|    Sep 26 Wed, 2018 8:16 am
FLASH NEWS

ആവശ്യമായ രേഖകള്‍ ലഭിച്ചാല്‍ നിവേദനങ്ങളില്‍ഉടനെ അന്തിമ തീരുമാനം: പിന്നാക്ക വിഭാഗ കമ്മീഷന്‍

Published : 19th January 2017 | Posted By: fsq

 

പാലക്കാട്: സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന് പിന്നാക്കവിഭാഗങ്ങളില്‍ നിന്ന് ഇതുവരെ ലഭിച്ചിട്ടുള്ള നിവേദനങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്നതിന് കൃത്യമായ രേഖകളുടെ അപര്യാപ്തത തടസമാകുന്നുണ്ടെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് ജി ശിവരാജന്‍ പറഞ്ഞു. കലക്ടറേറ്റ് സമ്മേളനഹാളില്‍ നടന്ന  കമ്മീഷന്‍ സിറ്റിങിലാണ് ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്. സാമൂഹിക-സാമ്പത്തിക  സര്‍വേയുടെ റിപോര്‍ട്ടും വിവിധ പിന്നാക്ക വിഭാഗങ്ങള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങളിലുള്ള പ്രാതിനിധ്യവും സംബന്ധിച്ച റിപോര്‍ട്ട് ലഭിക്കേണ്ടതുണ്ട്. കമ്മീഷന് ഇക്കാര്യങ്ങള്‍ അടിയന്തരമായി കൈമാറണമെന്ന് കേരള ഹൈക്കോടതി ഉത്തരവിറക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സമുദായ സംഘടനകളും മുന്‍കൈ എടുക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.  നിലവില്‍ 79 കേസുകളാണ് അന്തിമ തീരുമാനത്തിനായി കമ്മീഷന്റെ പരിഗണനയിലുള്ളത്. പിന്നാക്കവിഭാഗങ്ങള്‍ക്ക് നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുമ്പോള്‍ വില്ലേജ് ഓഫിസര്‍മാര്‍ അര്‍ഹരായവര്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി നിയമങ്ങള്‍ വ്യക്തമായി പഠിച്ചിരിക്കണമെന്നും ചെയര്‍മാന്‍ അറിയിച്ചു.സിറ്റിങില്‍ മലബാര്‍ മേഖലയിലെ ബോയന്‍ സമുദായക്കാര്‍ ഒബിസി  വിഭാഗത്തില്‍ ഉള്‍പ്പെടുമ്പോള്‍ മറ്റു മേഖലയിലെ ഈ സമുദായക്കാരെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന ചോദ്യം ഉന്നയിച്ചുള്ള പരാതിയില്‍ പഴയ മലബാര്‍ ജില്ലയുടെ ഭാഗമായുള്ള പാലക്കാട്, മലപ്പുറം ജില്ലകളിലേയും തൃശൂര്‍ ജില്ലയിലെ  മലബാര്‍ മേഖലയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലേയും റവന്യൂ ഉദ്യോഗസ്ഥരില്‍ നിന്ന് ഈ വിഭാഗക്കാരുടെ ജീവിത രീതിയും വിദ്യാഭ്യാസ യോഗ്യതയും സംബന്ധിച്ച്  കമ്മീഷന്‍ തെളിവെടുത്തു. പത്തുകുടി വിഭാഗത്തെ ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തില്‍ ഈ സമുദായ സംഘടനാ പ്രതിനിധികളില്‍ നിന്ന് മൊഴിയെടുത്തതിനു പുറമെ ഈ വിഭാഗത്തിന് പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിതി വിവരകണക്കുകളും കമ്മീഷന്‍ പരിശോധിച്ചു. പാലക്കാട് ജില്ലയിലെ പപ്പടനിര്‍മാണം കുലത്തൊഴിലാക്കിയവര്‍ക്ക് സംവരണം വേണമെന്ന ആവശ്യത്തിലും ബന്ധപ്പെട്ടവരില്‍ നിന്ന് കമ്മീഷന്‍ തെളിവെടുപ്പ് നടത്തി. വടുക സമുദായത്തിലെ വിവിധ വിഭാഗങ്ങളെ ചേര്‍ത്ത് ‘വടുക’ എന്ന് നാമകരണം ചെയ്ത് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിക്കണമെന്ന നിയമസഭാ സമിതിയുടെ ശുപാര്‍ശയില്‍ പിന്നാക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍, കിര്‍ത്താഡ്‌സ് പ്രതിനിധി എന്നിവരില്‍ നിന്നും കമ്മീഷന്‍ തെളിവെടുത്തു.  നരവംശംപഠനം പൂര്‍ത്തിയാക്കി തയ്യാറാക്കിയിട്ടുള്ള  റിപോര്‍ട്ട് കമ്മീഷന് ഉടന്‍ ലഭ്യമാക്കുമെന്നും കിര്‍ത്താഡ്‌സ് പ്രതിനിധി കമ്മീഷനെ അറിയിച്ചു. റിപോര്‍ട്ട് ലഭിച്ചാലുടന്‍ അന്തിമ തീരുമാനമെടുക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.  കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്ന സിറ്റിങില്‍ മെംബര്‍മാരായ അഡ്വ.വി എ ജെറോം, മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി, ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി. എഡിഎം എസ് വിജയന്‍, കമ്മീഷന്‍ അഡീഷണല്‍ രജിസ്ട്രാര്‍ എം സലിം, പിന്നാക്ക വികസനവകുപ്പ് ഡയറക്ടര്‍ വി എസ് മുഹമ്മദ് ഇബ്രാഹിം  പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss