|    Mar 19 Mon, 2018 2:04 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആവശ്യത്തിനു ജീവനക്കാരില്ല; മൃഗശാലകളുടെ പ്രവര്‍ത്തനം താളംതെറ്റുന്നു

Published : 17th October 2016 | Posted By: SMR

എച്ച് സുധീര്‍

തിരുവനന്തപുരം:  സംസ്ഥാനത്തെ മൃഗശാലകളില്‍ മൃഗങ്ങളുടെ വര്‍ധനയ്ക്ക് ആനുപാതികമായി ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കൂടാതെ, അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയാല്‍ മൃഗങ്ങളുടെ മരണനിരക്കും ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാരിന് കീഴിലുള്ള തിരുവനന്തപുരം, തൃശൂര്‍ മൃഗശാലകളിലെ അന്തേവാസികളായ മൃഗങ്ങളെ പരിശോധിക്കുന്നതിന് കാലങ്ങളായി കേവലം ഓരോ ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. ഇവിടേക്ക് പുതുതായി ഡോക്ടര്‍മാരുടെ തസ്തികപോലും സൃഷ്ടിക്കാന്‍ മാറിമാറിവരുന്ന സര്‍ക്കാരുകള്‍ നടപടിയെടുത്തിട്ടില്ല. ഇതു കടുത്ത അവഗണനയാണെന്നാണ് മൃഗസ്‌നേഹികളുടെ പരാതി. ആവശ്യമായ തസ്തികകള്‍ അടിയന്തരമായി സൃഷ്ടിച്ച് നിയമനനടപടികള്‍ വേഗത്തിലാക്കണമെന്നാണ് ഇവരുടെ ആവശ്യം. മൃഗശാലകളില്‍ കുറവുള്ള ജീവനക്കാരുടെ തസ്തികകള്‍ സൃഷ്ടിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ നിര്‍ദേശവും നടപ്പായിട്ടില്ല.
തൃശൂര്‍ മൃഗശാലയില്‍ ലാബ് അസിസ്റ്റന്റ്, വെറ്ററിനറി കമ്പോണ്ടര്‍ എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്താനും അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ആവശ്യത്തിന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമല്ലാത്തത് മൃഗശാലകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വകുപ്പ് അധികൃതരും ജീവനക്കാരും സമ്മതിക്കുന്നു. നിലവിലെ പ്രതിസന്ധി കണക്കിലെടുത്ത് തിരുവനന്തപുരം മൃഗശാലയില്‍ ഡോക്ടറുടെ ഒരു തസ്തിക കൂടി സൃഷ്ടിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലാണ്. തൃശൂര്‍ മൃഗശാലയില്‍ ലാബ് അസിസ്റ്റന്റിന്റെയും വെറ്ററിനറി കമ്പോണ്ടറുടെയും തിരുവനന്തപുരം മൃഗശാലയില്‍ വെറ്ററിനറി സര്‍ജന്റെയും ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടറുടെയും തസ്തിക സൃഷ്ടിക്കുന്നതിന് നടപടികള്‍ ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ തൃശൂര്‍, തിരുവനന്തപുരം മൃഗശാലകളിലായി ചത്തത് അഞ്ഞൂറ്റിപ്പത്തോളം പക്ഷിമൃഗാദികളാണ്. തൃശൂരില്‍ മാത്രം മുന്നൂറിനടുത്ത് ജീവികളാണ് ചത്തത്.
ജീവഹാനി നേരിട്ടവയില്‍ ഏറ്റവും കൂടുതല്‍ സസ്തനികളാണ്. തിരുവനന്തപുരത്ത് 128ഉം തൃശൂരില്‍ 210ഉം ഉള്‍പ്പെടെ 338 സസ്തനികളാണ് അഞ്ചുവര്‍ഷത്തിനിടെ ചത്തത്. 116 പക്ഷികളും 52 ഉരഗങ്ങളും ഇക്കാലയളവില്‍ ചത്തതായി മൃഗശാലാ വകുപ്പിന്റെ രേഖകളില്‍ വ്യക്തമാക്കുന്നു. രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്ത് 25 വയസ്സുള്ള ഹിമക്കരടി ചത്തതാണ് അവസാനത്തെ സംഭവം. പ്രായാധിക്യത്താല്‍ ചാവുന്ന ജീവികളുടെ നിരക്ക് കുറവാണ്. ഒട്ടുമിക്കവയും രോഗം ബാധിച്ചാണ് ചാവുന്നത്. ലക്ഷങ്ങള്‍ വരുമാനമുണ്ടെങ്കിലും അതിനനുസരിച്ച് ജീവജാലങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ വലിയ വീഴ്ചയുണ്ടെന്നതാണ് മൃഗങ്ങളുടെ മരണനിരക്ക് വ്യക്തമാക്കുന്നത്.
ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ചുള്ള കൂടുകളാണ് നിര്‍മിച്ചുനല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ പറയുമ്പോഴും കൂടുകളിലെ അപര്യാപ്തതയാണ് ഒരു പരിധിവരെ മൃഗങ്ങള്‍ക്ക് വെല്ലുവിളിയാവുന്നത്. മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം മൃഗശാലയിലുണ്ടായ വൈറസ് ബാധ നിരവധി ജീവികളുടെ ജീവനെടുത്തിരുന്നു. രോഗം ബാധിക്കുന്ന മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കുമെങ്കിലും പല ജീവജാലങ്ങളുടെയും കൂടുകള്‍ തമ്മില്‍ വലിയ ദൂരവ്യത്യാസം ഇല്ലാത്തതിനാല്‍ രോഗം പെട്ടെന്ന് പടരുന്നതിനും ഇടയാക്കുന്നുണ്ട്. വന്‍തുക ചെലവാക്കി മൃഗശാലയില്‍ നവീകരണം നടത്തുമ്പോഴും കൂടുകള്‍ പുനരുദ്ധരിക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല. വന്യമൃഗങ്ങളെയും പക്ഷികളെയും പ്രദര്‍ശിപ്പിക്കുന്ന നിരവധി കൂടുകളാണ് ഇവിടെ നശിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാലയാക്കി തൃശൂര്‍ മൃഗശാല ഉയര്‍ത്തുമെന്നും കൂടുതല്‍ മൃഗങ്ങളെയെത്തിച്ച് തിരുവനന്തപുരം മൃഗശാല കൂടുതല്‍ ശക്തിപ്പെടുത്തുമെന്നുമാണ് വകുപ്പു മന്ത്രി കെ രാജുവിന്റെ ഏറ്റവും പുതിയ പ്രഖ്യാപനം. 150 കോടിയാണ് ഇതിനായി ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ നിലവിലെ പ്രതിസന്ധിക്ക് പരിഹാരമാവുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss