|    Nov 18 Sun, 2018 5:45 am
FLASH NEWS

ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ല;സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി അവതാളത്തിലേക്ക്

Published : 5th August 2016 | Posted By: SMR

സുല്‍ത്താന്‍ ബത്തേരി: താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തില്‍. ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തത് പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. പുതിയ കെട്ടിടങ്ങള്‍ ഉയരുന്നുണ്ടെങ്കിലും ഡോക്ടര്‍മാരില്ലാത്തത് ചികില്‍സ തേടിയെത്തുന്നവരെ ദുരിതത്തിലാക്കുകയാണ്. നൂറ്റാണ്ടിനടുത്ത് പഴക്കമുള്ള ആശുപത്രിയില്‍ 1960ലെ ജനസംഖ്യാനുപാതികമായ സ്റ്റാഫ് പാറ്റേണാണ് തുടര്‍ന്നുവരുന്നത്. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ ഇതിനു മാറ്റംവരുത്താന്‍ തയ്യാറായിട്ടില്ല.
താലൂക്ക് ആശുപത്രിയില്‍ 30-40 ഡോക്ടര്‍മാര്‍ ആവശ്യമുള്ളിടത്ത് ആകെയുള്ള തസ്തികകള്‍ 21 ആണ്. ഇതില്‍ തന്നെ ആകെയുള്ള ഡോക്ടര്‍മാര്‍ 10 മാത്രം.     120 കിടക്കകളുള്ള ആശുപത്രിയില്‍ 58 കിടക്കകള്‍ക്കുള്ള സ്റ്റാഫ് പാറ്റേണ്‍ ആണ് നിലവിലുള്ളത്. സ്‌പെഷ്യാലിറ്റിയിലടക്കം 11 തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.
ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവര്‍ത്തനം കഴിഞ്ഞ രണ്ടു മാസമായി അവതാളത്തിലാണ്. സ്ഥിരമായി മൂന്നു പേരെങ്കിലും ഇല്ലാതെ ഗൈനക്കോളജി വിഭാഗം പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ഐസിയു പ്രവര്‍ത്തനവും നിലച്ചു. ഗൈനക്കോളജി-രണ്ട്, സ്‌കിന്‍-ഒന്ന്, ചെസ്റ്റ്-ഒന്ന്, കാഷ്വാലിറ്റി-രണ്ട്, അനസ്‌തേഷ്യ-ഒന്ന്, കണ്ണുരോഗം-ഒന്ന്, സര്‍ജറി-ഒന്ന്, മെഡിസിന്‍-രണ്ട് എന്നിങ്ങനെ 11 ഡോക്ടര്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. ദിനംപ്രതി 1,500ഓളം രോഗികളാണ് ചികില്‍സ തേടി ഇവിടെയെത്തുന്നത്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നും രോഗികള്‍ ചികില്‍സാര്‍ഥം എത്തുന്നു. ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരുമില്ലാതെ ആശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കും. ആവശ്യമായ ഡോക്ടര്‍മാരെ അടിയന്തരമായി നിയമിക്കാത്തപക്ഷം സമരപരിപാടികളുമായി മുന്നോട്ടുപോവേണ്ട അവസ്ഥയാണെന്നു കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് പ്രശ്‌നപരിഹാരം ഉണ്ടാക്കണം.
ആദിവാസികളടക്കം നിരവധി രോഗികളുടെ ആശ്രയമായ ആശുപത്രി നശിക്കാതിരിക്കാന്‍ ആവുന്നതും ശ്രമിക്കുമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു. സമരത്തിന്റെ ആദ്യ പടിയെന്നോണം സ്‌പെഷ്യാലിറ്റി ഒപി നിര്‍ത്തിവച്ച് ജനറല്‍ ഒപി നടത്തി പ്രതിഷേധിക്കും.
ജനപ്രതിനിധികളെയും രാഷ്ട്രീയ-സാമൂഹിക പ്രമുഖരെയും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. എന്നിട്ടും തീരുമാനമായില്ലെങ്കില്‍ കടുത്ത സമരപരിപാടികള്‍ ആസൂത്രണം ചെയ്യുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. ജില്ലയില്‍ ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാവാത്തതാണ് കൂടുതല്‍ പ്രതിസന്ധി ഉണ്ടാക്കുന്നത്. ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കാസര്‍കോട്, ഇടുക്കി, അട്ടപ്പാടി തുടങ്ങിയ സ്ഥലങ്ങളില്‍ ഉള്ളതുപോലെയുള്ള സ്‌പെഷ്യല്‍ പാക്കേജ് ഉണ്ടാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. താലൂക്ക് കണ്‍വീനര്‍ ഡോ. വി വി സുരാജ്, ഡോ. സി അനൂപ്, ഡോ. താഹിര്‍ മുഹമ്മദ് പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss