|    Jul 28 Fri, 2017 12:23 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ആവശ്യക്കാരില്ല; കിങ്ഫിഷര്‍ ഹൗസിന്റെ ലേലം ഇന്നും മുടങ്ങിയേക്കും

Published : 4th August 2016 | Posted By: SMR

മുംബൈ: മദ്യരാജാവ് വിജയ് മല്യയുടെ മുംബൈയിലുള്ള കിങ്ഫിഷര്‍ ഹൗസിന്റെ ഇന്ന് നിശ്ചയിച്ച ലേലവും മുടങ്ങിയേക്കും. ലേലത്തിന്റെ അടിസ്ഥാന തുക 135 കോടിയാക്കി കുറച്ചിട്ടുണ്ടെങ്കിലും ഒരാള്‍ പോലും നിശ്ചിത തിയ്യതിയായ ഈ മാസം ഒന്നിന് നിക്ഷേപ തുക കെട്ടിവയ്ക്കാന്‍ തയ്യാറായിട്ടില്ല.
അടിസ്ഥാന തുക 150 കോടിയായി നിശ്ചയിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ ലേലത്തിലും ആരും പങ്കെടുത്തിരുന്നില്ല. വര്‍ധിച്ച തുകയും സ്വത്തിന്മേലുള്ള നിയമപ്രശ്‌നങ്ങളുമാണ് സ്വത്ത് ലേലത്തില്‍ കൊള്ളുന്നതില്‍ നിന്ന് ആളുകളെ അകറ്റിനിര്‍ത്തുന്നത്.
17 ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് കിങ്ഫിഷര്‍ സ്വത്തുക്കള്‍ ലേലത്തില്‍ വില്‍ക്കുന്നത്. വായ്പയെടുത്ത ഇനത്തില്‍ 9,000 കോടി രൂപയാണ് മല്യ ബാങ്കുകള്‍ക്കു നല്‍കാനുള്ളത്. 17,000 ചതുരശ്ര അടി വിസ്തൃതിയിലുള്ള കിങ്ഫിഷര്‍ ഹൗസ് കെട്ടിടങ്ങളുടെ ലേലം ഇന്ന് 11 മണിക്ക് തുടങ്ങാനാണ് തീരുമാനം. മല്യയുടെ ആഡംബര ജെറ്റ് വിമാനം സേവന നികുതി വിഭാഗം ഈ മാസം 18ന് ലേലം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. 13.70 ലക്ഷം രൂപയുടെ ജംഗമ സ്വത്തുക്കളും വെവ്വേറെ ലേലം ചെയ്യും.
അതില്‍ ടൊയോട്ട ഇന്നോവ, ഹോണ്ട സിറ്റി തുടങ്ങിയ എട്ടു കാറുകളും ഉള്‍പ്പെടും. 90,000 രൂപ മുതല്‍ 2.50 ലക്ഷം രൂപ വരെയാണ് ഓരോ കാറുകള്‍ക്കും നിശ്ചയിച്ച അടിസ്ഥാന ലേലത്തുക. ഇതിന്റെ ലേലം ഈ മാസം 25നാണ്. അന്ന് തന്നെ കിങ്ഫിഷറിന്റെ ട്രേഡ് മാര്‍ക്കുകളും ലോഗോകളും ബാങ്ക് ലേലം ചെയ്യും. ഇവയുടെ തുക നേരത്തേ നിശ്ചയിച്ച 366.7 കോടിയില്‍ നിന്നു 330.03 കോടിയായി കുറച്ചിട്ടുണ്ട്. ദീര്‍ഘകാലത്തെ നിയമപോരാട്ടത്തിനു ശേഷം ബാങ്കിന്റെ കൈവശം ലഭിച്ച വടക്കന്‍ ഗോവയിലെ കോണ്‍ഡോലിമിലുള്ള കിങ്ഫിഷര്‍ വില്ലയും ഈ മാസം തന്നെ ലേലത്തില്‍ വില്‍ക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക