭിക്കുന്നതിന് 100 കോടി രൂപ അനുവദിക്കാമെന്ന് അരുണ്‍ ജെയ്റ്റ്‌ലിയും ഉറപ്പുനല്‍കിയിട്ടുണ്ട്. സ്ഥലലഭ്യതയുള്ള ഇഎസ്‌ഐ ആശുപത്രികളെ മികച്ച ആതുരസേവന കേന്ദ്രങ്ങളായി വികസിപ്പിക്കുന്നതിന് കേന്ദ്രസഹായം ലഭിക്കും. തൊടുപുഴയിലും ചവറയിലുമുള്ള ഇഎസ്‌ഐ ആയുഷ് ഡിസ്‌പെന്‍സറികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. കേരളത്തില്‍ ദേശീയ തലത്തിലുള്ള ഡീ-അഡിക്ഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് സ്ഥാപിക്കണമെന്ന ആവശ്യം കേന്ദ്രസര്‍ക്കാര്‍ തത്വത്തില്‍ അം—ഗീകരിച്ചിട്ടുണ്ടെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു. കൂടിക്കാഴ്ചകളില്‍ അഡീഷനല്‍ ചീഫ് സെക്രട്ടറിമാരായ ടോം ജോസ്, മാരപാണ്ഡ്യന്‍, തൊഴില്‍വകുപ്പ് മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എസ്‌യു രാജീവ്, അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറി ദീപു പി നായര്‍, അഡീഷനല്‍ ലേബര്‍ കമ്മീഷണര്‍ ഡോ. ജി എല്‍ മുരളീധരന്‍ പങ്കെടുത്തു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day