|    Jan 19 Thu, 2017 4:32 pm
FLASH NEWS

ആവശ്യകത ഇല്ലാതാക്കിയാലേ ലഹരി ഉപഭോഗം കുറയൂ: മന്ത്രി

Published : 8th October 2016 | Posted By: Abbasali tf

തിരുവനന്തപുരം: മദ്യത്തിന്റെ ആവശ്യകത ഇല്ലാതാക്കിയാലേ മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ കഴിയൂവെന്ന് അനുഭവങ്ങളിലൂടെ തെളിഞ്ഞതായി മന്ത്രി ടിപി രാമകൃഷ്ണന്‍. നിയമവിധേയമായ മദ്യം ഇല്ലാതാക്കിയാല്‍ നിയമവിരുദ്ധമായ മദ്യം വ്യാപിക്കാന്‍ ഇടയാക്കും. അത് വലിയ ദുരന്തത്തിന് വഴിവെക്കുമെന്നും മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ ബോധവല്‍ക്കരണമാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.    ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും എക്‌സൈസ് വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ലഹരിവിമുക്ത കേരളം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ലഹരിവര്‍ജന മിഷന്‍ വിമുക്തി എന്ന പേരില്‍ വിപുലമായ ബോധവല്‍ക്കരണം ആരംഭിക്കും. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഈ മഹാപ്രസ്ഥാനത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആവാന്‍ സമ്മതിച്ചിട്ടുണ്ട്. ബോധവല്‍ക്കരണത്തിനായി കലാ, സാംസ്‌കാരിക മേഖലകളുടെ പങ്കാളിത്തം പരിപൂര്‍ണമായി വിനിയോഗിക്കും. ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെയും സഹകരണം ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. മികച്ച ലഹരി വിമുക്ത ആശയം ഉള്‍ക്കൊള്ളുന്ന സ്‌കൂള്‍, കോളജ് മാഗസിനുകള്‍ക്കുള്ള പുരസ്‌കാരം പത്തനംതിട്ട ജില്ലയിലെ അയിരൂര്‍ ഗവ. ഹൈസ്‌കൂളിനും കോട്ടയത്തെ സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിനും മന്ത്രി വിതരണം ചെയ്തു. മികച്ച മാഗസിന്‍ സൃഷ്ടികള്‍ക്കുള്ള പുരസ്‌കാരം അയിരൂര്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഗോപികയ്ക്കും സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ലീഗല്‍ തോട്ടിലെ എ ഗായത്രിക്കും നല്‍കി. വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ വി കെ പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി. എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ്, ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ കെ എ ജോസഫ് സംസാരിച്ചു. റീജ്യനല്‍ കാന്‍സര്‍ സെന്റര്‍ റസിഡന്റ് മെഡിക്കല്‍ ഓഫിസര്‍ ഡോ. സി വി പ്രശാന്ത് ലഹരിവിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ചടങ്ങിനുശേഷം കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ വരല്ലേ ഇതു വഴിയേ എന്ന നാടകം അവതരിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 21 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക