|    Dec 10 Mon, 2018 2:44 pm
FLASH NEWS
Home   >  Fortnightly   >  

ആവാസവ്യവസ്ഥ തകിടം മറിയുമ്പോള്‍

Published : 3rd December 2015 | Posted By: G.A.G

ഷെറീന മാങ്കാവ്‌/പരിസ്ഥിതി
avasaപ്രകൃതിപ്രതിഭാസങ്ങള്‍ക്ക് താളൈക്യമുണ്ട്. താളപ്പൊരുത്തമുണ്ട്. മനുഷ്യന്‍ അവന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി പ്രകൃതിയുടെ താളപ്പൊരുത്തവും സമതുലിതാവസ്ഥയും തകിടം മറിക്കുമ്പോള്‍ ഈ ഭൂമിയില്‍, അതിലെ ജീവജാലങ്ങള്‍ക്ക് സംഭവിക്കുന്ന ദുരന്തങ്ങള്‍ നിരവധിയാണ്. ഈ അടുത്ത് അസാധാരണമായ ഒരനുഭവമുണ്ടായി. അതാണ് ഇത്തരത്തിലൊരു കുറിപ്പെഴുതാന്‍ പ്രേരണയായത്. ഒരു ഏഴു വയസ്സുകാരന്‍ വഴിയരികില്‍ കളിച്ചു കൊണ്ടിരിക്കെ ഒരു കീരി മതിലിനുമുകളില്‍നിന്നും അവന്റെ ദേഹത്തേക്ക് ചാടി. തുടര്‍ന്ന് ഒരു മല്‍പ്പിടുത്തംതന്നെ നടന്നു. കീരി കുട്ടിയുടെ മുഖത്തും തുടയിലും കണ്‍പോളകളിലും കടിച്ചു പരിക്കേല്‍പിച്ചു. ബഹളം വച്ചപ്പോള്‍ കീരി പിടിവിട്ട് ഓടിപ്പോയി.

അവന്റെ ദേഹത്ത് പതിന്നാലിടങ്ങളില്‍ കടിയേറ്റു. മുറിവുകള്‍ക്കു മീതെയായി അത്രയും ഇഞ്ചക്ഷനെടുക്കേണ്ടിവന്നു. മറ്റൊരു ദിവസം 45 വയസ്സുള്ള ഒരു സ്ത്രീ…കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിവരുമ്പോള്‍ വഴിയരികില്‍ അതാ ആ വില്ലന്‍. രണ്ടാമതൊന്ന് ആലോചിക്കാതെ കയ്യിലിരുന്ന പലചരക്കു സാധനങ്ങള്‍ വലിച്ചെറിഞ്ഞ് അവര്‍ ഓടി. പിറകെ ആ വില്ലനും. അവരുടെ ദേഹത്തേക്ക് ചാടി കയറി വയറിനും കാലിനും കടിച്ചു. കുടഞ്ഞെറിഞ്ഞ് അവര്‍ ജീവനും കൊണ്ട് ഓടി. ഇന്നും ആ വഴിയരികിലെവിടെയോ അവന്‍ ഒളിച്ചും പങ്ങിയും നില്‍പുണ്ട്. അടുത്ത ഇരയെ പ്രതീക്ഷിച്ച്… കടിയേറ്റവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയപ്പോള്‍… ഡോക്ടര്‍ ചോദിച്ചു… എന്താ ആ കീരിക്ക് ഭ്രാന്തുണ്ടോ…

ഈ പ്രദേശങ്ങള്‍ ഒരു കാലത്ത് കുറ്റിക്കാടുകളും  തോടും വയലുമായി നിരന്നു കിടന്ന സ്ഥലങ്ങളായിരുന്നു. അവിടെ കീരിയും പാമ്പും മറ്റും യഥേഷ്ടം ജീവിച്ചുപോന്നിരുന്നു. അന്ന് കൂട്ടുകാരുമൊത്ത് കാട്ടിലും ചളിയിലും വയലിലും ഓടി ചാടി നടന്നിരുന്ന ഞങ്ങളെ ഒരു തേളുപോലും കുത്തിയിരുന്നില്ല എന്നത് സത്യം.

ഓ… അത് കുട്ടികളല്ലെ, അവര്‍ ഒളിച്ച് കളിക്കുകയല്ലെ, കുറച്ചു കഴിയുമ്പോള്‍ അവരവരുടെ പാട്ടിന് പൊക്കോളും എന്ന് ആ പാവം ജീവികള്‍ കരുതിക്കാണും. അക്കാലങ്ങളില്‍ കൂട്ടുകുടുംബങ്ങളായിരുന്നു അധികവും. ഒരു കുടുംബത്തില്‍തന്നെ പത്തും പതിന്നാലും പേര്‍ താമസിക്കും. ഓരോ വീടിനും നിറയെ മുറ്റം. തൊട്ടപ്പുറത്ത് തോടും പാലവും… ഇന്നോ? വിവാഹം കഴിഞ്ഞ് ഒരു കുഞ്ഞു ജനിക്കുന്നതിന്മുമ്പ് താമസം മാറുന്നു. അതിനായി പറമ്പുകള്‍ വീതിച്ചു നല്‍കുന്നു. അല്ലെങ്കില്‍ തോടുകളും പാടങ്ങളും നികത്തുന്നു. മണിമാളികകള്‍, ഫഌറ്റുകള്‍ പണിയുന്നു. കുട്ടികള്‍ക്ക് വയലും പാടവും എന്താണെന്ന് മനസ്സിലാക്കി കൊടുക്കണമെങ്കില്‍ എന്ന് നിന്റെ മൊയ്തീന്‍”സിനിമയുടെ സിഡി സൂക്ഷിച്ചു വയ്‌ക്കേണ്ട സ്ഥിതിയിലേക്കാണ് കാലം പൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഇന്നലെ വരെ തങ്ങളുടെ സ്വന്തമെന്ന് കരുതി കുടുംബവും കുട്ടികളുമായി സസുഖം ജീവിച്ചുപോന്നിരുന്ന പാമ്പുകളും കീരികളും ഇന്ന് പാര്‍പ്പിടം നഷ്ടപ്പെട്ട് തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്ന കാഴ്ച മനസ്സില്‍ ഭയത്തെക്കാളേറെ നൊമ്പരമാണ് നമ്മിലുണ്ടാക്കുക… കൂട്ടത്തോടെ ഫുട്പാത്തിലൂടെ ആരെയും കൂസാതെ നടന്നു പോകുന്ന ഒരു പറ്റം കീരികള്‍…

സഹികെടുമ്പോള്‍ കുട്ടികളെന്നോ വലിയവരെന്നോ നോക്കാതെ പ്രതികാരം ചെയ്യാനൊരുങ്ങുകയാണ് ഇവറ്റകള്‍… എലിയുടെ ഏറ്റവും വലിയ ശത്രു ആരാ എന്നു ചോദിച്ചാല്‍ കുഞ്ഞുനാളിലെ നമ്മള്‍ പറയും പൂച്ച എന്ന്. പൂച്ചയുടെ നിഴല്‍ കണ്ടാല്‍ ഓടിയൊളിക്കുന്ന എലികള്‍… എന്നാല്‍ കാലം കടന്നുപോയപ്പോള്‍ ആ അവസ്ഥ മാറി. ഭക്ഷണത്തിന്റെ ബാക്കി പൂച്ചയ്ക്ക് കഴിക്കാന്‍ മുറ്റത്തേ ഒരു കോണില്‍ കൊണ്ടിട്ടുകൊടുത്തിരുന്നു.

കുറച്ചു കഴിഞ്ഞ് നോക്കിയപ്പോള്‍ എലിയും പൂച്ചയും ഒരുമിച്ച് ഭക്ഷണം കഴിക്കുന്ന കാഴ്ചയാണ് കാണാനായത്.മനുഷ്യര്‍ അവരുടെ ആവശ്യങ്ങള്‍ക്കായി തോടു നികത്തിയും കാടു വെട്ടിയും അവയുടെ സ്ഥാനത്ത് ഫഌറ്റുകള്‍ പണിതുകൊണ്ടിരിക്കുകയാണ്. കുറച്ചു കാലംകൂടി കഴിയുമ്പോള്‍ റോഡുകളൊക്കെ കീരികള്‍ക്കും പാമ്പുകള്‍ക്കും വിട്ടുകൊടുക്കേണ്ടിവരും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss