|    Jun 26 Mon, 2017 2:03 pm
FLASH NEWS

ആവശ്യത്തിന് ജീവനക്കാരില്ല ജില്ലാ ആശുപത്രിയില്‍ ലാബ് പ്രവര്‍ത്തനം അവതാളത്തില്‍

Published : 6th November 2016 | Posted By: SMR

മാനന്തവാടി: ദേശീയ അംഗീകാരമായ എന്‍എബിഎച്ച് അവാര്‍ഡ് ലഭിച്ച ജില്ലാ ആശുപത്രി ലാബില്‍ ആവശ്യത്തിന് തസ്തികകളും ജീവനക്കാരും ഇല്ലാത്തത് ലാബ് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നു. പ്രതിദിനം ശരാശരി 1000 ത്തോളവും പ്രതിമാസം 45,000 ത്തോളവും വിവിധ പരിശോധനകള്‍ നടന്നിരുന്ന ലാബില്‍ ജീവനക്കാരില്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ജൂനിയര്‍ സയന്റിഫിക് ഓഫിസര്‍ ഒന്ന്, ചീഫ് ലാബ് ടെക്‌നീഷ്യന്‍ ഒന്ന്, ലാബ് ടെക്‌നീഷ്യന്‍ ഗ്രേഡ് വണ്‍ ആറ്, ഗ്രേഡ് ടു എട്ട്, ലാബ് അസിസ്റ്റന്റ് ആറ് തസ്തികകളാണ് ജില്ലാ ആശുപത്രികളില്‍ ഉണ്ടാവേണ്ടത്. എന്നാല്‍, ഇവിടെയാവട്ടെ ജെഎസ്ഒ, സിഎല്‍ടി തസ്തികകള്‍ ഇതുവരെയായി സൃഷ്ടിക്കാന്‍ നടപടികള്‍ പോലും തുടങ്ങിയിട്ടില്ല. ലാബ് ടെക്‌നീഷ്യന്‍, ലാബ് അസിസ്റ്റന്റ് തസ്തികളിലും പകുതിയിലെറെ ഒഴിവുകളിലും നിയമനം നടത്തിയിട്ടില്ല. ഇത്രയധികം പരിശോധനകള്‍ നടക്കുകയും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നതുമായ ലാബില്‍ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാന്‍ അധികൃതര്‍ നടപടി സ്വീകരിച്ചിട്ടില്ല. ലാബിന്റെ പ്രവര്‍ത്തനം സുഗമമാക്കാന്‍ അടിയന്തരഘട്ടങ്ങളില്‍ എന്‍ആര്‍എച്ച്എം, എച്ച്എംസി എന്നിവിടങ്ങളില്‍ നിന്ന് വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ ജീവനക്കാരെ നിയമിക്കുകയാണ്. വര്‍ക്കിങ് അറേജ്‌മെന്റില്‍ എത്തുന്നവരായതിനാല്‍ തന്നെ ഇവരുടെ സേവനം മുഴുവന്‍ ദിവസങ്ങളിലും ലഭിക്കാറില്ല. ബിപിഎല്‍ വിഭാഗത്തിന് സ്വകാര്യ ആശുപത്രികളെ അപേക്ഷിച്ച് നാലിലൊന്നും, എപിഎല്‍ വിഭാഗത്തിന് പകുതി തുകയും മാത്രമെ ഈടാക്കുന്നുള്ളു എന്നതിനാല്‍ തന്നെ നിത്യേന നിരവധി പേരാണ് ലാബില്‍ പരിശോധനകള്‍ക്കായി എത്തുന്നത്. മാസം 10 ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുന്ന ലാബില്‍ ആവശ്യത്തിന് തസ്തികകള്‍ സൃഷ്ടിക്കാനും ജിവനക്കാരെ നിയമിക്കാനും അധികൃതര്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക