|    May 24 Thu, 2018 12:03 pm
Home   >  Todays Paper  >  page 11  >  

ആഴ്‌സനല്‍ തകര്‍ത്ത് ജയിച്ചു, ലിവര്‍പൂളും

Published : 27th October 2016 | Posted By: SMR

ആഴ്‌സണല്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ ഇന്നലെ നടന്ന തകര്‍പ്പന്‍ പോരാട്ടത്തില്‍ ആഴ്‌സണിലിന് ജയം. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് റെഡിങ്ങിനെയാണ് ആഴ്‌സണല്‍ തറപറ്റിച്ചത്. അലക്‌സ് ഓക്‌സ്ലേഡ് ചാംമ്പര്‍ലേയ്‌നാണ് ഇരട്ട ഗോളുകള്‍ നേടി ടീമിനെ വിജയിപ്പിച്ചത്. കളിയുടെ ആദ്യാവസാനം മികച്ച പ്രകടനം പുറത്തെടുത്ത ആഴ്‌സണല്‍ അര്‍ഹിച്ച വിജയം തന്നെയാണ് നേടിയെടുത്തത്.
കളിയുടെ ആദ്യ പകുതിയില്‍ത്തന്നെ ആഴ്‌സണല്‍ കരുത്ത് തെളിയിച്ച് ഗോള്‍ വലകുലുക്കി. 33ാം മിനിറ്റില്‍ മികച്ച മുന്നേറ്റത്തിലൂടെ ചാംമ്പര്‍ലെയ്‌നാണ് അഴ്‌സണിലനായി ഗോള്‍ നേടിയത്. ഗോള്‍ വഴക്കത്തോടെ ഭയന്നു പോയ റെഡിങ്ങ് സമനില ഗോളിനായി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ആഴ്‌സണിലിന്റെ പ്രതിരോധനിരയെ ഭേദിക്കാനായില്ല. ഒന്നാം പകുതിയില്‍ ആധികാരികമായ 1-0 ന്റെ ലീഡുമായാണ് ആഴ്‌സണല്‍ കളം വിട്ടത്.
രണ്ടാം പകുതിയില്‍ സമനില ഗോളിനായി അക്രമണ ഫുട്‌ബോള്‍ ശൈലിയുമായി റെഡിങ്ങ് മുന്നേറ്റം നടത്തിയപ്പോള്‍ മല്‍സരത്തില്‍ മഞ്ഞക്കാര്‍ഡുകള്‍ റഫറിക്കുയര്‍ത്തേണ്ടി വന്നു. കളിയുടെ 76ാം മിനിറ്റില്‍ റെയ്ഡിങ്ങ് താരങ്ങളായ ഗാരത് മെക്കഌരിക്കും 79ാം മിനിറ്റില്‍ ലിയാം മോറിനും മഞ്ഞക്കാര്‍ഡുകള്‍ ലഭിച്ചു. എന്നാല്‍ അവസരോജിതമായ സന്ദര്‍ഭം നോക്കിയിരുന്ന ആഴ്‌സണല്‍ വീണുകിട്ടിയ അവരത്തെ മുതലെടുത്ത് 78ാം മിനിറ്റില്‍ വലകുലുക്കി റെഡിങ്ങിന് ഷോക്ക് നല്‍കി. രണ്ടാം തവണയും ചാംമ്പര്‍ലെയ്ന്‍ തന്നെയാണ് ടീമിനുവേണ്ടി വലകുലുക്കിയത്. ഒടുവില്‍ മല്‍സരം പൂര്‍ത്തിയായപ്പോള്‍ 2-0 ന്റെ മിന്നും ജയത്തോടെയാണ് ആഴ്‌സണല്‍ കളം വിട്ടത്. ജയത്തോടെ ആഴ്‌സണല്‍  ലീഗ് കപ്പിന്റെ ക്വാര്‍ട്ടറില്‍ കടന്നു.
ജയത്തോടെ ലിവര്‍പൂളും
ലിവര്‍പൂളും ടോട്ടനവും തമ്മില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ 2-1 ന് ടോട്ടനത്തെ തളച്ച് ലിവര്‍പൂള്‍ വിജയമാഘോഷിച്ചു. ലിവര്‍പൂളിനായി ഡാനിയല്‍ സ്റ്ററിഡ്ജ് ഇരട്ട ഗോള്‍ നേടിയപ്പോള്‍ ടോട്ടനത്തിന്റെ ആശ്വാസഗോള്‍ നേടിയത് വിന്‍സന്റ് ജാന്‍സനാണ്.
ക്വാര്‍ട്ടര്‍ പ്രവേശനത്തിനായി ഇരുടീമുകളും കളത്തില്‍ നിറഞ്ഞാടിയപ്പോള്‍ ഭാഗ്യം ലിവര്‍പൂളിനൊപ്പം നിന്നു. ആദ്യം മുതലേ മികച്ച മുന്നേറ്റങ്ങളുമായി ഇരുടീമുകളും ഗോള്‍ മുഖത്ത് അക്രമിച്ചുകൊണ്ടേയിരുന്നു. ലിവര്‍പൂള്‍ മുന്നേറ്റനിരയുടെ പല നീക്കങ്ങളും നേരിയ വ്യത്യാസത്തിലാണ് ഗോളാകാതെ പോയത്. കളി കുടങ്ങി ആദ്യ മിനിറ്റുകള്‍ക്കുള്ളില്‍ത്തന്നെ ലിവര്‍പൂള്‍ കരുത്തുകാട്ടി. ഒമ്പതാം മിനിറ്റില്‍ സ്റ്ററിഡ്ജ് ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. നീട്ടി കിട്ടിയ പാസിനെ കണക്ട് ചെയ്ത് മികച്ച ഷോട്ടിലൂടെ ലക്ഷ്യം കണ്ട സ്റ്ററിഡ്ജ് തുടക്കത്തിലേ തന്നെ ടോട്ടനത്തിന് ഷോക്ക് നല്‍കി. ആദ്യ പകുതിയില്‍ ഗോള്‍ വഴക്കത്തോടെ പതറിപ്പോയ ടോട്ടനം ഗോള്‍ മുഖത്ത് ലിവര്‍പൂള്‍ താരങ്ങള്‍ അക്രമണം അഴിച്ചുവിട്ടെങ്കിലും ലക്ഷ്യം അകന്നു നിന്നു.
രണ്ടാം പകുതിയില്‍ കൂടുതല്‍ കരുത്തുകാട്ടിയ ലിവര്‍പൂള്‍ ടോട്ടനം ഗോള്‍മുഖത്ത് ഭീഷണി ഉയര്‍ത്തിക്കൊണ്ടേയിരുന്നു. രണ്ടാം പകുതിയുടെ 64ാം മിനിറ്റില്‍ സ്റ്ററിഡ്ജ് വീണ്ടും ടോട്ടനത്തിന് ഷോക്ക് നല്‍കി. മികച്ച മുന്നേറ്റത്തിലൂടെ വെടിയുണ്ട കണക്കെ സ്റ്ററിഡ്ജ് എടുത്ത ഷോട്ടിന് മുന്നില്‍ കാഴ്ചക്കാരനാകാനെ ടോട്ടനത്തിന്റെ ഗോള്‍കീപ്പര്‍ക്കായുള്ളൂ.
രണ്ട് ഗോളുകള്‍ക്ക് മുന്നിലെത്തിയ ലിവര്‍പൂള്‍ കൂടുതല്‍ അക്രമകാരിയായപ്പോള്‍ ലിവര്‍പൂളിന്റെ എറിക് ലമില പെനാല്‍റ്റി ബോക്‌സില്‍വെച്ച് ലൂക്കാസിനെ ഫൗള്‍ചെയ്തു.  76ാം മിനിറ്റില്‍ വീണു കിട്ടിയ പെനാല്‍റ്റിയെ കൃത്യമായി ബോക്‌സിലെത്തിച്ച് വിന്‍സന്റ് ജാനസന്‍ ടോട്ടനത്തിന്റെ ആശ്വാസഗോള്‍ നേടി. അക്രമ ഫുട്‌ബോള്‍ ശൈലി പുറത്തെടുത്ത ടീമിനെ നിയന്തിക്കാന്‍ അഞ്ച് മഞ്ഞക്കാര്‍ഡുകള്‍ റഫറിക്ക് ഉപയോഗിക്കേണ്ടി വന്നു. ഒടുവില്‍ കളി പൂര്‍ത്തിയായപ്പോള്‍ 2-1 ന്റെ വിജയം നേടി ക്വാര്‍ട്ടര്‍ ബെര്‍ത്തും ഉറപ്പിച്ചാണ് ലിവര്‍പൂള്‍ കളി പിരിഞ്ഞത്.

ഇറ്റാലിയന്‍ ലീഗ്: എസി മിലാന് ജെനോ ഷോക്ക്
ഇറ്റാലിയന്‍ ലീഗില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ എസി മിലാന് നാണം കെട്ട തോല്‍വി. ജെനോ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്കാണ് മിലാനെ തറപറ്റിച്ചത്. കളിയുടെ ആദ്യാവസാനം മികച്ച പ്രകടനം പുറത്തെടുത്ത ജെനോയുടെ പോരാട്ട വീര്യത്തിനു മുന്നില്‍ പേരുകേട്ട മിലാന്‍ താരങ്ങള്‍ ചൂളിപ്പോയി. കളിയുടെ അവസാന മിനറ്റുകളില്‍ ലീഡുയര്‍ത്തിയ ജെജോക്ക് വേണ്ടി നിക്കോള നിന്‍ക്കോവിക്കും ലിയോനാര്‍ഡോ പവോല്‍റ്റി ഇരട്ട ഗോളും നേടിത്തിളങ്ങി.
ജയത്തോടെ പോയിന്റ് പട്ടികയില്‍ മുന്നേറാനുള്ള മിലാന്റെ ശ്രമത്തിന് ആദ്യമേ തന്നെ ജെനോ താരങ്ങള്‍ മറുപടി കൊടുത്തു. കളിയുടെ 11ാം മിനിറ്റില്‍ നിക്കോവിക്കിലൂടെ മിലാനുള്ള ആദ്യ ഷോക്ക് ജെനോ നല്‍കി. തുടക്കത്തിലോ ഗോള്‍ വഴക്കത്തോടെ വിറച്ചുപോയ മിലാന്‍ എതിര്‍ ഗോള്‍ മുഖത്തേയ്ക്കക്രമിച്ചെങ്കിലും ജെനോയുടെ പ്രതിരോധത്തെ കീഴടക്കാനായില്ല. ആദ്യ പകുതിയില്‍ 1-0 ന്റെ ലീഡോഡെയാണ് ജെനോ കളം വിട്ടത്.
രണ്ടാം പകുതിയില്‍ മിലാന്‍ മറ്റൊരു ഷോക്കേറ്റു. ഫൗളിങ്ങിന്റെ പേരില്‍ റെഡ് കാര്‍ഡ് ലഭിച്ച് ഗബ്രിയേല്‍ പലേറ്റക്ക് പുറത്തേക്ക് പോകേണ്ടി വന്നത് മിലാന് തിരിച്ചടിയായി. 10 പേരുമായി കളി തുടര്‍ന്ന മിലാന്റെ പിഴവുകള്‍ക്ക് അവസരം നോക്കിയിരുന്ന ജെനോ താരങ്ങള്‍ കളി തീരാന്‍ മിനിറ്റുകള്‍ ബാക്കി നില്‍ക്കെ മിലാന്റെ ഗോള്‍മുഖത്ത് അക്രമണം അഴിച്ചുവിട്ടു. കളിയുടെ രണ്ടാം പകുതിയുടെ അവസാന മിനുറ്റുകളില്‍ മിലാന്റെ പ്രതിരോധ നിരയില്‍ വീണ വിടവിനെ ജെനോ താരങ്ങള്‍ ശരിക്കും മുതലെടുത്തു.  ലോങ് പാസ്സുകളുമായി കളം നിറഞ്ഞാടിയ ജെനോ താരങ്ങലില്‍ ആരെ മാര്‍ക്ക്‌ചെയ്യണമെന്നറിയാതെ മിലാന്‍ താരങ്ങല്‍ കുരുങ്ങി. 80ാം മിനിറ്റില്‍ പവോല്‍റ്റി മിന്നും ഗോള്‍ നേടി മിലാന് വീണ്ടും ലീഡ് നല്‍കി. 86ാം മിനിറ്റില്‍ മിലാന്‍ പ്രതിരോധനിരയെ കീറിമുറിച്ച് വീണ്ടും ഗോള്‍ നേടി പവോല്‍റ്റി മിലാന് നാണം കെട്ട തോല്‍വി സമ്മാനിച്ചു. മുഴുവന്‍ സമയം പൂര്‍ത്തിയായപ്പോള്‍ 3-0 ന്റെ തോല്‍വിയുടെ ഭാരവുമായാണ് മിലാന്‍ താരങ്ങള്‍ മൈതാനം വിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss