|    Dec 11 Mon, 2017 8:42 pm
FLASH NEWS

ആവശ്യത്തിന് പണമില്ലാതെ ബാങ്കുകളും എടിഎമ്മും

Published : 12th November 2016 | Posted By: SMR

തിരുവനന്തപുരം: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന്റെ മൂന്നാം ദിനവും നഗരവാസികള്‍ നെട്ടോട്ടത്തില്‍. കൈയിലുണ്ടായിരുന്ന ചില്ലറ തീര്‍ന്നതോടെ നോട്ടുകള്‍ ചില്ലറയാക്കി മാറ്റുന്നതിന്റെ തിരക്കിലായിരുന്നു ജനങ്ങള്‍. നഗരത്തിലെ എല്ലാ ബാങ്കുകളിലും രാവിലെ മുതല്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. പാളയം റിസര്‍വ് ബാങ്കിനു മുന്നില്‍ ആരംഭിച്ച ക്യൂ തൊട്ടടുത്തുളള റോഡിലേക്കു നീണ്ടു. മറ്റു ബാങ്കുകള്‍ക്കും മുമ്പിലും ഇതു തന്നെയായിരുന്നു സ്ഥിതി. വരുന്നവര്‍ക്കെല്ലാം നോട്ടുകല്‍ മാറി നല്‍കാന്‍ ബാങ്കുകള്‍ സാധിച്ചു. എന്നാല്‍ രാവിലെ വന്ന പലരും നോട്ടുകള്‍ മാറി മടങ്ങിയതു ഉച്ചയോടെയായിരുന്നു എന്നു മാത്രം. ചെറിയ ബാങ്കുകളില്‍ ഉച്ചയോടെ തന്നെ ചില്ലറകള്‍ തീര്‍ന്നിരുന്നു. എടിഎമ്മുകള്‍ പൂര്‍ണമായി തുറന്നു പ്രവര്‍ത്തിക്കുമെന്നു അറിയിച്ചിരുന്ന ഇന്നലെ ഭൂരിഭാഗം എംടിഎമ്മുകളും അടഞ്ഞു തന്നെ കിടക്കുകയായിരുന്നു. എടിഎമ്മുകളില്‍ പുതിയ നോട്ടുകള്‍ നിറയ്ക്കുന്നതിനു കാലതാമസം നേരിട്ടതാണു എടിഎമ്മുകള്‍ അടഞ്ഞുകിടക്കുന്നതിനു കാരണമായി തീര്‍ന്നത്. ബാങ്കുകള്‍ നേരിട്ടു പണം നിറയ്ക്കുന്ന എടിഎമ്മുകളാണു ഇന്നലെ തുറന്നു പ്രവര്‍ത്തിച്ചത്. പുറംകരാര്‍ കൊടുത്തിരുന്ന എടിഎമ്മുകള്‍ തുറന്നു പ്രവര്‍ത്തിച്ചില്ല. സ്റ്റേറ്റ് ബാങ്കിന്റെ എടിഎമ്മുകളാണു ഇന്നലെ കാര്യക്ഷമായി പ്രവര്‍ത്തിച്ചത്. പരമാവധി രണ്ടു ലക്ഷം മാത്രമാണു എടിഎമ്മുകളില്‍ നിറയ്ക്കുന്നത്. ആവശ്യക്കാര്‍ ഏറിയതോടെ എടിഎമ്മുകളില്‍ വീണ്ടും വീണ്ടും നോട്ടുകള്‍ നിറയ്‌ക്കേണ്ടി വന്നു. നഗരത്തിലെ പ്രമുഖ എടിഎമ്മുകള്‍ക്കു മുമ്പിലും ജനങ്ങളുടെ നീണ്ട നിര രാവിലെ മുതല്‍ ആരംഭിച്ചിരുന്നു. എന്നാല്‍, പുതുതായി ഇറക്കിയ 2000 രൂപ മാറിക്കിട്ടിയവരും പുലിവാല് പിടിച്ചു. അന്നന്നത്തെ ചെലവുകള്‍ക്ക് തന്നെ ചില്ലറ ഇല്ലെന്നിരിക്കെ രണ്ടായിരത്തിന്റെ നോട്ടും പിടിച്ച് എവിടെ മാറുമെന്ന ആശങ്കയിലായിരുന്നു മിക്കവരും. അതേസമയം, ഇന്നലെയും നഗരത്തിലെ ചെറുകിട കച്ചവടക്കാര്‍ ദുരിതത്തിലായിരുന്നു. വലിയ മാര്‍ക്കറ്റുകള്‍ മുതല്‍ നഗരത്തിലെ ചെറിയ മാര്‍ക്കറ്റുകളില്‍ വരെ മന്ദ്യത അനുഭവപ്പെട്ടു. എന്നും കച്ചവടത്തിനിറങ്ങിയിരുന്ന പലരും കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി കച്ചവടത്തിനിറങ്ങുന്നില്ലെന്നു പാളയം മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പറയുന്നു. നല്‍കാന്‍ ചില്ലറകള്‍ ഇല്ലാതെ പല കച്ചവടക്കാരും ദുരിതത്തിലായി. ദിവസ വരുമാനം കൊണ്ടുജീവിക്കുന്ന ഓട്ടോറിക്ഷ, ലോട്ടറി കച്ചവടക്കാര്‍, തട്ടുകടക്കാര്‍ തുടങ്ങിയവരെയും ഇത് കാര്യമായി ബാധിച്ചു. നോട്ടുകള്‍ പിന്‍വലിച്ചതു തലസ്ഥാനത്തെ പ്രമുഖ ടൂറിസം മേഖലകളെയും കാര്യമായി ബാധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക