|    Aug 20 Sun, 2017 5:33 am
FLASH NEWS

ആവശ്യത്തിന് ബസ് സര്‍വീസില്ല; വടകര-ചെരണ്ടത്തൂര്‍ റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം

Published : 1st July 2016 | Posted By: SMR

വടകര: ആവശ്യത്തിന് ബസുകളും മറ്റ് പൊതുവാഹനങ്ങളുമില്ലാത്തതിനാല്‍ യാത്രാക്ലേശം നിലനിന്നിരുന്ന വടകര-ചെരണ്ടത്തൂര്‍ റൂട്ടില്‍ ബസുകള്‍ സറണ്ടര്‍ ചെയ്യല്‍ ആരംഭിച്ചതോടെ യാത്രക്കാര്‍ നേരിടുന്ന ബുദ്ധിമുട്ട് ഇരട്ടിയായി. ബസുടമകള്‍ തന്നെ കാരണമൊന്നുമില്ലാതെ സര്‍വീസ് നിര്‍ത്തുന്നതാണ് ഈ റൂട്ടില്‍ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാര്‍ക്ക് ഇരുട്ടടിയാവുന്നത്. വൈകുന്നേരം 5.25 ന് വടകര നിന്നും ചെരണ്ടത്തൂരിലേക്ക് സര്‍വീസ് നടത്തുന്ന ശ്രീലക്ഷ്മി ബസ് ഈയടുത്താണ് സറണ്ടര്‍ ചെയ്തത്. ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളുമടക്കം നിരവധി പേര്‍ സ്ഥിരമായി ആശ്രയിക്കുന്ന ബസാണ് ഒരു കാരണവുമില്ലാതെ സര്‍വീസ് നിര്‍ത്തിയതെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.
അതേസമയം വടകര നിന്നും 6.25 ന് ചെരണ്ടത്തൂരിലേക്ക് സര്‍വീസ് നടത്തിയിരുന്ന ഗോള്‍ഡ് സിറ്റി എന്ന പേരിലുള്ള ബസും സറണ്ടറിന് ആര്‍ടിഒവിന് അപേക്ഷ നല്‍കിയിട്ടുണ്ട്. 5.25 ന്റെ ബസ് സര്‍വീസ് നിര്‍ത്തിയതിനാല്‍ യാത്രക്കാര്‍ കൂടുതലായി 6.25 നുള്ള ബസിനെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. ഈ ബസ് സര്‍വീസ് നിര്‍ത്തിയാല്‍ ചെരണ്ടത്തൂരിലേക്കുള്ള യാത്രാക്ലേശം രൂക്ഷമാകുമെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു.1972 മുതല്‍ ഓടിക്കൊണ്ടിരുന്ന ചെരണ്ടത്തൂര്‍-കൊയിലാണ്ടി ബസ് വൈകുന്നേരം 7 മണക്ക് വടകരയിലേക്കും 7.45 ന് വടകരയില്‍ നിന്ന് ചെരണ്ടത്തൂരിലേക്കും ട്രിപ്പുകള്‍ ഉണ്ടായിരുന്നത് കുറച്ചു കാലമായി ഓടുന്നുമില്ല.
നൂറു കണക്കിന് വിദ്യാര്‍ഥികളാണ് ചെരണ്ടത്തൂര്‍ ഭാഗത്ത് നിന്ന് വടകരയിലെ വിവിധ വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനായെത്തുന്നത്. ചെരണ്ടത്തൂരിലെ എംഎച്ച്ഇസ് കോളജ്, എംഎച്ച്ഇഎസ് ഐടിഐ സ്ഥാപനങ്ങളിലും വടകര താലൂക്കിന്റെ വിവിധ ഭാഗങ്ങളിലുളള വിദ്യാര്‍ഥികള്‍ പഠിക്കുന്നു. റൂട്ടില്‍ നേരത്തെ തന്നെ യാത്രക്ലേശം ഉള്ളതിനാല്‍ ചെരണ്ടത്തൂര്‍ പ്രവര്‍ത്തിക്കുന്ന വിദ്യഭ്യാസ സ്ഥാപനങ്ങള്‍ സ്വന്തമായി ബസ് ഏര്‍പ്പെടുത്തിയാണ് വിദ്യാര്‍ത്ഥികളെ കൃത്യസമയത്ത് കോളജിലെത്തിക്കുന്നത്.
ബസുകള്‍ സറണ്ടര്‍ ചെയ്യാനുള്ള അപേക്ഷകള്‍ തള്ളികളയണമെന്ന് ആവശ്യപ്പെട്ട് മണിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ മെംബര്‍മാരായ അഹമ്മദ് സ്വാലിഹ് വി പി, ഷൈമ ഒതേനപുരി, ഷഹബത്ത് ജുന, സി വിനോദന്‍ എന്നിവര്‍ വടകര ആര്‍ടിഒവിന് നിവേദനം നല്‍കി. അടിയന്തര പരിഹാരം കാണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക