|    Dec 14 Fri, 2018 9:39 am
FLASH NEWS
Home   >  Kerala   >  

ആവശ്യങ്ങള്‍ അംഗീകരിക്കുന്നതായി സര്‍ക്കാര്‍; മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥി സമരം അവസാനിപ്പിച്ചു

Published : 19th May 2017 | Posted By: mi.ptk

മഞ്ചേരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറുമായി ചര്‍ച്ചനടത്തുന്നു.

ടി പി ജലാല്‍
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരം അവസാനിപ്പിച്ചു. നാല് ദിവസം മുമ്പ് ആരംഭിച്ച നിരാഹാര സമരമാണ്  ഉച്ചക്ക് 12.30 ഓടെ അവസാനിപ്പിച്ചത്. തിരുവനന്തപുരത്ത് ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചറും വിദ്യാര്‍ഥി പ്രതിനിധികളും എം ഉമ്മര്‍ എംഎല്‍എ,ഡിഎംഇ എന്നിവര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചതോടെ സമരത്തിന് വിരാമമായത്. സര്‍ജ്ജറിയില്‍ 6 ഉം മെഡിസിനില്‍ 4ഉം ഗൈനക്കോളജിയില്‍ ഒന്നും വീതം അധ്യാപകരെ നിയമിക്കാന്‍ തീരുമാനിച്ചു. ഇതില്‍ അസി. പ്രഫസറും അസോസിയേറ്റ് പ്രഫസറും  സീനിയര്‍ റെസിഡന്റുമടക്കം മൂന്ന് പേര്‍ ചുമതലയേറ്റു. ഇതിന് പുറമെ മുന്ന് മാസത്തിനകം ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കും. പിഎസ്‌സി നിയമനത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജിന് മുന്‍ഗണന നല്‍കും. തുടങ്ങിയ വാഗ്ദാനങ്ങളും മന്ത്രി നല്‍കി.  പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും വിദ്യാര്‍ഥികള്‍ സംസാരിച്ചിരുന്നു.
ജില്ലാ കലക്ടറുള്‍പെടെയുള്ളവര്‍ വിദ്യാര്‍ഥികളുമായി നിരന്തരം ചര്‍ച്ച നടത്തിയിരുന്നെങ്കിലും മന്ത്രി തല ചര്‍ച്ചയില്ലാതെ പിന്‍മാറില്ലെന്നായിരുന്നു നിലപാട്. 20 ഒഴിവുകളുള്ള ശസ്ത്രക്രിയാ വിഭാഗത്തില്‍ വെറും 3 അധ്യാപകരെ മാത്രം വെച്ച് ക്ലാസെടുക്കുന്നതാണ് വിദ്യാര്‍ത്ഥികളെ സമരത്തിലേക്ക് നയിച്ചത്. ഒഴിവ് നികത്തുക, ഇതിന് പുറമെ ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം തുടങ്ങുക തുടങ്ങിയ കാര്യങ്ങളാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മ ആവശ്യപ്പെട്ടിരുന്നത്. ആശുപത്രിയുടെ മുകളിലും ഗവ.ഗസ്റ്റ് ഹൗസിലുമുള്ള താല്‍ക്കാലിക സംവിധാനത്തിലാണ് വിദ്യാര്‍ത്ഥികളും അധ്യാപകരും ഇപ്പോള്‍ താമസിക്കുന്നത്. നിയമനം സംബന്ധിച്ച് രേഖാമൂലമുള്ള ഉറപ്പും ബാക്കിയുള്ള ആവശ്യങ്ങള്‍ക്ക് കൃത്യതയുള്ള തീരുമാനങ്ങളും ലഭിച്ചിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത റോമി, തിസില്‍ റഹ്മാന്‍,ബാസിം അഷ്‌റഫ്, ഹസന്‍ റാഷിദ് എന്നിവര്‍ അറിയിച്ചു.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ 2013ല്‍ ആരംഭിച്ച മെഡിക്കല്‍ കോളജില്‍ അധ്യാപകരുടെ കുറവും കെട്ടിട സൗകര്യങ്ങളുടെ അപര്യാപതതയും ഉണ്ടായിട്ടും വിദ്യാര്‍ഥികള്‍ ഇതുവരെ പ്രതികരിച്ചിരുന്നില്ല. അടുത്ത ഫെബ്രുവരിയില്‍ അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ ആരംഭിക്കാനിരിക്കെ ഗത്യന്തരമില്ലാതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ സമരത്തിനിറങ്ങിയത്. ഒപ്പം  എസ്എഫ്‌ഐ ഒഴികെയുള്ള എല്ലാ വിദ്യാര്‍ത്ഥി സംഘടനകളുടെ പിന്തുണയുമുണ്ടായി. 9 വിദ്യാര്‍ഥികളാണ് നിരാഹാര സമരം ആരംഭിച്ചത്. സമരപന്തലിലെ 200 ഓളം വിദ്യാര്‍ഥികളും ഒന്നാം വര്‍ഷമൊഴികെയുള്ള മറ്റു വിദ്യാര്‍ഥികളും സമരത്തില്‍ പങ്കെടുത്തു. പുറമെ എഐഎസ്എഫ്, കാംപസ്ഫ്രണ്ട്, എംഎസ്എഫ്, കെഎസ്‌യു, എബിവിപി, എസ്‌ഐഒ, യൂത്ത് കോണ്‍ഗ്രസ്, എസ്ഡിപിഐ, മുസ്‌ലിം ലീഗ്, എഐവൈഎഫ്,സിപിഐ(എംഎല്‍)തുടങ്ങിയ സംഘടനകളുടെ ശക്തമായ പിന്തുണയുമാണ് സമരത്തിന് കരുത്തേകിയത്. പിടിഎ പ്രസിഡന്റ് എന്‍ എം അഷ്‌റഫ് വിദ്യാര്‍ഥികള്‍ക്ക്് നാരങ്ങാനീര് നല്‍കി. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ സിറിയക് ജോബ് ഹാരമണിയിച്ചു. ഒരു പാര്‍ട്ടി കൊടിയുടെയും അകമ്പടിയില്ലാതെ വിദ്യാര്‍ത്ഥികള്‍ പ്രകടനം നടത്തി. എന്നാല്‍ എല്ലാ സംഘടനകളോടും വിദ്യാര്‍ത്ഥികള്‍ നന്ദി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss