|    Oct 18 Thu, 2018 4:11 am
FLASH NEWS

ആവണീശ്വരം-കുണ്ടറപ്പടി പാലം അപകട ഭീതിയില്‍

Published : 15th September 2017 | Posted By: fsq

 

പത്തനാപുരം: കുന്നിക്കോട്-പത്തനാപുരം റോഡില്‍ ആവണീശ്വരം കുണ്ടറപ്പടി പാലം അപകട ഭീതിയില്‍. വര്‍ഷങ്ങള്‍ പഴക്കമുള്ളള പാലം ശക്തമായ മഴയെ അതിജീവിക്കുമോയെന്ന ഭീതിയിലാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസത്തെ ശക്തമായ മഴയില്‍ പാലത്തിന്റെ നിരപ്പില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇതിനു പുറമെ വളവില്‍ വീതി കുറഞ്ഞ പാലത്തില്‍ അപകടങ്ങള്‍ പതിവാകുകയാണ്. രണ്ട് മാസം മുന്‍പ്  അരി കയറ്റി വന്ന ലോറി ഇടിച്ച് പാലത്തിന്റെ കൈവരികള്‍ തകര്‍ന്നിരുന്നു.കൈവരികള്‍ കൂടി തകര്‍ന്നതോടെ അപകട സാധ്യത വര്‍ദ്ധിച്ചിരിക്കുകയാണ്. പ്രദേശവാസികള്‍ തന്നെ മുന്‍കൈയെടുത്ത് കൈവരി തകര്‍ന്ന ഭാഗം കയര്‍ കൊണ്ട് കെട്ടിയും ചുവന്ന കൊടി കെട്ടിയും താല്‍ക്കാലിക സംവിധാനം ഒരുക്കിയിട്ടുണ്ട്. പാതയിലെ ഏറ്റവും വീതി കുറഞ്ഞ പാലമാണിത്. ശബരി ബൈപ്പാസില്‍ വാളകം മുതല്‍ പത്തനാപുരം വരെയുള്ള ഭാഗങ്ങള്‍ വീതി കൂട്ടിയെങ്കിലും ഈ പാലം പുനര്‍ നിര്‍മിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. വര്‍ഷങ്ങളുടെ പഴക്കമുള്ള പാലം വീതികൂട്ടി പുനര്‍നിര്‍മിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.പാതയില്‍ അപകടങ്ങള്‍ പതിവായിട്ടും അധികൃതരുടെ ഭാഗത്തു നിന്നുമുള്ള അനാസ്ഥ ഏറെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കാലപഴക്കം കാരണം പാലത്തിന്റെ സംരക്ഷണഭിത്തിയ്ക്കും വിള്ളലുകളുണ്ട്. നിലവില്‍ കൈവരിയുടെ വശങ്ങളില്‍ പാഴ്‌ചെടികള്‍ വളര്‍ന്ന് നില്‍ക്കുന്നുണ്ട്. ശബരിമല സീസണില്‍ നിരവധി വാഹനങ്ങളാണ് പാതയെ ആശ്രയിക്കുന്നത്. നിരന്തരം ചരക്കു ലോറികളടക്കം കടന്നു പോകുന്ന പാതയിലെ അപകടാവസ്ഥയിലായ പാലം പുനര്‍ നിര്‍മിക്കണമെന്നാവശ്യം ശക്തമാവുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss