|    Apr 26 Thu, 2018 11:00 pm
FLASH NEWS

ആവശ്യമുള്ള എല്ലാവര്‍ക്കും കുടിവെള്ളംഎത്തിക്കും: മന്ത്രി ഇ ചന്ദ്രശേഖരന്‍

Published : 30th November 2016 | Posted By: SMR

കാസര്‍കോട്്: ജില്ലയില്‍ വരള്‍ച്ച രൂക്ഷമായാല്‍ എല്ലാവര്‍ക്കും കുടിവെള്ളമെത്തിക്കുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ നടത്തണമെന്നും ജലദുരുപയോഗം തടയുന്നതിന് നടപടി സ്വീകരിക്കണമെന്നും മന്ത്രി ഇ ചന്ദ്രശേഖരന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും  നിര്‍ദ്ദേശം നല്‍കി. വരള്‍ച്ച അവലോകനം ചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസംബറിനകം കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണം. ഇഴഞ്ഞ് നീങ്ങുന്നതും മുടങ്ങിക്കിടക്കുന്നതുമായ പദ്ധതികളുടെ വിശദ വിവരം ജില്ലാ കലക്ടര്‍ക്ക് നല്‍കണം. ടാങ്കര്‍ലോറി വഴിയുള്ള കുടിവെള്ള വിതരണം ഇത്തവണ പരിമിതപ്പെടുത്തും. അടിയന്തിര ഘട്ടങ്ങളില്‍ ജിപിഎസ് ഘടിപ്പിച്ച ലോറികളില്‍ കുടിവെള്ള വിതരണം നടത്തും. ഇത് സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കും. കുടിവെള്ളക്ഷാമം നേരിടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും ശുദ്ധജലം കിട്ടുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് മന്ത്രി പറഞ്ഞു.  കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും മഴയുടെ അളവ് കുറഞ്ഞതിനാല്‍ വരള്‍ച്ച രൂക്ഷമാകാനിടയുണ്ട്. ജലവിതാനം താഴുന്നതും ഗൗരവമായി കാണണം. ജലത്തിന്റെ ഉപയോഗം കര്‍ശനമായി നിയന്ത്രിക്കണം. സുരക്ഷിതമായ ജലഉപയോഗത്തെക്കുറിച്ച് വ്യാപകമായ ബോധവല്‍ക്കരണം നടത്തണം. മലയോരപ്രദേശ—ങ്ങളിലും മറ്റും വിസ്തൃതി കൂടിയ വാര്‍ഡുകളില്‍ ആവശ്യമെങ്കില്‍ ഒന്നിലധികം കിയോസ്‌ക് അനുവദിക്കും. ജല വിതരണസംവിധാനങ്ങളും മഴവെള്ള സംഭരണികളും കേടുപാടുകള്‍ തീര്‍ത്ത് ഉപയോഗയോഗ്യമാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. എന്‍ഡോസള്‍ഫാന്‍ പാക്കേജിലുള്‍പ്പെടുത്തിയ കുടിവെള്ള പദ്ധതികള്‍ അവലോകനം ചെയ്യുന്നതിന് ജില്ലാകലക്ടര്‍ പ്രത്യേകം യോഗം വിളിക്കും. വൊര്‍ക്കാടി, എന്‍മകജെ പഞ്ചായത്തുകളില്‍ ജലഅതോറിറ്റി നിര്‍മിച്ച പൈപ്പ്‌ലൈനുകളിലൂടെ അടിയന്തിരമായി വെള്ളംകിട്ടാനുള്ള നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു. ഏഴിമല നാവിക അക്കാദമിയിലേക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് കാക്കടവില്‍ നിര്‍മിച്ച താല്‍ക്കാലിക തടയണ പാരിസ്ഥിതിക പ്രശ്‌നം സൃഷ്ടിക്കുന്നതായും സ്ഥിരം തടയണ നിര്‍മിക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. വരള്‍ച്ച നേരിടാന്‍ ഇതുവരെ സ്വീകരിച്ച നടപടി ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു വിശദീകരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss