|    Apr 21 Sat, 2018 3:09 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ആഴക്കടല്‍ മല്‍സ്യബന്ധനം: സുരക്ഷാ മാനദണ്ഡങ്ങള്‍ക്കെതിരേ തൊഴിലാളികള്‍

Published : 29th February 2016 | Posted By: SMR

കൊച്ചി: ഇന്ത്യയുടെ ആഴക്കടലില്‍ മല്‍സ്യബന്ധനം നടത്തുന്ന യാനങ്ങളില്‍ ഘടിപ്പിക്കേണ്ട സുരക്ഷാ ഉപകരണങ്ങള്‍ സംബന്ധിച്ച പട്ടിക കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ഉത്തരവ് വിദേശ മല്‍സ്യബന്ധന കപ്പലുകളെ സഹായിക്കാനെന്ന് ആക്ഷേപം.
കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ കഴിഞ്ഞ ജനുവരി 15ന് പുറത്തിറക്കിയ ഉത്തരവില്‍ ഇന്ത്യയുടെ 200 നോട്ടിക്കല്‍ മൈലില്‍ വരുന്ന കടലില്‍ പ്രവര്‍ത്തിക്കുന്ന 20 മീറ്ററില്‍ കൂടുതല്‍ നീളമുള്ള യാനങ്ങളില്‍ ഘടിപ്പിക്കേണ്ട ഉപകരണങ്ങളുടെ പട്ടിക ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധയിനം വിഎച്ച്എഫുകള്‍, ഇപിആര്‍ബി, സാര്‍ട്ട്, എഐഎസ് തുടങ്ങിയ വാര്‍ത്താ വിനിമയ ഉപകരണങ്ങളുടെ പട്ടികയാണ് ഉത്തരവിലുള്‍പ്പെടുത്തിയിരിക്കുന്നത്. ഡയറക്ടര്‍ ജനറലിനുവേണ്ടി അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ ഇ സി ജയചന്ദ്രനാണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്. ഈ ഉപകരണങ്ങള്‍ യാനങ്ങളില്‍ ഘടിപ്പിക്കാന്‍ ലക്ഷങ്ങള്‍ ചെലവ് വരും.
ഡിസംബര്‍ 31നകം ഇവ എല്ലാ യാനങ്ങളിലും ഘടിപ്പിക്കണമെന്നാണ് ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 20 മീറ്ററിന് മുകളില്‍ നീളമുള്ള ആയിരക്കണക്കിന് യാനങ്ങള്‍ കേരളത്തിന്റെ തീരക്കടലിലും പുറം കടലിലും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 495 ഇന്‍-ബോര്‍ഡ് വള്ളങ്ങളും ആയിരത്തോളം ഔട്ട്-ബോര്‍ഡ് വള്ളങ്ങളും രണ്ടായിരത്തോളം ബോട്ടുകളും നിലവില്‍ ഇരുപത് മീറ്ററിലധികം നീളമുള്ളവയാണ്. സംസ്ഥാനത്തിന്റെ അധികാരപരിധിയായ 12 നോട്ടിക്കല്‍ മൈലിനപ്പുറം ഇവ പ്രവര്‍ത്തിക്കണമെങ്കില്‍ നിലവിലുള്ള മര്‍ക്കെന്റൈല്‍ മറൈന്‍ വകുപ്പിന്റെ മാനദണ്ഡപ്രകാരമുള്ള ക്രമീകരണങ്ങള്‍ ഓരോ യാനത്തിനുമുണ്ടാവണം.
ഓരോ വള്ളത്തിനും ഐസ്, ഇന്ധനം, മല്‍സ്യം തുടങ്ങിവ സൂക്ഷിക്കുന്നതിനു മൂന്ന് പ്രത്യേക അറകളുണ്ടായിരിക്കണം. ഇന്ന് നിലവിലുള്ള യാനങ്ങള്‍ക്കൊന്നിനും ഈ സൗകര്യങ്ങളില്ല. ഇവ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന യാനങ്ങളുടെ ലീഡര്‍മാര്‍ക്ക് ഒമ്പത് ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം വരെ തടവുശിക്ഷയും വിധിക്കുന്ന ‘സമുദ്രമല്‍സ്യബന്ധന നിയമം’ 2012 ല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിക്കുകയുണ്ടായി. എന്നാല്‍, ഇതിനെതിരേ ഉയര്‍ന്ന ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഉത്തരവ് മരവിപ്പിച്ചു നിര്‍ത്തിയിരിക്കുകയാണ്. ഇതിന് പുറമെയാണ് ഏഴ് പുതിയ ഉപകരണങ്ങള്‍കൂടി ഘടിപ്പിക്കാനുളള ഉത്തരവ് വന്നിരിക്കുന്നത്.
ആഴക്കടല്‍ മേഖലയെ വിദേശ മല്‍സ്യക്കപ്പലുകള്‍ക്കായി തുറന്നിട്ടുകൊടുക്കുന്ന നടപടികളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നാണ് മല്‍സ്യത്തൊഴിലാളികള്‍ പറയുന്നത്. മീനാകുമാരി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ഒപി) പ്രകാരം വിദേശ കപ്പലുകള്‍ക്ക് ഇന്ത്യന്‍ കടലുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചുകൊണ്ട് 2014 നവംബര്‍ 12ന് ഉത്തരവും നവംബര്‍ 28ന് പബ്ലിക് നോട്ടീസും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് മീനാകുമാരി റിപോര്‍ട്ട് മരവിപ്പിച്ചെങ്കിലും സര്‍ക്കാര്‍ ഉത്തരവുകള്‍ പിന്‍വലിക്കപ്പെട്ടിട്ടില്ല. ഈ ഉത്തരവിന്റെ പിന്‍ബലത്തില്‍ ഇപ്പോഴും 43 കപ്പലുകള്‍ ഇന്ത്യയുടെ കടലില്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് വിവരം.
കൃഷി മന്ത്രാലയത്തിന്റെ ഡയറക്ടര്‍ ജനറലായിരുന്ന ഡോ. എസ് അയ്യപ്പന്റെ നേതൃത്വത്തില്‍ ‘കടല്‍ മത്സ്യബന്ധന നയം’ രൂപീകരിക്കാന്‍ പുതിയ കമ്മിറ്റിയുണ്ടാക്കിയിട്ടുണ്ട്. കമ്മിറ്റിയുടെ തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട് കമ്മിറ്റി തയ്യാറാക്കിയ ചോദ്യാവലിയില്‍ പങ്കെടുത്തു ഉത്തരമെഴുതിയ 97 ശതമാനം പേരും വിദേശമല്‍സ്യക്കപ്പലുകളെ നിരോധിക്കണമെന്നും തദ്ദേശ മല്‍സ്യത്തൊഴിലാളി വിഭാഗത്തെ ശക്തിപ്പെടുത്തണമെന്നുമാണ് അഭിപ്രായപ്പെട്ടിരിക്കുന്നത്. അഭിപ്രായങ്ങള്‍ സമാഹരിച്ച് കമ്മിറ്റി പുറത്തിറക്കിയ കരട് റിപോര്‍ട്ടിലാവട്ടെ എല്‍ഒപി റദ്ദു ചെയ്യുമെന്ന് വ്യക്തമായി പറഞ്ഞിട്ടുമില്ല.
പുതിയ സര്‍ക്കാര്‍ ഉത്തരവിലൂടെ കുത്തകകള്‍ക്ക് കടല്‍ തീറെഴുതുകയും തദ്ദേശീയ സമൂഹത്തിന്റെ ഉപജീവന അവകാശം തടയുകയും ചെയ്യുന്ന നടപടികള്‍ക്കെതിരേ പ്രക്ഷേഭം സംഘടിപ്പിക്കുമെന്ന് കേരള മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss